പാരീസ്: സൂപ്പർ താരം ഗാരെത് ബെയ്‌ലിന്റെ തിളക്കമാർന്ന പ്രകടനത്തിനും തോൽവിയിൽ നിന്ന് വെയ്ൽസിനെ രക്ഷിക്കാനായില്ല. അയൽക്കാരായ ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ രണ്ടു ഗോളിനു വെയിൽസ് മുട്ടുമടക്കി.

ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. കളിയുടെ 42-ാം മിനിട്ടിൽ ഗാരെത് ബെയ്ൽ തന്നെയാണു വെയ്ൽസിനായി സ്‌കോർ ചെയ്തത്.

ഗോൾ കടവുമായി ഇടവേളയ്ക്കു പോയ ഇംഗ്ലണ്ട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കി. 56 -ാം മിനിറ്റിൽ ജാമി വാർഡിയാണു ഗോൾ നേടിയത്. ഇരുടീമുകളും പിന്നീട് ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും വല കുലുക്കാനായില്ല.

ഒടുവിൽ അവസാന നിമിഷത്തെ ആക്രമണത്തിൽ വെയ്ൽസിന്റെ പ്രതിരോധപ്പൂട്ടു തകർക്കാൻ ഇംഗ്ലണ്ടിനു കഴിഞ്ഞു. ഇഞ്ചുറി ടൈമായി അനുവദിച്ച മൂന്നു മിനിറ്റിലാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്. പെനാൽറ്റി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഡാനിയേൽ സ്റ്റുറിഡ്ജിന്റെ ഷോട്ട് വെയ്ൽസ് വല തുളച്ചു. വിജയമുറപ്പിച്ച ഇംഗ്ലണ്ടിനെ തകർപ്പൻ ഹെഡ്ഡറിലൂടെ ബെയ്ൽ വിറപ്പിച്ചെങ്കിലും പോസ്റ്റിൽ നിന്നു മാറി പന്തു പായുന്നതു നിരാശയോടെ കണ്ടു നിൽക്കാനേ ആരാധകർക്കു കഴിഞ്ഞുള്ളു.