ലില്ലെ മെട്രോപോളെ: ആദ്യമേ യോഗ്യത നേടിയ ഫ്രാൻസുമായി സമനില നേടി സ്വിറ്റ്‌സർലൻഡ് യൂറോകപ്പ് പ്രീ ക്വാർട്ടറിൽ കടന്നപ്പോൾ റുമാനയക്കെതിരെ ചരിത്ര വിജയം കുറിച്ച് അൽബേനിയ ടൂർണ്ണമെന്റിൽ നിന്ന് പുറത്തായി.

ആതിഥേയരായ ഫ്രാൻസിനെ ഗോൾരഹിത സമനിലയിൽ തളച്ച് സ്വിറ്റ്‌സർലൻഡ് യൂറോകപ്പ് പ്രീ-ക്വാർട്ടർ ഫൈനലിൽ കടന്നത്. ഗ്രൂപ്പ് ചാംപ്യന്മാരായി ഫ്രാൻസ് നേരത്തെ തന്നെ പ്രീ-ക്വാർട്ടറിലെത്തിയിരുന്നു. റുമാനിയയെ 1-0നു തോൽപിച്ച് അൽബേനിയ പ്രതീക്ഷ നിലനിർത്തി. എല്ലാ ഗ്രൂപ്പിലെയും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലേക്കു കടക്കാം. ഒരു മേജർ ടൂർണമെന്റിൽ അൽബേനിയയുടെ ആദ്യ ജയമാണിത്. അർമാൻഡോ സാദികുവാണ് വിജയഗോൾ നേടിയത്. മൂന്നു കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള റുമാനിയ പുറത്തായി.

സ്വിറ്റ്‌സർലൻഡിനെതിരെ നിർഭാഗ്യം ഫ്രാൻസിനെ പലവട്ടം പിടികൂടി. ആദ്യ പകുതിയിൽ പോൾ പോഗ്ബയുടെ രണ്ടു ഷോട്ടുകൾ ക്രോസ് ബാറിലിടിച്ചു മടങ്ങി. രണ്ടാം പകുതിയിൽ ദിമിത്രി പായെറ്റിനും അതേ വിധി തന്നെ. ആദ്യമായി ഒരു മേജർ ടൂർണ്ണമെന്റ് കളിക്കാനെത്തിയ അൽബേനിയയുടെ റുമാനിയക്കെതിരായുള്ള ജയം ചരിത്രമായി. ഈ യൂറോയിലെ അൽബേനിയയുടെ ആദ്യ ഗോളുമാണ് അർമാണ്ടൊ സാദികു നേടിയത്. 43ാം മിനിറ്റിലായിരുന്നു ആ ഗോൾ പിറന്നത്. ലെഡിയൻ മെമുഷാജിന്റെ ക്രോസിൽ അർമാണ്ടൊ സാദികു ഹെഡ്ഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

ഇതോടെ ഗ്രൂപ്പ് എ യിലെ അവസാന ഘട്ട മത്സരങ്ങൾ പൂർത്തിയായി. ആദ്യ മത്സരത്തിൽ അൽബേനിയെ പരാജയപ്പെടുത്തുകയും രണ്ടാം മത്സരത്തിൽ റുമാനിയയോട് സമനില നേടുകയും ചെയ്ത സ്വിറ്റ്‌സർലൻഡിന് പ്രീ ക്വാർട്ടറിലെത്താൻ ഇന്നത്തെ സമനില ധാരളമയിരുന്നു. മുന്നാം സ്ഥാനത്തുണ്ടായിരുന്ന റുമാനിയക്ക് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ അൽബേനിയയെ നല്ല മാർജിനിൽ പരാജയപ്പെടുത്തുകയും സ്വിറ്റ്‌സർലൻഡ് ഫ്രാൻസിനോട് പരാജയപ്പെടുകയും വേണമായിരുന്നു. ആദ്യമായാണ് സ്വിറ്റ്‌സർലൻഡ് യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ കടക്കുന്നത്.