പാരീസ്: യൂറോ കപ്പിൽ റഷ്യക്കെതിരെ സ്ലൊവാക്യക്ക് അട്ടിമറി ജയം. 2-1നാണ് സ്ലൊവാക്യയുടെ ജയം.

ഇതോടെ റഷ്യയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്കാണു തിരിച്ചടിയായത്. വ്‌ലാഡ്മിർ വെയ്സ്സാണ് 32-ാം മിനിറ്റിൽ സ്ലൊവാക്യയുടെ ആദ്യ ഗോൾ നേടിയത്.

സെന്റർ ബോക്സിനു പുറത്തു നിന്ന് മാറെക് ഹംസിക് നീട്ടി നൽകിയ ബോൾ വ്‌ലാഡ്മിർ വെയ്സ്സ് ആദ്യ ഗോളാക്കി. തുടർന്ന് വ്‌ലാഡ്മിർ വെയ്സ്സിന്റെ പാസിൽ മാറെക് ഹാംസിക് നടത്തിയ ഇടതു സൈഡിൽ നിന്നുള്ള ബുള്ളറ്റ് ഷൂട്ട് ഗോൾപോസ്റ്റിന്റെ വലത് കോർണറിലേക്ക് തുളച്ചു കയറി സ്ലൊവാക്യയുടെ രണ്ടാം ഗോളുമായി. 45-ാം മിനിറ്റിലായിരുന്നു ഹാംസിക്കിന്റെ ഗോൾ.

റഷ്യയ്ക്കു വേണ്ടി ഡെനിസ് ഗ്ലുഷാക്കോവാണ് ആശ്വാസ ഗോളടിച്ചത്. 80-ാം മിനിറ്റിലായിരുന്നു ഗോൾ. മൽസരത്തിൽ പകുതിയിൽ അധിക സമയവും പന്ത് കയ്യടക്കി വച്ചത് റഷ്യയാണെങ്കിലും ആ നേട്ടം അവർക്ക് ഗോളടിക്കുന്നതിൽ കൊണ്ടുവരാനായില്ല.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ റഷ്യ ഇംഗ്ലണ്ടിനോട് സമനില നേടുകയും സ്ലോവാക്യ വെയ്ൽസിനോട് പരാജയപ്പെടുകയുമായിരുന്നു.