ഡബ്ലിൻ: കുട്ടികൾ കുരുത്തക്കേട് കാണിക്കുന്നത് കണ്ടാൽ അതു സഹിക്കുകയോ ഇനി നിവൃത്തിയുള്ളൂ. കുട്ടികളെ തല്ലുന്നത് വിലക്കുന്ന നിയമങ്ങൾ സർക്കാർ നടപ്പാക്കാൻ ഒരുങ്ങുകയാണ്. അയർലണ്ടിൽ കുട്ടികളെ തല്ലുന്നത് അനുവദിക്കുന്ന നിയമത്തിനെതിരേ യൂറോപ്യൻ കൗൺസിൽ രംഗത്തെത്തിയതോടെയാണ് അയർലണ്ട് ഇതുസംബന്ധിച്ച് നിലവിലുള്ള നിയമം പരിഷ്‌ക്കരിക്കുന്നത്.

ചെറിയ കുട്ടികളുടെ അവകാശ ധ്വംസനമാണ് കുട്ടികളെ തല്ലുന്നതിലൂടെ നടത്തുന്നത് എന്ന് കൗൺസിൽ ഓഫ് യൂറോപ്പിന്റെ പരമാർശനം വന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ഇതുസംബന്ധിച്ച് നിലനിൽക്കുന്ന നിയമം പൊളിച്ചെഴുതും. പുതിയ നിയമത്തെക്കുറിച്ച് ഇന്ന് സർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കുട്ടികൾക്കും ചെറുപ്പക്കാർക്കും നേരെയുള്ള അവഗണന, വയലൻസ്, ചൂഷണം എന്നിവ അവസാനിപ്പിക്കുന്നതിന് യൂറോപ്യൻ സോഷ്യൽ ചാർട്ടർ നിർദേശിച്ചിട്ടുള്ള നിയമങ്ങൾ അയർലണ്ടിൽ നടപ്പാക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കു നേരേയുള്ള ശാരീരിക മർദന മുറകളും ശിക്ഷാ നടപടികളും വിലക്കുന്ന നിയമമാണ് യൂറോപ്യൻ കൗൺസിൽ നടപ്പാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് അയർലണ്ടും പുതിയ നിയമപരിഷ്‌ക്കാരം കൊണ്ടുവരുന്നത്.

അയർലണ്ടിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം 15 വർഷം മുമ്പ് നിലവിൽ വരുത്തിയെങ്കിലും മാതാപിതാക്കൾക്കും ചൈൽഡ് കെയറർമാർക്കും ആവശ്യമെങ്കിൽ കുട്ടികളെ തല്ലാം എന്ന നിലപാടിൽ തന്നെയായിരുന്നു രാജ്യം. എന്നാൽ യൂറോപ്യൻ കൗൺസിലിന്റെ വിമർശനം ഏൽക്കേണ്ടി വന്നതോടെ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി ജെയിംസ് റീലി വ്യക്തമാക്കിയിരിക്കുന്നത്. താമസസ്ഥലത്തോ കുട്ടികൾക്കായുള്ള കേന്ദ്രങ്ങളിലോ വച്ച് ഒരു കാരണവശാലും കുട്ടികളെ തല്ലുന്നത് വിലക്കിക്കൊണ്ടായിരിക്കും പുതിയ നിയമനിർമ്മാണം.