- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകമെങ്ങും പടർന്നു പടിച്ചിട്ടും മരണ നിരക്ക് കുറഞ്ഞു; ഓമിക്രോൺ കോവിഡ് മഹാമാരിക്ക് അന്ത്യം കുറിച്ചേക്കും; യൂറോപ്പിൽ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ലോകാരോഗ്യ സംഘടന; ആഗോള പ്രതിരോധ ശേഷി കൈവരിക്കും; ലോക്ഡൗൺ ഒഴിവാക്കി എല്ലാം തുറക്കാൻ യുകെയും യുഎസ്എയും
ലണ്ടൻ: ഓമിക്രോൺ വകഭേദം കോവിഡിന്റെ അന്ത്യം കുറിക്കുമോ? അതിതീവ്ര വ്യാപന ശേഷി എങ്കിലും മരണ നിരക്ക് ഓമിക്രോണിൽ ഉയർന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഓമിക്രോൺ കോവിഡ് മഹാമാരിയുടെ അന്ത്യം കുറിക്കുമെന്ന പ്രതീക്ഷയാണ് ലോകത്തിനുള്ളത്. ഓമിക്രോൺ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പിൽ കോവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഓ) വ്യക്താക്കി.
ആദ്യമായിട്ടാണ് ഡബ്ല്യൂ.എച്ച്.ഓ ഇത് സംബന്ധിച്ചൊരു സൂചന നൽകുന്നത്. യൂറോപ്പിൽ ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നത്. ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്' ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേർത്തു. യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാൽ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകിൽ വാക്സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കിൽ രോഗബാധമൂലം ആളുകളിൽ പ്രതിരോധശേഷി ലഭ്യമാകും. കോവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ കോവിഡ് തിരിച്ചുവരണമെന്ന് ഇല്ലെന്നും ക്ലൂഗെ പറഞ്ഞു.
സമാനമായ ശുഭാപ്തി വിശ്വാസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവും യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും ഞായറാഴ്ച പ്രകടിപ്പിക്കുകയുണ്ടായി. 'ഈ ആഴ്ച അമേരിക്കയുടെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ കുറയുന്നതിനാൽ കാര്യങ്ങൾ നന്നായി കാണപ്പെടുന്നു' - ഫൗസി എബിസി ന്യൂസിനോട് പറയുകയുണ്ടായി.
യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളിൽ കേസുകളുടെ എണ്ണത്തിൽ സമീപകാലത്ത് കാണുന്നത് പോലുള്ള ഇടിവ് തുടരുകയാണെങ്കിൽ, നമുക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാൻ തുടങ്ങുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാം തരംഗം ഉച്ചാസ്ഥിയിലെത്തിയ ശേഷം ഇപ്പോൾ കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ റീജിയണൽ ഓഫീസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കുകയുണ്ടായിരുന്നു.
ഓമിക്രോൺ വകകേഭേദം ഡെൽറ്റയേക്കാൾ വ്യാപനശേഷിയുള്ള പകർച്ചവ്യാധിയാണെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും വാക്സിനെടുത്ത ആളുകളിൽ പൊതുവെ തീവ്രമായ അണുബാധയ്ക്ക് കാരണമാകില്ലെന്നാണ് കണ്ടെത്തൽ. കോവിഡ് മഹാമാരിയിൽ നിന്ന് പനി പോലുള്ള കൈകാര്യം ചെയ്യാവുന്ന എൻഡെമിക് രോഗത്തിലേക്ക് മാറാൻ തുടങ്ങുന്നു എന്നത് ദീർഘകാല പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്.
അതേസമയം ഇന്ത്യയിലും കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്. ആർ വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആർ വാല്യു കണക്കാക്കുന്നത്. ജനുവരി 1 മുതൽ 6 വരെ 4 ആയിരുന്നു ആർ വാല്യു. ജനുവരി 7 മുതൽ 13 വരെ 2.2 ആയി. 14 മുതൽ 21 വരെ 1.57 ആയി കുറഞ്ഞു. മുംൈബയിലെ ആർ വാല്യു 0.67 ഉം ഡൽഹിയിലേത് 0.98 ഉം കൊൽക്കത്തയിലേത് 0.56 ഉം ആണ്.
കൊൽക്കത്തയിലേയും മുംബൈയിലേയും ആർ വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഡൽഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 വരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളു. ഫെബ്രുവരി 1 മുതൽ 15 വരെയായിരിക്കും രൂക്ഷവ്യാപനത്തിന് സാധ്യതയെന്നായിരുന്നു ആദ്യ പഠനങ്ങൾ. ഞായറാഴ്ച 3,33,533 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് കേസുകൾ കുറയുന്നുണ്ട്.
അതേസമയം കോവിഡ് വ്യാപന ഘട്ടത്തിലും ഇനി ലോക്ഡൗണിലേക്ക് പോകാൻ സാധിക്കില്ലെന്നാണ് അമേരിക്കയുടെയും യുകെയുടെയും നിലപാട്. ഓമിക്രോൺ പടർന്നിട്ടും യുകെയും യുഎസും അടക്കം രാജ്യങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്കു പോകാൻ മടിച്ചു. അത്തരം കർശന നടപടികളോടു ജനങ്ങൾ രൂക്ഷമായി പ്രതികരിക്കുന്നതാണു പ്രധാന തടസ്സം. ഓമിക്രോൺ പടർന്നപ്പോൾ അതിനെ നേരിടാൻ ബ്രിട്ടൻ കൊണ്ടുവന്ന പ്ലാൻ ബി നിയന്ത്രണങ്ങളിൽ പ്രധാനം പൊതുസ്ഥലത്തും കെട്ടിടങ്ങൾക്കുള്ളിലും മാസ്‌ക് നിർബന്ധമാക്കിയത് ആയിരുന്നു. ഇപ്പോൾ അതുപലു
അതേസമയം കോവിഡ് മരണങ്ങളിൽ കുറവുണ്ടായിട്ടില്ലെന്നു മാത്രമല്ല ഉയരുകയും ചെയ്യുന്നു. പ്ലാൻ ബി നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിക്കുകയാണു കഴിഞ്ഞ ദിവസം ബ്രിട്ടിഷ് സർക്കാർ ചെയ്തത്. ഇതോടെ പൊതുസ്ഥലത്തു നിർബന്ധമായും മാസ്‌ക് ധരിക്കണം എന്നത് അടക്കം നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടു. ഓമിക്രോൺ കെട്ടടങ്ങുന്നുവെന്ന വിലയിരുത്തലിൽ നിയന്ത്രണങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുന്നു. കഴിയുന്നതും വീട്ടിലിരുന്നു ജോലിയെടുക്കുക എന്ന പ്ലാൻ ബി മാർഗനിർദ്ദേശം സർക്കാർ പിൻവലിച്ചു. അതിനാൽ എല്ലാവർക്കും ഇനി ഓഫിസുകളിലേക്കു തിരിച്ചെത്താം.
വരുന്ന വ്യാഴാഴ്ച മുതൽ പൊതുസ്ഥലത്തെ നിർബന്ധിത മാസ്‌കും കോവിഡ് പാസ്‌പോർട്ട് നിയമങ്ങളും പിൻവലിക്കും. നോർത്തേൻ അയർലൻഡിൽ പബുകളിൽ കയറാൻ കോവിഡ് പാസ്‌പോർട്ട് വേണമെന്ന വ്യവസ്ഥയും വരുന്ന ആഴ്ച മുതൽ പിൻവലിക്കും. സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ലാതാക്കുന്നതിനെതിരെ ബ്രിട്ടനിൽ ഒരു വിഭാഗം ആരോഗ്യവിദഗ്ദ്ധർക്ക് എതിർപ്പുണ്ട്.
മറുനാടന് മലയാളി ബ്യൂറോ