സൂറിച്: ഭരണ പരിഷ്‌കരണത്തിന് ഇറ്റലിയിൽ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടത്, യൂറോപ്യൻ അനുകൂലികൾക്ക് തിരിച്ചടിയായപ്പോൾ, ഓസ്ട്രിയയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്, യൂറോപ്യൻ യൂണിയന്റെ അഖണ്ഡതക്കെതിരെ നിലപാട് എടുത്തിട്ടുള്ള തീവ്ര വലതുപക്ഷത്തിനും തിരിച്ചടിയായി. ഫലത്തിൽ യൂറോപ്യൻ രാഷ്ട്രീയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ, വലതു തീവ്ര പക്ഷവും, സോഷ്യലിസ്‌റ് ലിബറൽ പക്ഷവും സമനിലയിൽ പിരിഞ്ഞു.

ഇറ്റലിയിൽ ഭരണ പരിഷ്‌കാരത്തിനായി നടത്തിയ ഹിതപരിശോധനയിൽ തോറ്റു സ്ഥാനം ഒഴിയുന്ന പ്രധാനമന്ത്രി മറ്റെയോ റെൻസി ലിബറൽ സോഷ്യലിസ്‌റ്കാരനാണെങ്കിൽ, ഓസ്ട്രിയയിൽ പ്രസിടെന്റായി അധികാരം ഏറ്റെടുക്കുന്ന അലക്സാണ്ടർ വാൻ ദേർ ബെല്ലെൻ ഗ്രീൻ പാർട്ടിക്കാരനാണ്. രണ്ടു രാജ്യങ്ങളിലും ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ഇറ്റലിയിൽ 60 ശതമാനം പേർ ഹിതപരിശോധനയെ എതിർത്തപ്പോൾ, ഓസ്ട്രിയയിൽ 53.6 ശതമാനം വോട്ട് നേടിയാണ് വാൻ ദേർ ബെല്ലെൻ പ്രസിഡന്റാവുന്നത്.

രണ്ടു രാജ്യങ്ങളിലെയും ഫലങ്ങൾ, തീവ്ര വലതുപക്ഷത്തിനു അനുകൂലമായിരുന്നെങ്കിൽ അത്, യൂറോ സോണിന്റെ ഭാവി, യൂറോപ്പിൽ സാമ്പത്തിക മാന്ദ്യം, അഭയാർത്ഥി നയം തുടങ്ങിയ വിഷയങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് ഇടവരുത്തുമായിരുന്നു. ഓസ്ട്രിയയിൽ വലതു തീവ്രപക്ഷ സ്ഥാനാർത്ഥി നോബർട് ഹോഫറുടെ വിജയം ഉറപ്പ്, എന്നായിരുന്നു തെരഞ്ഞെടുപ്പ് സർവേകളെല്ലാം പറഞ്ഞിരുന്നതെങ്കിലും, ഇറ്റലിയിൽ ഭരണ പരിഷ്‌കരണം പരാജയപ്പെടുമെന്ന് നേരത്തെതന്നെ പ്രവചിക്കപെട്ടതാണ്. സെനറ്റിന്റെ അംഗബലവും, അധികാരങ്ങളും വെട്ടിക്കുറച്ചു മന്ത്രിസഭക്ക് കൂടുതൽ അധികാരം നൽകി ഭരണം സുഗമം ആക്കാനായിരുന്നു ഹിതപരിശോധന കൊണ്ടുവന്നത്.

ബ്രിട്ടനിലെ ബ്രെക്‌സിറ്റിന്റെ വിജയത്തോടെ ഭീഷണിയിലായ യൂറോ സോണിന്റെ ഭാവിക്കു, ഓസ്ട്രിയയിലെ വിജയം താത്കാലിക ആശ്വാസം മാത്രമാണ്. പുറകെ വരുന്ന ജർമനിയിലെയും, ഫ്രാൻസിലെയും പൊതുതെരഞ്ഞെടുപ്പുകൾ, യൂറോസോണിന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാവും.