- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിസിലിയിൽ ഇന്നത്തെ താപനില 48 ഡിഗ്രി സെൽഷ്യസ്; യൂരോപ്പ് ഇന്നുവരെ കണ്ടിട്ടില്ലാത്ത കൊടും ചൂടിൽ മിക്ക രാജ്യങ്ങളും ചുട്ടുപൊള്ളുന്നു; കാട്ടുതീയും അത്യൂഷ്ണവും മൂലം യൂറോപ്പിലെ ജീവിതം വഴിമുട്ടുന്നു
സിസിലി: യൂറോപ്പ് വെന്തുരുകുകയാണ്. സഹാറയിൽ നിന്നെത്തുന്ന ഉഷ്ണക്കാറ്റ് മെഡിറ്ററേനിയൻ മേഖലയിലെ വലിയൊരു ഭൂവിഭാഗത്തിൽ പിടിമുറുക്കിയതോടെ യൂറോപ്പിലെ താപനില മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ഉയരുകയാണ്. സിസിലിയി ദ്വീപിലെ സൈറാകസിൽ ഇന്നലെ രേഖപ്പെടുത്തിയ ചൂട് 48 ഡിഗ്രി സെൽഷ്യസ്. ലൂസിഫർ എന്ന് നാമകരണം ചെയ്ത ഒരു ആന്റിസൈക്ലോൺ രാജ്യത്തെ പിടിച്ചുലച്ചതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തിന്റെ തെക്കു കിഴക്കൻ തീരപ്രദേശത്തുള്ള നഗരത്തിൽ ഈ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. ഇതിനു മുൻപ് യൂറോപ്പിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 1977-ൽ ഏഥൻസിൽ രേഖപ്പെടുത്തിയ 47.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
ആഫ്രിക്കയിൽ നിന്നും എത്തി വടക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ലൂസിഫർ ചുഴലിക്കാറ്റ് ഇനിയും നിരവധി അപകടകാരികളായ കാട്ടുതീകൾക്ക് വഴിതെളിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇത്രയധികം ചൂട് രേഖപ്പെടുത്തിയത് ആശങ്കയുയർത്തുന്നു എന്നാണ് സൈറകസ് മേയർ പറഞ്ഞത്. യൂറോപ്പിലെ തന്നെ ഏറ്റവും മൂല്യമുള്ള പരിസ്ഥിതിയാണ് സിസിലിയിലേത് കനത്ത ചൂടിൽ അത് നാശത്തീന്റെ വക്കിലാണ്. കാട്ടുതീ മുതൽ ചെടികൾ വരണ്ടുണങ്ങുന്നതുവരെ ഇവിടത്തെ പ്രകൃതിസൗന്ദര്യത്തെ വിപരീതമായി ബാധിക്കുകയാണ്.
ഇറ്റലിയിൽ പലയിടങ്ങളിലും ചൂട് ക്രമാതീതമായി വർദ്ധിച്ചതിനാൽ പലയിടങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ഇറ്റാലിയൻ ആരോഗ്യകാര്യ മന്ത്രി പറയുന്നു. ചൂട് ക്രമാതീതമായി ഉയർന്നതോടെ സിസിലിയിലും കലാബ്രിയയിലുമായി കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 3000 തീപിടുത്തങ്ങൾ ഉണ്ടായതായി ഇറ്റാലിയൻ അഗ്നിശമന സേന വെളിപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച്ചയും ഇറ്റലിയുടെ തെക്കൻ പ്രവിശ്യയിലെ ഗ്രാവിന പട്ടണത്തിലും മറ്റു പലയിടങ്ങളിലും അഗ്നിബാധ ഉണ്ടായിരുന്നു.
വരണ്ട ഉഷ്ണക്കാറ്റിന്റെ പ്രഭാവത്താൽ തീപിടുത്തങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തെക്കൻ ഫ്രാൻസിലും നൽകിയിട്ടുണ്ട്. ഇന്നലെ സ്പെയിനിലെ കോസ്റ്റ ഡെൽ സോളിൽ 46 ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു പലയിടങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്, യൂറോപ്പിന്റെ പല ഭാഗങ്ങളിലും ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ സ്പെയിനിലും പോർച്ചുഗലിലും അതിശക്തമായ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ചൂട് വർദ്ധിച്ചതോടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഗ്രീക്ക് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.
വരുന്ന വെള്ളിയാഴ്ച്ചയോടെ ഉഷ്ണ തരംഗം കൂടുതൽ തീവ്രമാകുമെന്നും ഐബെരിയൻ ഉപദ്വീപിന്റെ വടക്ക് പടിഞ്ഞാറ് തീരങ്ങളിൽ ഇതിന്റെ പ്രഭാവം ദൃശ്യമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. 2017-ൽ 100 പേരുടെ മരണത്തിനിടയാക്കിയതുപോലുള്ളോ അതിഭയങ്കര കാട്ടുതീകൾക്ക് സാധ്യതയുള്ളതായി പോർച്ചുഗൽ പ്രധാനമന്ത്രി പറയുന്നു. ഇത്തരത്തിലുള്ള കാട്ടുതീകളിൽ പലതും ആരംഭിച്ചത് മനുഷ്യന്റെ അശ്രദ്ധ മൂലമാണെന്നും അതിനാൽ, ഉത്തരവാദിത്തപ്പെട്ട പൗരന്മാർ എന്ന നിലയിൽ എല്ലാവരും കൂടുതൽ ശ്രദ്ധയോടെ പെരുമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്തയിടെ ഗ്രീസിൽ നിന്നും ടർക്കിയിൽ നിന്നും വന്ന കാട്ടുതീയുടെ ഭയാനകമായ ചിത്രങ്ങൾ 2017-ലെ പൊർച്ചുഗലിനെ ഓർമ്മിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയും കൂടിയ താപനിലയും ശരാശരിയേക്കാൾ വളരെയധികം കൂടുതലായിരിക്കുമെന്ന് സ്പെയിൻ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനവുമായി അഭേദ്യബന്ധമുണ്ട് ഇപ്പോഴത്തെ അസാധാരണമായ കാലാവസ്ഥയ്ക്ക് എന്നാണ് കരുതപ്പെടുന്നത്. ആഗോള താപനം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ഇത്തരത്തിൽ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടെക്കൂടെ ഉണ്ടാകാനും ഇടയുണ്ട്.
മറുനാടന് ഡെസ്ക്