- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ കപ്പിൽ ഇന്ന് മൂന്നു മത്സരങ്ങൾ; നോക്കൗട്ട് ഉറപ്പിക്കാൻ ഹോളണ്ടും ഓസ്ട്രിയയും; എറിക്സണു വേണ്ടി ജയിക്കാൻ ഡെന്മാർക്കും
ആംസ്റ്റർഡാം: യൂറോ കപ്പിൽ ഇന്ന് മൂന്നു മത്സരങ്ങൾ. ഉക്രെയ്ൻ, നോർത്ത് മാസിഡോണിയയുമായും, ഹോളണ്ട് ഓസ്ട്രിയയെയും, ഡെന്മാർക്ക് ബെൽജിയത്തെയും നേരിടും. വൈകുന്നേരം ആറരയ്ക്കാണ് ഉക്രെയ്ൻ, നോർത്ത് മാസിഡോണിയ മത്സരം.ആദ്യ കളിയിൽ തോറ്റെത്തുന്ന ഉക്രെയ്നും നോർത്ത് മാസിഡോണിയയ്ക്കും നിലനിൽപിന്റെ പോരാട്ടമാണിത്. പ്രീ ക്വാർട്ടറിലേക്ക് പ്രതീക്ഷ നീട്ടണമെങ്കിൽ ജയം അനിവാര്യം. തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയ 1991ൽ മാത്രം രൂപീകരിക്കപ്പെട്ട രാജ്യമാണ്. യൂറോ കപ്പ് പോലൊരു വമ്പൻ വേദിയിൽ ആദ്യ ഊഴം. ഇതുകൊണ്ടുതന്നെ ചരിത്രം കുറിച്ച് മടങ്ങാനാണ് ഗോരാൻ പാൻഡേവും സംഘവും ഇറങ്ങുന്നത്. ഇരുടീമും ഏറ്റുമുട്ടുന്ന അഞ്ചാമത്തെ മത്സരമാണിത്. ഉക്രെയ്ൻ രണ്ട് കളിയിൽ ജയിച്ചു. ഒന്നിൽ നോർത്ത് മാസിഡോണിയയും. ഒരു മത്സരം സമനിലയായി.
രണ്ടാം മത്സരത്തിൽ 9.30 ന് ഡെന്മാർക്ക് കരുത്തരായ ബെൽജിയത്തെ നേരിടും.ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലാണ് മത്സരം. രണ്ടാം ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിക്കുകയാണ് ബെൽജിയത്തിന്റെ ലക്ഷ്യം. അതേസമയം, ക്രിസ്റ്റ്യൻ എറിക്സണ് വേണ്ടി മത്സരം ജയിക്കാനാണ് ഡെന്മാർക്ക് ഇറങ്ങുക.ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സണിനുണ്ടായ അപകടം മുന്നിൽ കണ്ടതിന്റെ നടുക്കവും കളിക്കൊടുവിലെ തോൽവിയും മറക്കാൻ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഡെന്മാർക്ക്. ഇത്തവണ ജയിച്ചേ തീരൂ. യൂറോ കപ്പിൽ നിലനിൽക്കാനും ആശുപത്രിക്കിടക്കയിലുള്ള എറിക്സണ് വേണ്ടിയും ജയം അനിവാര്യം. തോൽവി അറിയാതെ കുതിക്കുന്ന ബെൽജിയത്തെ പിടിച്ചുകെട്ടുക ഡെന്മാർക്കിന് എളുപ്പമാവില്ല. ഗോളി തിബോത്ത് കോർത്വ മുതൽ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവരെയുള്ള ടീമിലേക്ക് പരിക്കിൽ നിന്ന് മുക്തരാവുന്ന എഡൻ ഹസാർഡും കെവിൻ ഡിബ്രൂയിനും കൂടി തിരിച്ചെത്തിയാൽ ബെൽജിയം അതിശക്തരാവും.
രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ ഓസ്ട്രിയയും ഹോളണ്ടും ഏറ്റുമുട്ടും.നോക്കൗട്ട് ഉറപ്പിക്കുകയാണ് ജയിച്ച് വരുന്ന ഹോളണ്ടിന്റേയും ഓസ്ട്രിയയുടേയും ലക്ഷ്യം. ഓസ്ട്രിയ യൂറോ കപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത് നോർത്ത് മാസിഡോണിയയോട് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു. അതേസമയം ഉക്രെയ്നെതിരായ മൂന്ന് ഗോൾ ജയവുമായാണ് ഹോളണ്ടിന്റെ വരവ്. ഡി യോംഗും വൈനാൾഡവും ഡിപേയുമെല്ലാമുള്ള ഹോളണ്ടിനെ മറികടക്കുക ഓസ്ട്രിയയ്ക്ക് എളുപ്പമാവില്ല.കളിയിൽ ഹോളണ്ടാണ് കരുത്തർ. എന്നാൽ കണക്കിൽ വലിയ വ്യത്യാസമില്ല. ഇതുവരെ പതിനെട്ട് കളിയിൽ ഏറ്റുമുട്ടിയപ്പോൾ ഹോളണ്ട് എട്ടിലും ഓസ്ട്രിയ ആറിലും ജയിച്ചു. നാല് കളികൾ സമനിലയിലായി. ഏറ്റവും ഒടുവിൽ 2016ൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന് ജയം ഹോളണ്ടിനൊപ്പം നിന്നു.
സ്പോർട്സ് ഡെസ്ക്