വിയന്ന: സാധാരണ പാശ്ചാത്യ നാടുകളിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നുണ്ടെന്നുമുള്ള ആരോപണം വിവിധ മുസ്ലിങ്രൂപ്പുകൾ പതിവായി ഉന്നയിക്കുന്ന പരാതിയാണ്. എന്നാൽ അത്തരം ആരോപണങ്ങൾക്കുള്ള ചുട്ട മറുപടിയെന്നോണമിതാ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ഒരു നിർണായകമായ വിധിയുണ്ടായിരിക്കുകയാണിപ്പോൾ. പ്രവാചകനെ ബാലപീഡകനെന്ന് വിളിച്ചതിന്റെ പേരിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള 47 കാരിയും എസ് എന്ന പേരിൽ മാത്രം വിശേഷിപ്പിച്ചിരിക്കുന്നതുമായ സ്ത്രീയെ ഓസ്ട്രിയൻ സുപ്രീം കോടതി ശിക്ഷിച്ചത് ശരി വച്ച് കൊണ്ടാണ് യൂറോപ്യൻ കോർട്ട് ഓഫ് ഹ്യുമൻ റൈറ്റ്സ് ഇപ്പോൾ വിധിച്ചിരിക്കുന്നത്.

സംസാരിക്കാനുള്ള തന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധി പുറപ്പെടുവിച്ചാണ് ഓസ്ട്രിയൻ സുപ്രീം കോടതി തന്നെ ശിക്ഷിച്ചതെന്ന് യൂറോപ്യൻ കോർട്ട് ഓഫ് ഹ്യുമൻ റൈറ്റ്സിൽ അപ്പീലിന് പോയ ഈ സ്ത്രീക്ക് ഇവിടെയും തിരിച്ചടിയുണ്ടായിരിക്കുകയാണ്.യുവതിയുടെ സംസാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് നൽകേണ്ടില്ലെന്നുമാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി വിധിച്ചിരിക്കുന്നത്. ആറ് വയസുകാരി അയ്ഷയെ വിവാഹം കഴിച്ചതിനാൽ പ്രവാചകനായ മുഹമ്മദിനെ ബാലപീഡകൻ എന്ന് വിളിക്കാമെന്ന് രണ്ട് സെമിനാറുകളിൽ സംസാരിച്ചതിന്റെ പേരിലായിരുന്നു ഈ സ്ത്രീയെ ഓസ്ട്രിയൻ കോടതി ശിക്ഷിച്ചിരുന്നത്.

ഇതിനെ തുടർന്ന് 2011 ഫെബ്രുവരിയിലായിരുന്നു വിയന്ന റീജിയണൽ ക്രിമിനൽ കോർട്ട് എസിനോട് 480 യൂറോ പിഴയും ലീഗൽ ഫീസും അടക്കാൻ ഉത്തരവിട്ടിരുന്നത്.തുടർന്ന് ഈ വിധിക്കെതിരെ ഈ സ്ത്രീ വിയന്ന അപ്പീൽ കോടതിയിലും ഓസ്ട്രിയൻ സുപ്രീം കോടതിയിലും പോയെങ്കിലും അവിടെയൊക്കം ഇവർ പരാജയപ്പെടുകയായിരുന്നു. തുടർന്ന് അവസാന ശ്രമമെന്ന നിലയിലാണ് സ്ത്രീ യൂറോപ്യൻ കോർട്ട് ഓഫ് ഹ്യുമൻ റൈറ്റ്സിൽ നീതി തേടിയെത്തിയിരുന്നത്. എന്നാൽ കീഴ്ക്കോടതികളുടെ വിധിയെ അംഗീകരിക്കുന്ന നിർണായക വിധിയാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി ഇന്നലെ നടത്തിയിരിക്കുന്നത്.

യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യുമൻ റൈറ്റ്സിലെ ആർട്ടിക്കിൾ പത്ത് (ഫ്രീഡംഓഫ് എക്സ്പ്രഷൻ) ഈ സ്ത്രീയുടെ കാര്യത്തിൽ നിഷേധിക്കപ്പെട്ടില്ലെന്നാണ് ഇസിഎച്ച്ആർ വിധിച്ചിരിക്കുന്നത്.പ്രവാചകനെതിരെ സ്ത്രീ നടത്തിയ ആരോപണം മുൻവിധിയോടെയും മതപരമായ സമാധാനം തകർക്കുന്നതുമാണെന്നാണ് യൂറോപ്യൻ കോടതി വിധി പ്രസ്താവനയിൽ വിശദീകരിക്കുന്നത്.അതിനാൽ ഓസ്ട്രിയൻ കോടതികൾ ഈ സ്ത്രീയെ ശിക്ഷിച്ച് കൊണ്ട് വിധിച്ചിരിക്കുന്നത് അത് പ്രകാരം ശരി വയ്ക്കുന്നുവെന്നും ഇസിഎച്ച്ആർ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.