ക്രിസ്ത്യൻ വിശ്വാസത്തിന്റെ പ്രതീകങ്ങളായ കൊന്തയും കുരിശും അടക്കം എല്ലാ മതചിഹ്നങ്ങളും തൊഴിൽ ഇടങ്ങളിൽ നിന്നും നിരോധിച്ചാൽ പിന്നെ ഇസ്ലാമിക് വസ്ത്രമായ ബുർഖയും നിരോധിക്കാമെന്ന് യൂറോപ്യൻ കോടതിയിലെ അഭിഭാഷകനും യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ അഡൈ്വസറുമായ അഡ്വക്കറ്റ് ജനറൽ ജൂലിയാനെ കോക്കോട്ട് നിർണായകമായ നിർദ്ദേശം മുന്നോട്ട് വച്ചു.കമ്പനിയുടെ ഡ്രസ് കോഡിന്റെയോ അല്ലെങ്കിൽ യൂമിഫോം പോളിസിയുടെയോ ഭാഗമായി കമ്പനിക്ക് മതപരമായതും രാഷ്ട്രീയപരമായതുമായ ചിഹ്നങ്ങളും വസ്ത്രങ്ങളും നിരോധിക്കാമെന്ന നിർദേശമാണ് കോക്കോട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിരോധനമേർപ്പെടുത്തുമ്പോൾ ഹിജാബ് പോലുള്ള മുസ്ലിം വസ്ത്രത്തിനെ അതിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിജാബ് ധരിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഫ്രാൻസിൽ കടുത്ത വിവാദങ്ങളാണ് അടുത്ത കാലത്ത് ഉയർത്തിയിരിക്കുന്നത്. ഇതിനിടെ ഇതാദ്യമായാണ് യൂറോപ്പിലെ ഉന്നത കോടതി ഈ ശിരോവസ്ത്രം നിരോധിക്കുന്നതിനുള്ള കേസ് കൈകാര്യം ചെയ്യുന്നത്. ജോലി സ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്ന കേസ് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിലേക്ക് റഫർ ചെയ്തിരിക്കുന്നത് ബെൽജിയൻ കോടതിയാണ്. ഇസ്ലാമിക് ശിരോവസ്ത്രം ധരിച്ച് ജോലിക്കെത്തിയതിന്റെ പേരിൽ ഡിസ്മിസ് ചെയ്യപ്പെട്ട ഒരു സ്ത്രീയുട കേസായിരുന്നു ഇവിടെ വിചാരണയ്ക്കെടുത്തിരുന്നത്. തനിക്ക് ഇതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഇവർ കോടതിയിൽ എത്തിയിരുന്നത്.

ബെൽജിയൻ കമ്പനിയായ ജി4എസ് സെക്യൂർ സൊല്യൂഷനിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഈ സ്ത്രീ. ഈ സ്ഥാപനത്തിൽ മതപരമായ വസ്ത്രങ്ങൾക്കും പ്രതീകങ്ങൾക്കും അല്ലെങ്കിൽ രാഷ്ട്രീയപരമായ ചിഹ്നങ്ങൾക്കും നിരോധനമുണ്ട്.ഈ നിയമം ലംഘിച്ച് ബുർഖ ധരിച്ച് ജോലിക്ക് വന്നതിന്റെ പേരിലായിരുന്നു ഈ സ്ത്രീയെ പിരിച്ച് വിട്ടിരുന്നത്.ഒരു തൊഴിലാളി തന്റെ ലിംഗം, തൊലിയുടെ നിറം, വംശം, വയസ്, വികലാംഗത്വം തുടങ്ങിയവ ജോലി സ്ഥലത്ത് പ്രകടിപ്പിക്കരുതെന്നും തന്റെ മതവിശ്വാസം മിതമായ തോതിൽ മാത്രമേ തൊഴിൽ സ്ഥലത്ത് പ്രകടിപ്പിക്കാൻ പാടുള്ളുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കോടതി അഡ്വക്കേറ്റ് ജനറലായ കോക്കോട്ട് തന്റ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.ഇവരുടെ നിർദ്ദേശം ഉറപ്പായും നടപ്പിലാക്കുകയില്ലെങ്കിലും അഡ്വക്കറ്റ് ജനറലിന്റെ ഇത്തരം നിർദേശങ്ങൾ കോടതി സാധാരണയായി സ്വീകരിക്കാൻ സാധ്യതയേറെയാണ്.

ഇതുമായി ബന്ധപ്പെട്ട ഇസിജെ ഉത്തരവ് ഈ വർഷം അവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമായിരിക്കും ബെൽജിയൻ കോടതി ഈ വിഷയത്തിൽ വിധി പുറപ്പെടുവിപ്പിക്കുന്നത്. ഫ്രാൻസിലും ബെൽജിയത്തിലും ഇപ്പോൾ തന്നെ ശിരോവസ്ത്രത്തിന് സ്‌കൂളുകളിലും പൊതു സ്ഥാപനങ്ങളിലും നിരോധനമുണ്ട്. ടീച്ചർമാർ സ്‌കൂളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ജർമനിയിലെ ഉന്നത കോടതി കഴിഞ്ഞ വർഷം വിധി പുറപ്പെടുവിച്ചിരുന്നു.