കൊച്ചി: ആർത്തവ ദിനങ്ങളിൽ സാനിറ്ററി പാഡുകൾക്ക് ബദലായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബി ഈഡൻ എംപി ആരംഭിച്ച 'കപ്പ് ഓഫ് ലൈഫ്' പദ്ധതിയെക്കുറിച്ച് യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റി സംവാദം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ എംഎസ്സി ഹെൽത്ത് സയൻസിൽ കപ്പ് ഓഫ് ലൈഫ് പദ്ധതി കേസ് സ്റ്റഡിയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഹൈബി ഈഡൻ എംപിയെ പങ്കെടുപ്പിച്ചുകൊണ്ട് സംവാദം സംഘടിപ്പിച്ചത്. പരിപാടിയിൽ ഹൈബി ഈഡൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

തന്റെ നിയോജകമണ്ഡലമായ എറണാകുളത്ത് നടപ്പാക്കിയ പദ്ധതിക്ക് സ്ത്രീകളിൽ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹൈബി ഈഡൻ പറഞ്ഞു. സാനിറ്ററി നാപ്കിനെ അപേക്ഷിച്ച് മെൻസ്ട്രൽ കപ്പുകൾ പരിസ്ഥിതി സൗഹൃദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശരിയായി സംസ്‌കരിക്കാത്ത സാനിറ്ററി നാപ്കിനുകൾ ഭൂമിയെ വിഷമയമാക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമുഖ ബ്രിട്ടിഷ് വിദ്യാഭ്യാസ കമ്പനിയായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (ഐഎസ്ഡിസി) പരിപാടിയുടെ ഏകോപനം നടത്തിയത്. ഇന്ത്യയിൽ ബ്രിട്ടിഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഎസ്ഡിസി. ഐഎസ്ഡിസി എക്സിക്യുട്ടിവ് ഡയറക്ടർ ടോം ജോസഫ്, ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടർ ജോൺ സേവ്യർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

എറണാകുളത്ത് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിരുന്നു. എറണാകുളം ജില്ലാ ഭരണകൂടം, ഐഎംഎ കൊച്ചി എന്നിവയുടെ സഹകരണത്തോടെയും മുത്തൂറ്റ് ഫിനാൻസിന്റെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.