ബെർലിൻ: രണ്ടു വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയനുള്ളിൽ റോമിങ് ചാർജ് ഇല്ലാതാക്കുമെന്ന് യൂറോപ്യൻ ഡിജിറ്റൽ ഇക്കണോമി കമ്മീഷണർ. 2017 രണ്ടാം പാദമാകുമ്പോഴേയ്ക്കും യൂറോപ്യൻ യൂണിയനിൽ റോമിങ് ഫീസ് ഇല്ലാതാക്കാനാണ് നീക്കമെന്നാണ് കമ്മീഷണർ വ്യക്തമാക്കിയത്.

ഇതുസംബന്ധിച്ച് യൂറോപ്യൻ കമ്മീഷൻ, 28 അംഗരാജ്യങ്ങൾ, യൂറോപ്യൻ പാർലമെന്റ് എന്നിവരെല്ലാം പൊതുധാരണയിലെത്തിയിട്ടുണ്ട്. ഇതിന്മേൽ നടപടി സ്വീകരിക്കാൻ ഉടൻ തുടങ്ങുമെന്നും കമ്മീഷണർ വെളിപ്പെടുത്തി.

നേരത്തെ റോമിങ് ചാർജ് ഇല്ലാതാക്കാൻ യൂറോപ്യൻ കമ്മീഷൻ പദ്ധതിയിട്ടിരുന്നെങ്കിലും പല ടെലികോം കമ്പനികളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിരുന്നു. 2016 മുതൽ റോമിങ് ചാർജ് റദ്ദാക്കാനായിരുന്നു ഒരു മാസം മുമ്പ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഉപഭോക്തൃസംഘടനകളും യൂറോപ്യൻ പാർലമെന്റും ഇതിനെ എതിർത്ത് രംഗത്തെത്തിയതിനെ തുടർന്ന് പുതിയ ധാരണയിലെത്തുകയായിരുന്നു.

2017 അവസാനത്തോടു കൂടി റോമിങ് ചാർജ് പൂർണമായും ഇല്ലാതാക്കുമ്പോൾ കമ്പനികൾക്ക് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ഏറെ സമയം മുന്നിലുണ്ടെന്ന്  കമ്മീഷണർ വ്യക്തമാക്കുന്നു. ടെലികോം മാർക്കറ്റിന് ഏറെ അനുകൂലമായ സാഹചര്യമാണ് യൂറോപ്യൻ യൂണിയനിലുള്ളത്. യൂറോപ്പിലാകമാനം 280 ടെലികോം കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇവരോട് മത്സരിക്കാൻ വരും വർഷങ്ങളിൽ ഇനിയും കമ്പനികൾ രംഗത്തെത്തിയെന്നിരിക്കുമെന്നും ഇത് ഉപയോക്താക്കൾക്ക് മികച്ച അവസരം നൽകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.