റോം: യൂറോ കപ്പ് ഫുട്‌ബോളിന് നാളെ കിക്കോഫ്. മുൻ ചാമ്പ്യന്മാരായ ഇറ്റലി ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ നേരിടും. പതിനൊന്ന് വേദികളിലായി 24 ടീമുകളാണ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത്. 2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് കിക്കോഫ്.

യൂറോ കപ്പ് ഫുട്ബോളിന് അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാൽ ഫുട്‌ബോളിൽ ഏറ്റവും പ്രാമുഖ്യമുള്ളതാണ് യൂറോപ്പിലെ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ഈ ടൂർണമെന്റ്. ആകെ ആറ് ഗ്രൂപ്പുകൾ. എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ.

മരണഗ്രൂപ്പായ എഫിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ചാമ്പ്യന്മാരായ ജർമനിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഹങ്കറിയും നേർക്കുനേർ വരും. ജൂൺ ഇരുപത്തിയാറിന് പ്രീക്വാർട്ടറും ജൂലൈ രണ്ടിന് ക്വാർട്ടർ ഫൈനലും ഏഴിനും എട്ടിനും സെമിഫൈനലും നടക്കും. വിഖ്യാത വെംബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11നാണ് ഫൈനൽ.

യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന ഒട്ടുമിക്ക താരങ്ങൾ യൂറോയുടെ മാറ്റ്കൂട്ടുന്നു. ക്ലബ്ബ് ഫുട്‌ബോളിൽ ഒരുമിച്ച് കളിക്കുന്ന താരങ്ങൾ നേർക്കുനേർ വരുന്ന രസകരമായ പോരാട്ടങ്ങൾക്ക് കൂടി ഈ ടൂർണമെന്റ് സാക്ഷിയാകും. ഒന്നിലധികം രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ അതാത് രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താകും കാണികൾക്ക് പ്രവേശനം നൽകുക.

നിലവിലെ ചാമ്പ്യന്മാരുടെ പകിട്ടുമായെത്തുന്ന പോർച്ചുഗൽ, ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, മുൻ ചാമ്പ്യന്മാരായ ജർമനി, ഇറ്റലി, സ്പെയിർൻ, നെതർലൻഡ്സ്, കന്നിക്കിരീടം എന്ന ലക്ഷ്യത്തോടെ വരുന്ന ഇംഗ്ലണ്ട്, ലോക ഒന്നാം നമ്പർ ടീമായ ബൽജിയം എന്നിവരെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച ടീമുകളാണ്.

ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് മരണ ഗ്രൂപ്പായ എഫിനെ കുറിച്ചാണ്. ഫ്രാൻസ്, ജർമനി, പോർച്ചുഗൽ എന്നീ ശക്തരായ ടീമുകൾക്കൊപ്പം പെട്ടിരിക്കുകയാണ് ഹംഗറി ടീം. ഇതിൽ എല്ലാവരും കിരീട സാധ്യത പതിച്ചു നൽകുന്ന ഫ്രാൻസ് ടീമിന് മികവുറ്റ ഒരു നിര തന്നെയാണ് ഉള്ളത്. ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ് യൂറോയിലും തകർപ്പൻ പ്രകടനം നടത്തി കഴിഞ്ഞ വട്ടം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുമെന്ന് ഏവരും കരുതുന്നു.

നിലവിലെ ചാമ്പ്യന്മാരുടെ പകിട്ടുമായെത്തുന്ന പോർച്ചുഗൽ, റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ടീം താരസമ്പന്നമാണ്. ബ്രൂണോ ഫെർണാണ്ടസ്, ജോയോ കാൻസെലൊ, റൂബെൻ ഡയെസ്, ദ്യേഗോ ജോട്ട, ബെർണാഡോ സിൽവ, പെപെ തുടങ്ങിയ മിന്നുംതാരങ്ങളും ഒപ്പം ചേർന്നാൽ പോർച്ചുഗലിനെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കും.

ഫ്രാൻസ് ലോകകപ്പിനൊപ്പം യൂറോയുടെ കിരീടവും കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. എംബാപ്പെ, ഒൺടോയ്ൻ ഗ്രീസ്മാൻ, കരിം ബെൻസെമ, എൻഗോളോ കാന്റെ, പോൾ പോഗ്ബ, ബഞ്ചമിൻ പവാർദ് തുടങ്ങി ലോകോത്തര താരങ്ങളാണ് ഫ്രഞ്ച് ടീമിൽ.തോൽവിയറിയാതെ കുതിക്കുന്ന ഇറ്റലിയാണ് മറ്റൊരു പ്രധാന സംഘം. സന്നാഹമത്സരങ്ങളിൽ മിന്നി. ലോറെൻസോ ഇൻസിന്യെ, ഫെഡെറികോ ചിയേസ, സിറോ ഇമ്മൊബീൽ എന്നിവർ മുന്നേറ്റത്തിലും ലിയനാർഡോ ബൊനൂഷി, ജോർജിനോ കില്ലെനി എന്നിവർ പ്രതിരോധത്തിലും റോബർട്ടോ മാൻസീനിയുടെ സംഘത്തിന് ഉണർവ് പകരുന്നു.

ജർമനിക്ക് അവരുടെ പരിശീലകനായ യോക്കിം ലോക്ക് മികച്ച ഒരു യാത്രയയപ്പ് നൽകുക എന്ന ലക്ഷ്യമമാണുള്ളത്. ഒന്നര പതിറ്റാണ്ട് കാലം അവരുടെ പരിശീലകനായി അവർക്ക് ലോകകപ്പ് അടക്കം നേടി കൊടുത്തിട്ടുള്ള പരിശീലകനാണ് ലോ.

ഹാരി കെയ്നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിന്റെയും ഒരുക്കം മികച്ചതായിരുന്നു. ഫിൽ ഫോദെനും ജെയ്ഡൻ സാഞ്ചോയും ഉൾപ്പെടുന്ന യുവനിര ഇക്കുറി അത്ഭുതങ്ങൾ കാട്ടുമെന്നാണ് പ്രതീക്ഷ.

മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ കോവിഡ് പ്രതിസന്ധിയിൽ വലയുകയാണ് അവരുടെ ക്യാപ്റ്റനായ സെർജിയോ ബുസ്‌ക്വെറ്റ്സും പ്രതിരോധ നിരയിലെ ഡിയേഗോ ലോറന്റെയും രോഗം സ്ഥിരീകരിച്ചതിനാൽ ഐസോലേഷണിൽ കഴിയുകയാണ്. കറുത്ത കുതിരകളാവൻ ഒരുങ്ങുന്ന തുർക്കി, ലോകകപ്പ് റണ്ണർ അപ്പുകളായ ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, റോബർട്ട് ലെവൻഡോസ്‌കി നയിക്കുന്ന പോളണ്ട്, ഐസ്ലൻഡ് എന്നീ ടീമുകളും അട്ടിമറിക്ക് കെൽപ്പുള്ളവരാണ്.

ഇറ്റലി തുർക്കി സ്വിറ്റ്‌സർലൻഡ് വെയ്ൽസ് എന്നീ ടീമുകൾ കൂടി അണിനിരക്കുന്ന എ ഗ്രൂപ്പിൽ മുൻതൂക്കം ഇറ്റലിക്ക് തന്നെയാണ്.സോണി നെറ്റ്‌വർക്കിൽ തൽസമയ സംപ്രേഷണം ഉണ്ടാകുന്നതായിരിക്കും.