- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പോർച്ചുഗൽ. വാട്ടർ. കോക്ക കോള'; റോണോ-കോക്ക കോള വിവാദം പുതിയ തലത്തിലേക്ക്; യൂറോയിൽ പുതിയ ചർച്ചയായി പോർച്ചുഗീസ് ആരാധകർ ഗാലറിയിൽ ഉയർത്തിയ ബാനർ
മ്യൂണിക്ക്: യുവേഫയുടെ താക്കീതോടെ വിരാമമിടുമെന്ന് കരുതിയ യൂറോ കപ്പിലെ 'കോള വിവാദം' വീണ്ടും ചൂടുപിടിക്കുകയാണ്. കഴിഞ്ഞ ദിവസം ജർമനിക്കെതിരായ മത്സരത്തിനിടെ കോള വിവാദവുമായി ബന്ധപ്പെട്ട് പോർച്ചുഗീസ് ആരാധകർ ഗാലറിയിൽ ബാനർ ഉയർത്തിയതാണ് പുതിയ സംഭവം. 'പോർച്ചുഗൽ. വാട്ടർ. കോക്ക കോള' എന്ന ക്രമത്തിൽ എഴുതിയതാണ് ബാനർ. ഗാരെത് ബെയ്ലിനെ കുറിച്ച് വെയ്ൽ ആരാധകർ മുമ്പ് ഉയർത്തിയ 'വെയ്ൽസ്, ഗോൾഫ്, മാഡ്രിഡ്' ബാനർ ഓർമ്മിപ്പിക്കുന്നതാണ് പോർച്ചുഗീസ് ആരാധകരുടെ ബാനർ എന്നാണ് ദ് സൺ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട്.
യൂറോ കപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികൾ എടുത്തുമാറ്റിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടി വലിയ ചർച്ചയായിരുന്നു. യൂറോയുടെ ഔദ്യോഗിക സ്പോൺസർമാരുടെ ഉൽപന്നങ്ങൾ കളിക്കാർ എടുത്തുമാറ്റുന്നതിനെ വിമർശിച്ച് യുവേഫ ഇതിന് പിന്നാലെ രംഗത്തെത്തി. ഇതിന് പിന്നാലെ വിവാദം തെല്ലൊന്നടങ്ങിയെങ്കിലും കുപ്പികൾ എടുത്തുമാറ്റിയ റോണോയുടെ നീക്കം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്
ഔദ്യോഗിക സ്പോൺസർമാരുടെ ഉൽപന്നങ്ങൾ കളിക്കാർ എടുത്തുമാറ്റുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് യുവേഫ മുന്നറിയിപ്പ് നൽകിയിരുന്നു. സ്പോൺസർമാരുടെ ഉൽപന്നങ്ങൾ എടുത്തുമാറ്റുന്നത് കളിക്കാർ ഒരു ട്രെൻഡായി അനുകരിക്കാൻ തുടങ്ങിയതോടെയാണ് യുവേഫയുടെ നീക്കം. കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ ഉടൻ നിർത്തണമെന്ന് യുവേഫ ടീമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്പോൺസർമാരുടെ പിന്തുണയില്ലാതെ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ കഴിയില്ല എന്ന നിലപാട് യുവേഫ വ്യക്തമാക്കുന്നു.
മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികൾ എടുത്തുമാറ്റി പകരം വെള്ളക്കുപ്പികൾ വയ്ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തത്. ഇതിന് പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം വാർത്താസമ്മേളനത്തിനിടെ ഫ്രഞ്ച് താരം പോൾ പോഗ്ബ മേശപ്പുറത്തിരുന്ന ഹെനികെയ്നിന്റെ ബിയർ കുപ്പി എടുത്തുമാറ്റിയതും ചർച്ചയായി. ഇറ്റാലിയൻ താരം ലോക്കാടെല്ലിയും വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി മേശപ്പുറത്തുനിന്ന് മാറ്റിവച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്