പാരിസ് : യൂറോ കപ്പ് ഫുട്‌ബോളിൽ സ്‌പെയിനെ തോൽപിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്മാർ. ആദ്യ രണ്ടു കളിയിൽ ജയവുമായി നേരത്തെ പ്രീ-ക്വാർട്ടർ ഉറപ്പിച്ച സ്‌പെയിനെ 2-1നാണ് ക്രൊയേഷ്യ അട്ടിമറിച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായതോടെ ഇറ്റലിയാണ് പ്രീ-ക്വാർട്ടറിൽ സ്‌പെയിന്റെ എതിരാളികൾ. ഗ്രൂപ്പിലെ രണ്ടാം മൽസരത്തിൽ തുർക്കി ചെക്ക് റിപ്പബ്ലിക്കിനെ 2-0നു തോൽപ്പിച്ചു. ഗ്രൂപ്പ് സി പോരാട്ടങ്ങളിൽ ജയവുമായി ജർമനിയും പോളണ്ടും പ്രീ-ക്വാർട്ടറിൽ കടന്നു. ജർമനി വടക്കൻ അയർലൻഡിനെ 1-0നു തോൽപിച്ചപ്പോൾ പോളണ്ട് അയൽക്കാരായ യുക്രെയ്‌നെ ഇതേ സ്‌കോറിനു മറികടന്നു.

ക്രൊയേഷ്യയ്‌ക്കെതിരെ ഏഴാം മിനിറ്റിൽ അൽവാരോ മൊറാത്തയുടെ ഗോളിൽ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. ഇടവേളയ്ക്കു തൊട്ടു മുൻപ് കാലിനിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. 87-ാം മിനിറ്റിലായിരുന്നു പെരിസിച്ചിന്റെ വിജയഗോൾ. ഇതോടെ നിലവിലെ ചാമ്പ്യന്മാർ തോൽവി സമ്മതിച്ചു. ഗ്രൂപ്പ് സിയിൽ ജർമ്മിക്കും പോളണ്ടിനും ഏഴു പോയിന്റാണെങ്കിലും ഗോൾശരാശരിയിൽ ജർമനിയാണ് ഒന്നാം സ്ഥാനത്ത്. തുടക്കം തൊട്ടേ ആധിപത്യം പുലർത്തിയെങ്കിലും വടക്കൻ അയർലൻഡിനെതിരെ രണ്ടാമതൊരു ഗോൾ കണ്ടെത്താൻ ജർമനി പാടുപെട്ടു.

ജർമ്മനിയോട് പരാജയപ്പെട്ടെങ്കിലും മൂന്ന് പോയിന്റുള്ള വടക്കൻ അയർലൻഡ് മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്നു. ജയത്തോടെ ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിന്റുള്ള തുർക്കിക്ക് പ്രീ ക്വാർട്ടറിലെത്താമെന്ന നേരിയ പ്രതീക്ഷയുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരായി തുർക്കി പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചേക്കും.