- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പ് ഇറ്റലിയും കോവിഡ് ഇംഗ്ലണ്ടും സ്വന്തമാക്കിയെന്ന് ആക്ഷേപം; യൂറോ കപ്പിനായി തുറന്നിട്ടതോടെ കോവിഡ് പടരാൻ മറ്റൊരു കാരണമായെന്ന് ഭീതി; കുംഭമേളയെ പഴിച്ച ബിബിസി വെൽഡിന്റെ നാവ് എവിടെപ്പോയെന്ന് ഇന്ത്യക്കാർ; എല്ലാ കണ്ണുകളും ബോറിസ് ജോൺസണിലേക്ക്
ലണ്ടൻ: കപ്പു ഇറ്റലി കൊണ്ടുപോയപോൾ നാടെങ്ങും വിമർശനമേറ്റു വാങ്ങുന്നത് ഇംഗ്ലണ്ട് ടീം മാത്രമല്ല ബ്രിട്ടീഷ് സർക്കാരുമാണ്. നാലാഴ്ചയായി തുറന്നിട്ട സ്റ്റേഡിയങ്ങളിൽ ഇരച്ചു കയറിയ പതിനായിരങ്ങൾ കോവിഡിന്റെ പുത്തൻ വകഭേദമായ ഡെൽറ്റ വ്യാപനത്തിൽ നിർണായക പങ്കു വഹിക്കുമെന്ന് വ്യക്തമായി കഴിഞ്ഞു. കോവിഡ് സംബന്ധമായ പ്രോട്ടോകോൾ കാറ്റിൽ പറത്തിയാണ് മത്സരങ്ങൾ നടന്നതെന്ന ആക്ഷേപവും ശക്തമാണ്. ജനങ്ങളിൽ നല്ല പങ്കും വാക്സിൻ എടുത്തെന്ന ന്യായത്തിൽ ഇത്തരത്തിൽ ഒരു നിയന്ത്രണവും ഇല്ലാതെ ആളെക്കൂട്ടിയതിനു രാജ്യം വീണ്ടും വലിയ വില നൽകേണ്ടി വരും എന്ന മുന്നറിയിപ്പാണ് ഇപ്പോൾ ലഭ്യമാകുന്നത്. മത്സരത്തിൽ ഇംഗ്ലണ്ട് തോൽക്കുക കൂടി ചെയ്തതോടെ വിമർശവും ശക്തമായി.
അതിനിടെ ഇന്ത്യയിൽ കുംഭമേള നടന്നപ്പോൾ ആൾക്കൂട്ടം ഉണ്ടായി എന്ന വിമർശം ഉയർത്തിയ ബിബിസി വേൾഡിനെയും ഇന്ത്യക്കാർ വെറുതെ വിടുന്നില്ല. ഇന്ത്യയിലും ഒന്നാം തരംഗം നിയന്ത്രിക്കപ്പെട്ടപ്പോഴാണ് കുംഭമേളയടക്കം തടസമില്ലാതെ അനേകം ചടങ്ങുകൾ ആരംഭിച്ചത്. ഇതാണ് രണ്ടാം തരംഗത്തിന് വഴി ഒരുക്കിയതെന്ന് ഇന്ത്യൻ മാധ്യമങ്ങൾക്കൊപ്പം വിദേശ മാധ്യമങ്ങളും കണക്കറ്റ പരിഹാസത്തോടെ ചൂണ്ടിക്കാട്ടുക ആയിരുന്നു.
ഇപ്പോൾ അന്ന് ബിബിസി ഉയർത്തിയ ആക്ഷേപങ്ങൾക്കാണ് ഇന്ത്യൻ സോഷ്യൽ മീഡിയ ആരാധകർ മറുപടിയുമായി യൂറോ കപ്പിന്റെ ആൾക്കൂട്ട കണക്കുകളുമായി എത്തിയിരിക്കുന്നത്. മത്സരം തുടങ്ങും മുൻപും മത്സര ശേഷവും നിയന്ത്രണമില്ലാത്ത ആൾക്കൂട്ടം ഇരമ്പി പാഞ്ഞത് ബ്രിട്ടീഷ് സർക്കാരിന് മറുപടിക്കോ ന്യായത്തിനോ പോലുമോ അവസരം നൽകാതെയുമാണ്.
ഡെന്മാർക്കിനെ ഇംഗ്ലണ്ട് സെമിയിൽ തോൽപ്പിച്ചത് മുതൽ ഇംഗ്ലണ്ടിലെ ഫുട്ബാൾ പ്രാന്തന്മാർ യാതൊരു നിയന്ത്രണം കൂടാതെ അഴിഞ്ഞാടുക ആണെന്നാണ് ഇന്ത്യൻ സോഷ്യൽ മീഡിയ ആരോപിക്കുന്നത്. ഇത്തരം കാഴ്ചകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുമ്പോൾ ആഘോഷമാക്കുന്ന ബിബിസിക്ക് എന്തേ സ്വന്തം കണ്മുന്നിൽ കാണുന്ന ഈ ആഭാസങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മടിയെന്നും ഇന്ത്യൻ ആരാധകർ ചോദിക്കുന്നു.
നിലവിൽ യുകെയിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം പതിനായിരക്കണക്കിന് ആയതോടെ അന്താാരഷ്ട്ര മാധ്യമങ്ങൾ ഫുട്ബോളിന്റെ പേരിൽ സ്റ്റേഡിയങ്ങൾ തുറന്നിട്ട നടപടിയിൽ വിമർശനം ഉയർത്തണമെന്ന് ട്വിറ്ററിൽ ആവശ്യം ശക്തമാണ്. വെംബ്ലി സ്റ്റേഡിയത്തിലെ ചിത്രം വൈറൽ ആയതോടെ ആയിരങ്ങളാണ് ആവശത്തോടെ ബിബിസിയെയും ബ്രിട്ടനേയും കളിയാക്കി റീപോസ്റ്റ് ചെയ്യുന്നത്.
എന്നാൽ മത്സര ഫലം വിപരീതം ആയതോടെ ബ്രിട്ടനിലും ഫുട്ബാൾ നടത്തിപ്പ് ചോദ്യം ചെയ്യാൻ അനേകം ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. അടുത്ത വ്യാപനം രൂക്ഷമായാൽ അതിനു ഫുട്ബാൾ സ്റ്റേഡിയങ്ങൾ നൽകിയ സംഭാവന ഏറെ വലുതായിരിക്കും എന്നാണ് ഇത്തരക്കാർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത തിങ്കളാഴ്ച ബോറിസ് ജോൺസൺ കോവിഡ് നിയന്ത്രങ്ങൾ നീക്കാനിരിക്കെ വീണ്ടും കോവിഡ് ഭീതി വർധിപ്പിക്കാൻ മാത്രമേ എഫ് എ കപ്പ്, യൂറോ കപ്പ് മത്സരങ്ങൾ സഹായമായിട്ടുള്ളൂ എന്ന വിലയിരുത്തലാണ് എവിടെയും.
പൊതുവെ ഫുട്ബോൾ പ്രാന്തമാന്മാരായ ബ്രിട്ടീഷുകാർ ഏറെക്കാലം കൂടി ലഭിച്ച സ്വാതന്ത്രം കോവിഡിനെ വകവയ്ക്കാതെ ആർത്തുല്ലസിച്ചു അർമാദിക്കുന്ന ചിത്രങ്ങളാണ് യുകെയിലെയും വിദേശത്തെയും മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇതോടെ എല്ലാ കണ്ണുകളും ബോറിസിലേക്കു തിരിയുകയാണ്. അദ്ദേഹം ഇളവുകൾ പൂർണമായും പ്രഖ്യാപിക്കുമോ എന്ന ആശങ്കയും ഇക്കാരണത്താൽ സജീവമാകുകയാണ്.
അതിനിടെ ഇംഗ്ലണ്ടിന് ജയിക്കാൻ ഒരു ന്യായവും ഇല്ലെന്നു ഇന്നലെ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്ന് സത്യമായി മാറിയിരിക്കുന്നു. കൊറിയർ ഡെല്ലോ സ്പോർട്സ് ഇന്നലെ എഴുതിയത് ലോകത്തിന്റെ മുഴുവൻ പിന്തുണയും ഇറ്റലിക്കൊപ്പം ഉണ്ടെന്നാണ്. എന്നാൽ മെസേജെറോ എന്ന പത്രം അൽപം കരുതലോടെയാണ് യൂറോ കപ്പ് വാർത്ത നൽകിയത്, യൂറോപ്പ് ഒന്നാകെ ഇറ്റലിയുടെ വിജയം കാത്തിരിക്കുന്നു എന്നായിരുന്നു അവരുടെ തലക്കെട്ട്.
ലാ സ്റ്റാമ്പാ എന്ന പത്രം അൽപം കൂടി കടന്നു മത്സരത്തെ ബ്രക്സിറ്റ് രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുകയും ചെയ്തു. യൂറോപ്പിൽ ഉള്ളവർ ഇംഗ്ലണ്ടിനെ കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിച്ചാണ് ഇന്നലെ അവർ ഫുട്ബോൾ റിപ്പോർട്ടിങ് നടത്തിയത്. ബോറിസിന് പൊടുന്നനെ ഉണ്ടായ ഫുട്ബോൾ പ്രേമത്തെയും ബോറിസും പത്നി കാരി സിമ്മണ്ട്സും ഡെന്മാർക്കുമായുള്ള സെമി കാണാൻ എത്തിയതും ഒക്കെ ഈ പത്രം ചോദ്യം ചെയ്യുന്നുണ്ട്.