ലിയോൺ: ഇംഗ്ലണ്ട് നാണം കെട്ട് പുറത്തായ യൂറോകപ്പിൽ വെയ്ൽസ് നടത്തിയ കുതിപ്പിന് പറങ്കികൾക്ക് മുമ്പിൽ അവസാനമായി. ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസ താരത്തിന്റെ മികവിൽ വെയിൽസിനെ തോൽപ്പിച്ച് പോർച്ചുഗൽ യൂറോകപ്പ് ഫൈനലിൽ കടന്നു. ഇതോടെ വെയിൽസിന്റെ കന്നി യൂറോപോരാട്ടത്തിന് അന്ത്യമായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വെയിൽസിനെ തോൽപ്പിച്ചാണ് പോർച്ചുഗൽ യൂറോകപ്പിന്റെ ഫൈനലിൽ എത്തിയത്. കളം നിറഞ്ഞു കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന് വിജയം ഒരുക്കിയത്.

മൂന്നു മിനിറ്റിനിടെ രണ്ടുഗോളുകൾ നേടിയാണ് പോർച്ചുഗലിന്റെ ഫൈനൽ പ്രവേശനം. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു പറങ്കികളുടെ വിജയം നിർണ്ണയിച്ച രണ്ട് ഗോളുകളും. ക്രിസ്റ്റ്യാനോ റൊണാൾഡോ (50) നാനി (53) എന്നിവരാണ് വല ചലിപ്പിച്ചത്.

ബെയ്ലിനെക്കാൾ ഈ ടൂർണമെന്റിൽ തിളങ്ങിയ ആറോൺ റാംസെയെക്കൂടാതെ നിർണായക മൽസരത്തിനിറങ്ങിയ വെയ്ൽസ് നിരയിൽ ഈ ആർസനൽ താരത്തിന്റെ കുറവ് ശരിക്കും നിഴലിച്ചു. ഫെർണാണ്ടോ സാന്റസിനു കീഴിൽ തുടർച്ചയായ 12 മൽസരങ്ങൾ തോറ്റിട്ടില്ലെന്ന പെരുമയുമായി കളത്തിലിറങ്ങിയ പോർച്ചുഗലാകട്ടെ, ഈ നേട്ടം 13 എന്നാക്കി പുതുക്കിയാണ് ഇത്തവണ ഫൈനലിലേക്ക് മാർച്ചു ചെയ്തത്. യൂറോയിൽ ഇതുവരെ 90 മിനിറ്റ് കളിയിൽ മേധാവിത്വം നേടാനോ വിജയിക്കാനോ സാധിക്കാത്ത ടീമെന്ന പേരുദോഷവും അവർ സെമിയിൽ കഴുകിക്കളഞ്ഞു.

ഇരുടീമുകളും നിലയുറപ്പിക്കാൻ ശ്രമിച്ച ആദ്യ പകുതിയിൽ സൃഷ്ടിക്കപ്പെട്ട ഗോളവസരങ്ങളും നന്നേ കുറവായിരുന്നു. മികച്ച രീതിയിൽ തുടക്കമിട്ട പോർച്ചുഗൽ പതുക്കെ പിന്നോക്കം പോയപ്പോൾ ബെയ്ലിന്റെ നേതൃത്വത്തിൽ വെയ്ൽസ് കളം നിറഞ്ഞു. മികച്ച അവസരങ്ങൾ ലഭിച്ചതും വെയ്ൽസിനുതന്നെ. എന്നാൽ, ഇരുകൂട്ടർക്കും വല ചലിപ്പിക്കാനാകാതെ പോയതോടെ ആദ്യ പകുതി ഗോൾരഹിതമായി.

രണ്ടാം പകുതി തുടങ്ങി അധികം കഴിയുംമുൻപേ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ആദ്യ വെടി പൊട്ടിച്ചു. ഇടതുവിങ്ങിൽ നിന്നും റാഫേൽ ഗ്വരെയ്റോ ഉയർത്തി നൽകിയ പന്തിൽ റൊണാൾഡോയുടെ അതിമനോഹരമായ ഹെഡർ. ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് പന്ത് നിഷ്പ്രയാസം വലയിൽ. സ്‌കോർ 1-0. ടൂർണമെന്റിൽ റൊണാൾഡോയുടെ മൂന്നാം ഗോൾ.

ആദ്യഗോളിന്റെ ആരവമടങ്ങുംമുൻപേ പോർച്ചുഗൽ രണ്ടാം വട്ടവും ലക്ഷ്യം കണ്ടും. ഇത്തവണ ഗോളിന് വഴിയൊരുക്കാനായിരുന്നു റൊണാൾഡോയുടെ നിയോഗം. വെയ്ൽസ് ബോക്‌സിന് തൊട്ടു പുറത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി റൊണാൾഡോയുടെ ഷോട്ട്. ഗോളിക്കുമുന്നിൽ വെയ്ൽസ് പ്രതിരോധതാരങ്ങൾക്കിടയിൽ പതുങ്ങിനിന്ന നാനി പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി നീങ്ങിയ പന്തിനെ പൊടുന്നനെ വലതുമൂലയിലേക്ക് വഴിതിരിച്ചുവിട്ടു. പന്തിന്റെ അപ്രതീക്ഷിത ഡിഫ്‌ലക്ഷൻ വെയ്ൽസ് ഗോൾകീപ്പറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പന്ത് നേരെ വലയിൽ. സ്‌കോർ 2-0.

സെമി പോരാട്ടമായിരുന്നെങ്കിലും അതിനൊത്ത പ്രകടനമായിരുന്നില്ല പോർച്ചുഗലും വെയ്ൽസും പുറത്തെടുത്തത്. മധ്യനിരയിൽ ദിക്കറിയാതെ കെട്ടിക്കിടന്ന കളിയിൽ ഓർമയിൽ തങ്ങിനിൽക്കുന്ന നീക്കങ്ങളും നിമിഷങ്ങളും വളരെ വിരളം. പോർച്ചുഗലായിരുന്നു നല്ല നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ, ഗരെത് ബെയ്ലിലൂടെ വെയ്ൽസ് പെട്ടന്ന് തിരിച്ചുവന്നു. പിന്നെ കുറേ നേരം അവർക്കായിരുന്നു മേൽക്കൈ. ബെയ്ലിന്റെ ചില ഒറ്റയാൻ അതിവേഗ നീക്കങ്ങളും കരുത്തുറ്റ ബുള്ളറ്റുകളുമായിരുന്നു അവരുടെ തുറുപ്പുചീട്ട്. എന്നാൽ, അവയൊന്നും വലയിലാക്കാൻ വഴിയറിയാതെ പറന്നു. ഒന്നാം പകുതിയിൽ പോർച്ചുഗലും അത്ര കേമമായിരുന്നില്ല. അവരുടെ നീക്കങ്ങൾക്ക് വെയ്ൽസിന്റെ ചിട്ടയാർന്ന പ്രതിരോധത്തെ ഭേദിക്കാനുള്ള കരുത്തോ മൂർച്ചയോ ഉണ്ടായിരുന്നില്ല.

ലീഡ് കുറയ്ക്കാൻ വെയ്ൽസിനും ലീഡ് വർധിപ്പിക്കാൻ പോർച്ചുഗലിനും അവസരം ലഭിച്ചെങ്കിലും കൂടുതൽ ഗോളുകളൊന്നും വരാതിരുന്നതോടെ മൽസരം അവസാനിക്കുമ്പോഴും സ്‌കോർനില മാറിയില്ല. ടൂർണമെന്റിൽ ആദ്യമായി മുഴുവൻ സമയത്തുതന്നെ മൽസരം തീർക്കാനായതിന്റെ ആവേശത്തോടെ പോർച്ചുഗൽ ഫൈനലിൽ.

ഏഴു യൂറോ ചാംപ്യൻഷിപ്പുകളിൽ ആറിലും സെമിയിലെത്തിയ പോർച്ചുഗൽ 2004നു ശേഷം ഫൈനലിൽ കടക്കുന്നത് ഇതാദ്യമാണ്. അന്ന് പോർച്ചുഗൽ കലാശപ്പോരിൽ ഗ്രീസിനോട് തോൽക്കുകയായിരുന്നു. ജർമനി-ഫ്രാൻസ് രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികൾ.