- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ കപ്പ്: ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ നെതർലൻഡ്സ്; ഓസ്ട്രിയക്കും ഉക്രൈനും ജീവന്മരണ പോരാട്ടം; ബെൽജിയത്തിനൊപ്പം പ്രീ ക്വാർട്ടറിലേക്ക് ആര്?; ഗ്രൂപ്പ് ബിയിൽ ഇന്ന് ചിത്രം തെളിയും
ആംസ്റ്റർഡാം: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ ഗ്രൂപ്പ് ബിയിൽ നിന്നും ആരൊക്കെ പ്രീ ക്വാർട്ടറിലെത്തുമെന്ന് ഇന്നറിയാം. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ നെതർലൻഡ്സ്, നോർത്ത് മാസിഡോണിയയെയും ഉക്രൈൻ, ഓസ്ട്രിയയേയും നേരിടും. രാത്രി ഒൻപതരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.
മൂന്ന് പോയിന്റും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ടാണ് നെതർലൻഡ്സ് ഇറങ്ങുന്നത്. അതേസമയം രണ്ട് കളിയും തോറ്റ് മുന്നോട്ടുള്ള വഴികൾ നേരത്തേയടഞ്ഞ നോർത്ത് മാസിഡോണിയക്ക് സമനില പോലും സന്തോഷം നൽകും. ഉക്രൈനെയും ഓസ്ട്രിയയേയും തോൽപിച്ച നെതർലൻഡ്സിന് നോർത്ത് മാസിഡോണിയ വെല്ലുവിളിയാവാൻ ഇടയില്ല. പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചതിനാൽ കോച്ച് ഫ്രാങ്ക് ഡിബോയർ ഡച്ച് നിരയിൽ മാറ്റം വരുത്തിയേക്കും.
ഇരു ടീമും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും നെതർലൻഡ്സ് ജയിച്ചപ്പോൾ ഒരു കളി സമനിലയിൽ അവസാനിച്ചു.അതേസമയംഓസ്ട്രിയക്കും ഉക്രൈനും ജീവന്മരണ പോരാട്ടമാണിന്ന്. ജയിക്കുന്നവർ പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കും. തോൽക്കുന്നവർ നാട്ടിലേക്ക് മടങ്ങും. നോർത്ത് മാസിഡോണിയയെ തോൽപിച്ച ഇരു ടീമിനും മൂന്ന് പോയിന്റ് വീതമുണ്ട്. ഓസ്ട്രിയ, ഉക്രൈൻ ടീമുകളിൽ ആർക്കും പരിക്കില്ല. അതിനാൽ ഏറ്റവും മികച്ച ടീമിനെ അണിനിരത്താൻ ടീമുകൾക്ക് അവസരമുണ്ട്.
കളി സമനിലയിലായാൽ ഭാഗ്യം ഗോൾ ശരാശരിയിൽ ഉക്രൈനൊപ്പമാവും. ഇതിന് മുൻപ് ഇരുടീമും രണ്ട് കളിയിൽ മാത്രം ഏറ്റുമുട്ടിയപ്പോൾ ഓരോ ജയവുമായി കണക്കിൽ ഒപ്പത്തിനൊപ്പമാണ്.
ഗ്രൂപ്പ് ബിയിലും ഇന്ന് ചിത്രം വ്യക്തമാകും. പ്രീ ക്വാർട്ടർ ഉറപ്പിച്ച ബെൽജിയം, ഫിൻലൻഡിനെ നേരിടുമ്പോൾ റഷ്യക്ക്, ഡെന്മാർക്കാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.രണ്ട് കളിയിൽ അഞ്ച് ഗോളടിച്ച് ആറ് പോയിന്റുമായി ബെൽജിയം സുരക്ഷിത സ്ഥാനത്താണ്. ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിടുമ്പോൾ ആദ്യ കടമ്പ കടക്കണമെങ്കിൽ ഫിൻലാൻഡിന് ജയം അനിവാര്യം.
കെവിൻ ഡിബ്രൂയിൻ കൂടി തിരിച്ചെത്തിയതോടെ ബെൽജിയം അതിശക്തരായിക്കഴിഞ്ഞു. എന്നാൽ ചരിത്രത്തിന്റെ പിന്തുണ ഫിൻലൻഡിനൊപ്പമാണ്. ബെൽജിയം 53 വർഷമായി ഫിൻലൻഡിനെ തോൽപിച്ചിട്ട്. അവസാന ജയം 1968ലായിരുന്നു. ഇതിന് ശേഷം ഏറ്റുമുട്ടിയ ഏഴ് കളിയിൽ നാലിലും ഫിൻലൻഡ് ജയിച്ചു. ബാക്കി മൂന്നും സമനിലയിൽ അവസാനിച്ചു. ഫിൻലൻഡിനെതിരെ ഇന്നുവരെ ആകെ മൂന്ന് കളിയിലേ ബെൽജിയത്തിന് ജയിക്കാനുമായിട്ടുള്ളൂ.
ഡെന്മാർക്കിനെ നേരിടുന്ന റഷ്യയുടെ സ്ഥിതിയും ഇതുതന്നെ. റഷ്യക്കും ഫിൻലൻഡിനും മൂന്ന് പോയിന്റ് വീതം. അവസാന മത്സരത്തിൽ ജയിക്കുന്നവർ ബെൽജിയത്തിനൊപ്പം പ്രീ ക്വാർട്ടറിലെത്തും. അതേസമയം ടൂർണമെന്റിലെ രണ്ട് കളിയിലും അടിതെറ്റിയ ഡെന്മാർക്കിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് റഷ്യ. ക്രിസ്റ്റ്യൻ എറിക്സന്റെ അഭാവത്തിൽ റഷ്യയെ മറികടക്കുക ഡെന്മാർക്കിന് എളുപ്പമാവില്ല. ഇരു ടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയത് ഒരിക്കൽ മാത്രം. ഒൻപത് വർഷം മുൻപ് ആദ്യമായി നേർക്കുനേർ വന്നപ്പോൾ രണ്ട് ഗോൾ ജയം റഷ്യക്കൊപ്പമായിരുന്നു.
സ്പോർട്സ് ഡെസ്ക്