- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ കപ്പ്: ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം; ഇംഗ്ലണ്ടും ഡെന്മാർക്കും നേർക്കുനേർ; ക്യാപ്റ്റന്റെ ഫോമിൽ ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ട്
വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. വെംബ്ലിയിൽ ഇംഗ്ലണ്ട് രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന സെമിയിൽ ഡെന്മാർക്കിനെ നേരിടും. ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ശരിവച്ചാണ് ഇരുവരെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അതേസമയം സർപ്രൈസ് പാക്കേജുമായാണ് ഡെന്മാർക്ക് അമ്പരപ്പിക്കുന്നത്. ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് യൂറോ കപ്പിലെ ആദ്യ ഫൈനലെങ്കിൽ 1992ൽ കിരീടമുയർത്തിയ മാന്ത്രിക പ്രകടനം ആവർത്തിക്കാനാണ് ഡെന്മാർക്ക് ഒരുങ്ങുന്നത്.
സെമിയിൽ ഉക്രെയ്നെ നാല് ഗോളിന് തകർത്ത ഇംഗ്ലണ്ട് ഇതുവരെ ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല. നായകൻ ഹാരി കെയ്നെ മുന്നിൽ നിർത്തിയുള്ള 4-2-3-1 ഫോർമേഷനിൽ തന്നെയാവും കോച്ച് ഗാരെത് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തുക.ക്രിസ്റ്റ്യൻ എറിക്സൻ മരണം മുന്നിൽ കണ്ടപ്പോൾ വിറങ്ങലിച്ചുപോയ ഡെന്മാർക്ക് പിന്നീടങ്ങോട്ട് കളിയും തന്ത്രങ്ങളും മാറ്റുകയായിരുന്നു. അഞ്ച് കളിയിൽ 11 ഗോൾ നേടി. ക്വാർട്ടറിൽ ചെക് റിപ്പബ്ലിന് ചെക്ക് വച്ചാണ് ഡാനിഷ് മുന്നേറ്റം. ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ ഹാരി കെയ്നെയും സംഘത്തേയും തോൽപിക്കുക അത്ര എളുപ്പമല്ലെന്ന യാഥാർഥ്യം ഡാനിഷ് കോച്ച് കാസ്പർ യൂൾമണ്ടിന് നന്നായറിയാം.
ഇംഗ്ലണ്ടും ഡെന്മാർക്കും നേർക്കുനേർ വരുന്ന ഇരുപത്തിരണ്ടാം മത്സരമാണിത്. ഇംഗ്ലണ്ട് 12 കളിയിലും ഡെന്മാർക്ക് നാല് കളിയിലും ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡെന്മാർക്ക് ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു.
സ്പെയ്നിനെ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കപ്പ് ഫൈനലിലെത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്