- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോയിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ട്; സ്ലൊവാക്യക്കും ചെക് റിപ്പബ്ലിക്കിനും ഇന്ന് നിർണായകം; ടീമുകൾ ഇറങ്ങുന്നത് രണ്ടാം റൗണ്ട് പ്രതീക്ഷകൾ സജീവമാക്കാൻ
സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ ഇന്നത്തെ ആദ്യ മത്സരം സ്വീഡനും സ്ലൊവാക്യയും തമ്മിലാണ്. സെന്റ് പീറ്റേഴ്സ്ബർഗിൽ വൈകിട്ട് ആറരയ്ക്കാണ് മത്സരം. ജയിച്ചാൽ സ്ലൊവാക്യ പ്രീ ക്വാർട്ടറിലെത്തും. രാത്രി ഒൻപതരയ്ക്ക് ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെ നേരിടും. മൂന്നാം മത്സരത്തിൽ പ്രീക്വാർട്ടർ മോഹങ്ങളുമായി ഇംഗ്ലണ്ട് സ്കോട്ലൻഡിനെ നേരിടും.
റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ തോൽപ്പിച്ചാണ് സ്ലൊവാക്യ എത്തുന്നത്. സ്റ്റീഫൻ ടകോവിച്ചിന്റെ സംഘത്തിന്റേത് സ്വപ്നതുല്യമായ തുടക്കം. തോൽവിയറിയാത്ത തുടർച്ചയായ ആറാം മത്സരമായിരുന്നു പോളണ്ടിനെതിരെ സ്ലൊവാക്യയുടേത്. സ്വീഡനെതിരെ ജയം ആവർത്തിച്ച് പ്രീ ക്വാർട്ടറിലേക്ക് ഏറെക്കുറെ ടിക്കറ്റ് ഉറപ്പിക്കുകയാണ് സ്ലൊവാക്യയുടെ ലക്ഷ്യം. അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളികൾ സ്പെയിൻ എന്നത് തന്നെ കാരണം.
അപ്പുറത്ത് പന്ത് കാലിലധികം കിട്ടിയില്ലെങ്കിലും സ്പെയിനിനെ ഗോളടിക്കാൻ വിടാതെ സമനില പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്വീഡൻ. അമിത പ്രതിരോധമെന്ന തന്ത്രം സ്ലൊവാക്യക്കെതിരെ കോച്ച് ജെയ്ൻ ആൻഡേഴ്സൺ മാറ്റിപ്പിടിച്ചേക്കും. ഗോളടിയും മൂന്ന് പോയിന്റും ടീം ഉന്നമിടുന്നു എന്ന് ചുരുക്കം.
രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒറ്റ ഗോളിന് വീണുപോയ ക്രൊയേഷ്യക്ക് ചെക് റിപ്പബ്ലിക് കനത്ത വെല്ലുവിളിയാകും. സ്കോട്ലൻഡിനെതിരെ മാന്ത്രിക ഗോൾ കൊണ്ട് വിസ്മയിപ്പിച്ച പീറ്റർ ഷീക്കിൽ നിന്ന് ചെക് ആരാധകർ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ലൂക്കാ മോഡ്രിച്ചും സംഘവും മികവിലേക്ക് തിരിച്ചെത്തിയാൽ ക്രൊയേഷ്യക്ക് മേൽക്കൈ നേടാം.നേർക്കുനേർ പോരാട്ടങ്ങളിൽ ഇതുവരെ ക്രൊയേഷ്യയെ തോൽപ്പിക്കാൻ ചെക് റിപ്പബ്ലിക്കിന് കഴിഞ്ഞിട്ടില്ല എന്നത് ക്രൊയേഷ്യക്ക് ആശ്വാസമാണ്.
മൂന്നാം മത്സരത്തിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാനാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക. രാത്രി പന്ത്രണ്ടരക്ക് തുടങ്ങുന്ന കളിയിൽ സ്കോട്ലൻഡാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത ആവേശത്തിലാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് സ്കോട്ലൻഡിനെതിരെ ഇറങ്ങുന്നത്.
യൂറോയിൽ ആദ്യ കളിയൊന്നും ജയിച്ചിട്ടില്ലെന്ന നാണക്കേട് മായ്ച്ച് ക്രൊയേഷ്യയെ മറികടന്നെത്തുകയാണ് ഗാരത് സൗത്ഗേറ്റിന്റെ ഇംഗ്ലണ്ട്. മാന്ത്രികം എന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലീഷ് ജയത്തെ അവിടുത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സ്വന്തം വെംബ്ലി സ്റ്റേഡിയത്തിൽ അതിന്റെ തുടർച്ച ഫുട്ബോളിലെ പഴയ ശത്രുക്കളായ സ്കോട്ലൻഡിനെതിരെ ഇംഗ്ലണ്ട് ആരാധകർ പ്രതീക്ഷിക്കുന്നു.ഫേവറിറ്റുകൾ തന്നെയെന്ന് വിളിച്ചുപറഞ്ഞാണ് റഹിം സ്റ്റെർലിംഗും മാർക്കസ് റാഷ്ഫോർഡും ഹാരി കെയ്നുമെല്ലാം കളംനിറഞ്ഞത്. ക്രൊയേഷ്യൻ മുന്നേറ്റത്തെ പിടിച്ചുകെട്ടി പ്രതിരോധനിരയും മികച്ചുനിന്നു. അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനാവും ഇംഗ്ലണ്ട് മുന്നേറ്റനിരയുടെ ശ്രമം.
മറുവശത്ത് പീറ്റർ ഷീക്കിന്റെ അപാരഗോളിൽ വിറങ്ങലിച്ചാണ് സ്കോട്ലൻഡ് വെംബ്ലിയിലെത്തുന്നത്. തോറ്റാൽ ഈ യൂറോ കപ്പിലും അവർ ആദ്യ റൗണ്ടിൽ മടങ്ങും. 19-ാം നൂറ്റാണ്ട് മുതലുള്ള നേർക്കുനേർ പോരിൽ ഇംഗ്ലണ്ടിനെതിരെ 41 ജയം സ്കോട്ലൻഡിന് സ്വന്തമായുണ്ട്. 44 കളികളിൽ തോൽവി രുചിച്ചു. അവസാനം യൂറോ കപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയത് 25 വർഷം മുൻപാണ്. അന്ന് രണ്ട് ഗോളിന് ഇംഗ്ലണ്ട് ജയിച്ചു. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വെംബ്ലിയിലെ ഫുട്ബോൾ റഫറണ്ടം സ്കോട്ലൻഡിന് എതിരാകാനാണ് സാധ്യത.
സ്പോർട്സ് ഡെസ്ക്