പാരിസ്: നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിൻ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ചാണു സ്‌പെയിൻ അടുത്ത റൗണ്ട് ഉറപ്പാക്കിയത്.

ഗോളടിക്കാത്തവരെന്ന പരാതി തീർത്തായിരുന്നു സ്‌പെയിനിന്റെ വിജയത്തുടർച്ച. ഗ്രൂപ് 'ഡി'യിൽ സ്‌പെയിനിനു രണ്ടു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റായി.

കളിയുടെ ഇരു പകുതികളിലുമായി പിറന്ന ഗോളുകളുടെ അകമ്പടിയിലായിരുന്നു സ്‌പെയിനിന് ചാമ്പ്യന്മാരുടെ പകിട്ടിനൊത്ത ജയം. 34, 48 മിനിറ്റിൽ അൽവാരോ മൊറാറ്റ ഗോൾ നേടിയപ്പോൾ 37ാം മിനിറ്റിൽ നോലിറ്റോയുടെ വകയായിരുന്നു മൂന്നാം ഗോൾ.

ആദ്യ മിനിറ്റുകളിൽ നല്ല ചില മുന്നേറ്റങ്ങളിലൂടെ തുർക്കി ചാമ്പ്യന്മാരെ ഭയപ്പെടുത്തിയെങ്കിലും അധികനേരം നീണ്ടുനിന്നില്ല. തുർക്കിഷ് പ്രതിരോധക്കെട്ട് പൊട്ടിച്ച് നോലിറ്റോയുടെ ക്രോസിലൂടെയാണ് മൊറാറ്റ ആദ്യ ഗോൾ കുറിച്ചത്. അൽവാരോ മൊറാറ്റയെ മുന്നിൽ നിർത്തി ഡേവിഡ് സിൽവയും നോളിറ്റോയും വിങ്ങിലെ ആക്രമണം ഏറ്റെടുത്തുമായിരുന്നു സ്പാനിഷ് മുന്നേറ്റം.

പിന്നിലായതോടെ തുർക്കി തളർന്നു. സ്‌പെയിനിന്റെ വീര്യവും കൂടി. രണ്ടും ജയിച്ചതോടെ സ്‌പെയിൻ ഗ്രൂപിലെ ഒന്നാം സ്ഥാനക്കാരായാണു പ്രീക്വാർട്ടറിലേക്കു മുന്നേറുന്നത്. അടുത്ത മത്സരത്തിൽ ക്രൊയേഷ്യയാണു സ്‌പെയിനിന്റെ എതിരാളികൾ.

സമനിലയ്ക്കു ചെക്കിന് അവസരമൊരുക്കിയത് ഇഞ്ച്വറി ടൈമിലെ പെനാൽറ്റി (2-2)

ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കും ക്രൊയേഷ്യയും സമനിലയിൽ പിരിഞ്ഞു. അനിഷ്ട സംഭവങ്ങൾ അരങ്ങേറിയ യൂറോ ദിനത്തിൽ ക്രൊയേഷ്യ-ചെക് റിപ്പബ്ലിക് പോരാട്ടം 2-2 നാണ് സമനിലയിൽ അവസാനിച്ചത്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ചെക് റിപ്പബ്ലിക് സമനില പിടിച്ചത്.

രണ്ടാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പു കാണികൾ മൈതാനത്തേക്ക് സ്ഫോടക വസ്തുവെറിഞ്ഞത് പരിഭ്രാന്തി പരത്തി. ക്രോട്ട് ആരാധകരാണ് സ്ഫോടക വസ്തുവെറിഞ്ഞത്. മൈതാനത്തിന്റെ ഒരു ഭാഗത്ത് തീ പടർന്നപ്പോൾ കാണികളും ഫുട്ബോൾ ലോകവും വിറച്ചിരുന്നു. പത്ത് മിനുട്ട് കളി നിർത്തിവച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി.

റഫറി നീട്ടി നൽകിയ ഇഞ്ച്വറി സമയമാണ് ഈ മത്സരത്തിലും നിർണായകമായത്. ഒന്നിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്നിരുന്ന ചെക് റിപ്പബ്ലിക് സമനില ഗോൾ നേടിയത് ഇഞ്ച്വറി സമയത്താണ്. അതും പെനാൽറ്റിയിലൂടെ.

നിരന്തര ശ്രമങ്ങൾക്കൊടുവിൽ ആദ്യ പകുതിയിൽ തന്നെ ക്രൊയേഷ്യ മുന്നിലെത്തി. ബാഴ്‌സലോണ താരം ഇവാൻ റാക്കിട്ടിച്ചിന്റെ ചിപ്പ് ഷോട്ട് പീറ്റർ ചെകിനെ ഒരിക്കൽ കൂടി മറികടന്നു.

പരിക്കേറ്റ് ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് മടങ്ങിയതോടെ (62) ചെക് റിപ്പബ്ലിക് പന്ത് കൈവശം വെക്കാൻ തുടങ്ങി. പകരക്കാരനായെത്തിയ മിലാൻ സ്‌കോഡ ആദ്യ ഗോൾ മടക്കി. മത്സരം തീരുന്നതിന് തൊട്ട് മുമ്പ് ക്രൊയേഷ്യൻ ആരാധകർ ചെറിയ തീപന്തങ്ങളും പടക്കവും എറിഞ്ഞു. പടക്കം പൊട്ടി ഒരു സെക്യൂരിറ്റി ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു.

അടുത്ത മത്സരങ്ങൾ

ബെൽജിയം- അയർലൻഡ് (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 6.30)
ഐസ്‌ലൻഡ് - ഹംഗറി (രാത്രി 9.30)
പോർച്ചുഗൽ - ഓസ്ട്രിയ (ഞായറാഴ്ച പുലർച്ചെ 12.30)