പാരീസ്: യൂറോ കപ്പ് പ്രാഥമിക റൗണ്ടിൽ നിലവിലെ ചാമ്പ്യൻ സ്‌പെയിനിനും ഇറ്റലിക്കും ജയം. അയർലൻഡും സ്വീഡനും സമനിലയിൽ പിരിഞ്ഞു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങും.

ചെക്കിന്റെ പ്രതിരോധക്കോട്ട തകർത്തു പിക്വെ (1-0)

ജ്വല പ്രതിരോധം തീർത്ത ചെക്ക് റിപ്പബ്ലിക്കിനെതിരെ 87-ാം മിനിറ്റിൽ ജെറാർഡ് പിക്വെ നേടിയ ഒറ്റ ഗോളിനാണു സ്‌പെയിൻ മറികടന്നത്. തോറ്റെങ്കിലും പ്രതിരോധത്തിളക്കത്താൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ചെക്ക് താരങ്ങൾ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

അധികസമയവും ചെക് ഗോൾമുഖത്തു തന്നെയായിരുന്നു കളി. പീറ്റർ ചെക് എന്ന പരിചയ സമ്പന്നനായ ഗോളിയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളനുസരിച്ച ചലിച്ച ചെക് പ്രതിരോധവും 2008ലെയും 2012ലെയും ചാംപ്യന്മാരെ ഏറെ വെള്ളം കുടിപ്പിച്ചു.

ഒടുവിൽ സൂപ്പർ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ അളന്നുമുറിച്ചുള്ള ക്രോസിനെ ഹെഡ്ഡറിലൂടെ പിക്വെ വലയിലെത്തിക്കുമ്പോൾ സ്പെയിൻ ആരാധകർ സമ്മർദമൊഴിവായതിന്റെ ആശ്വാസത്തിൽ തുള്ളിച്ചാടുകയായിരുന്നു. ആന്ദ്രെ ഇനിയേസ്റ്റയാണു മത്സരത്തിലെ മികച്ച താരം.

ലോക രണ്ടാം റാങ്കിന്റെ തിളക്കത്തിൽ എത്തിയ ബെൽജിയത്തെ തകർത്ത് ഇറ്റലി (2-0)

ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കു തകർത്താണ് ഇറ്റലി യൂറോയിൽ ആദ്യ ജയം കുറിച്ചത്. 32ാം മിനിറ്റിൽ ഇമ്മാനുവൽ ഗിയചെറിനി ഇറ്റലിക്കു വേണ്ടി ആദ്യ ഗോൾ നേടി. ഗോൾ തിരിച്ചടിക്കാൻ ബെൽജിയം പിന്നീട് ഉണർന്നുകളിച്ചെങ്കിലും ആക്രമണം പാളിപ്പോയി.

ഇഞ്ചുറി ടൈമിൽ 92ാം മിനിറ്റിൽ ഗ്രാസിയാനോ പെല്ലെ ഇറ്റലിയുടെ രണ്ടാമത്തെ ഗോൾ നേടിയതോടെ സമനിലയെങ്കിലും നേടാമെന്ന ബെൽജിയത്തിന്റെ അവസാന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.

അയർലൻഡിന്റെ സെൽഫ് ഗോളിൽ സമനില കൊണ്ടു രക്ഷപ്പെട്ട് സ്വീഡൻ (1-1)

സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്ന ഗോളടിയന്ത്രമുണ്ടായിട്ടും ഗോൾ കണ്ടെത്താൻ വിഷമിച്ച സ്വീഡന് ആശ്വാസമായത് അയർലൻഡിന്റെ പിഴവിൽ നിന്നു പിറന്ന സെൽഫ് ഗോളാണ്. മത്സരത്തിലുടനീളം സ്വീഡനെ വിറപ്പിച്ച അയർലൻഡിന് നിർഭാഗ്യം കൊണ്ടാണ് ജയം നഷ്ടമായത്. തുടക്കം മുതൽ അയർലൻഡിന്റെ ആക്രമണമായിരുന്നു.

ഗോളില്ലാതെ ആദ്യ പകുതി കടന്ന് പോയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അയർലൻഡ് മുന്നിലെത്തി. മനോഹരമായ ടീം മുന്നേറ്റത്തിനൊടുവിൽ വെസ് ഹൂളഹാന്റെ ഫിനിഷിങ്. തുടർന്ന് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോച്ചിന്റെ പല ശ്രമങ്ങളും ഗോൾ പോസ്റ്റിലെത്താതെ പോയി.

തോൽവി മുന്നിൽ കണ്ട സ്വീഡന് ഒടുവിൽ രക്ഷയായത് ഇബ്രാഹിമോവിച്ചിന്റെ ക്രോസാണ്. രക്ഷപ്പെടുത്താനുള്ള അയർലൻഡ് താരം സിയാറൻ ക്ലർക്കിന്റെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു.

അടുത്ത മത്സരങ്ങൾ

ഓസ്ട്രിയ-ഹംഗറി (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 9.30ന്)
പോർച്ചുഗൽ- ഐസ്‌ലൻഡ് (ബുധനാഴ്ച പുലർച്ചെ 12.30ന്)