പാരീസ്: കാൽപ്പന്ത് ഇപ്പോൾ ലോകത്തോളം വലുതായിരിക്കുന്നു. ശതാബ്ദി കോപ്പയിലൂടെ ലോകം ഫുട്ബോൾ ആവേശത്തിൽ നുരഞ്ഞ് പതയുന്നതിനിടയിൽ ഇന്നു മുതൽ യൂറോപ്പ്യൻ രാജാക്കന്മാരാകാനുള്ള യൂറോ കപ്പ് ആരംഭിക്കുകയാണ്.

ലോകത്തെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ ഒരു ലോകകപ്പ് നടക്കുന്ന അതേ ആവേശമാണ്. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളൊഴികെ എല്ലാ രാജ്യങ്ങളും ഇപ്പോൾ പന്തിന് പിന്നാലെയാണ്.

യൂറോയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ് ഇന്ന് റൊമാനിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണു മത്സരം. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് യൂറോയിൽ പോരിനിറങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലേക്ക് മുന്നേറും. ഇവർക്കൊപ്പം 4 മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് മുന്നേറും.

മുൻ ചാമ്പ്യന്മാരായ ഹോളണ്ടിന്റെ അഭാവവും യൂറോയിൽ നിഴലിക്കും. നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ, ലോകചാമ്പ്യന്മാരായ ജർമനി, ആതിഥേയരായ ഫ്രാൻസ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ തുടങ്ങി ആരാധകരുടെ ഇഷ്ട ടീമുകൾ അനവധിയാണ്. ജൂലൈ പത്തിനാണ് യൂറോ ഫൈനൽ.

ഒമ്പതാം യൂറോയ്ക്കെത്തുന്ന ഇംഗ്ലണ്ട് മുതൽ ആദ്യ യൂറോയ്ക്കെത്തുന്ന വടക്കൻ അയർലന്റ്, വെയ്ൽസ് എന്നിവർ വരെ ശ്രദ്ധേയരാണെന്നതാണ് യൂറോയെ വ്യത്യസ്തമാക്കുന്നത്. യൂറോകപ്പിൽ ഒരു വിജയിയെ പ്രവചിക്കുകയെന്നത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രതീക്ഷയർപ്പിക്കപ്പെട്ട ടീമുകൾ ആദ്യ റൗണ്ടിൽ പുറത്തായത് മുതൽ അധികം സാധ്യത കൽപ്പിക്കപെടാത്തവർ വരെ കിരീടം നേടിയ ചരിത്രമാണ് യൂറോയ്ക്ക് അവകാശപ്പെടാനുള്ളത്.

സമീപകാലത്തെ ഫോം അത്ര പ്രതീക്ഷ നൽകുന്നതല്ലെങ്കിലും ലോകചാമ്പ്യന്മാരായ ജർമനിയോട് തന്നെയാണ് വാതുവെയ്‌പ്പുകാർക്ക് പ്രിയം. നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ ഹാട്രിക്ക് കിരീടം നേടുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ ടീമിൽ യുവാക്കളുടെ പ്രാതിനിധ്യം കുറവാണെന്നത് സ്പാനിഷ് ടീമിനു തിരിച്ചടിയാകുമെന്നും വിലയിരുത്തപെടുന്നു.

ആതിഥേയരായ ഫ്രാൻസ് 1998ൽ ലോകകപ്പ് നേടിയത് സ്വന്തം നാട്ടിൽവച്ചാണ് എന്ന ചരിത്രം ഇത്തവണ യൂറോയിൽ ആവർത്തിക്കപ്പെടുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്ന ഒറ്റ പേരു മാത്രം മതി പറങ്കിപ്പടയെ ആരാധകരുടെ ആവേശമാക്കിമാറ്റാൻ. ഈ വർഷമാദ്യം ഫ്രാൻസിൽ നടന്ന തീവ്രവാദാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ടൂർണമെന്റിനായി ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ താരമൂല്യം താരത്തിനെതിരെ ആക്രമത്തിന് തീവ്രവാദികളെ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്ക കഴിഞ്ഞ ദിവസം പോർച്ചുഗീസ് പരിശീലകൻ തുറന്നു പറഞ്ഞിരുന്നു. യൂറോപ്പിൽ ഏരെ പ്രചാരമുള്ള ഫാൻപാർക്കുകൾക്കും കർശനമായ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.