- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂരത്തിന്റെ നാട്ടുകാർ ബെൽഫാസ്റ്റിൽ നടത്തിയ തൃശ്ശൂർ ജില്ലാ സംഗമം അതിഗംഭീരമായി
ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാർ നോർത്തേൺ അയർലന്റിന്റെ തലസ്ഥാനനഗരമായ ബെൽഫാസ്റ്റിൽ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വർണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ബെൽഫാസ്റ്റിലെ ഡൺമുറി കമ്മ്യൂണിറ്റി അസോസിയേഷൻ ഹാളിൽ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോർത്തേൺ അയർലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി മാറി. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ് ഓക്സ്ഫോർഡിൽ നടത്തിയ കഴിഞ്ഞ ജില്ലാ സംഗമത്തിനുശേഷം മരണപ്പെട്ട സംഘടനയുടെ രക്ഷാധികാരിയായിരുന്ന ടി. ഹരിദാസ്, ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരിയായിരുന്ന സിസിലി ജോർജ്, ജില്ലാ സംഗമത്തിന്റെ മുൻ സംഘാടകനായിരുന്ന മോഹൻദാസ് കുന്നൻചേരി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു.
ബ്രിട്ടനിലെ അറിയപ്പെടുന്ന തുറമുഖ നഗരമായ ബെൽഫാസ്റ്റിലെ തൃശ്ശൂർ ജില്ലാ നിവാസികൾ രാവിലെ മുതലുള്ള മഴയെ കൂസാതെ തങ്ങളുടെ ജില്ലാ കുടുംബസംഗമത്തിലേയ്ക്ക് ഡൺമുറി കമ്മ്യൂണിറ്റി അസോസിയേഷൻ ഹാളിനെ ലക്ഷ്യംവെച്ച് വന്നുകൊണ്ടിരുന്നു.
ദീപ്തിയുടെ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ സമ്മേളനത്തിൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കൾ നിലവിളക്കിൽ ഭദ്രദീപം കൊളുത്തി ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്രിട്ടനിലെ തൃശ്ശൂർ ജില്ലാ സൗഹൃവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്സൺ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസകളർപ്പിച്ചുകൊണ്ട് നേതാക്കളായ ഡേവീസ് ചുങ്കത്ത്, റെയ്നോ പോൾ, ഡിറ്റോ ജോസ് എന്നിവർ ്പ്രസംഗിച്ചു. ജോസ് പൗലോസ് സ്വാഗതവും മിനി ഡേവീസ് നന്ദിയും പറഞ്ഞു.
ലോകപ്രസിദ്ധമായ ടൈറ്റാനിക് കപ്പലിന് ജന്മം കൊടുത്ത ബെൽഫാസ്റ്റ് സിറ്റിയിലെ തൃശ്ശൂർ നിവാസികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് തികച്ചും ഒരു തൃശ്ശൂർ പൂരത്തിന്റെ ആനന്ദലഹരിയിൽ അമരുകയായിരുന്നു ജില്ലാ നിവാസികൾ അന്നത്തെ മുഴുവൻ ദിവസവും.
ലാഗൺ നദിയുടെ തീരത്തുള്ള ബെൽഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ ജില്ലാ കുടുംബസംഗമത്തിനെ ജില്ലാ നിവാസികൾ ശക്തമായ ജനസാന്നിധ്യം നൽകിക്കൊണ്ടാണ് സ്വീകരിച്ചത്.
ജില്ലാസംഗമത്തിലെ സ്വയം പരിചയപ്പെടുത്തൽ ജില്ലാ നിവാസികൾക്ക് വ്യത്യസ്ത അനുഭവമായി മാറി. നോർത്തേൺ അയർലന്റിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ചിന്നിച്ചിതറിക്കിടന്നിരുന്ന ജില്ലാ നിവാസികൾക്ക് ഇത് പരിചയപ്പെടാനും പരിചയം ഉള്ളവർക്ക് അത് വീണ്ടും പുതുക്കാനുമുള്ള ഒരു സുവർണ്ണാവസരമായി മാറി ജില്ലാ സംഗമം.
പൊതുസമ്മേളനത്തിനും തുടർന്ന് നടന്ന കലാപരിപാടികൾക്കും മരിയ ജോർജ്ജും, ജോഷി ജോസും കൂടി നടത്തിയ ആങ്കറിങ് കാണികളിൽ പ്രശംസ പിടിച്ചുപറ്റി. മിനിയും ഡോളിയും രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി.
തനതായ തൃശ്ശൂർ രുചിയുള്ള ഉച്ചഭക്ഷണം ജില്ലാ നിവാസികൾക്ക് സ്വന്തം നാടിന്റെ രുചിക്കൂട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരു അവസരമായി മാറി.
റാഫിൽ ടിക്കറ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ സംഘടനയുടെ പ്രസിഡന്റ് അഡ്വ.ജെയ്സൻ ഇരിങ്ങാലക്കുട നൽകി.
കോവിഡ് എന്ന മഹാമാരിക്കുശേഷം ആദ്യമായി നടന്ന ജില്ലാസംഗമത്തിന്റെ വനിതാവിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ഡോളി, ജിഷ, റഹ്ന, സഹന, ദീപ്തി, മിനി, മരിയ എന്നിവർ നേതൃത്വം നൽകി.
ബ്രിട്ടനിലെ തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ ദേശീയ നേതാക്കൾ പങ്കെടുത്ത സമ്മേളനം കോവിഡിനുശേഷം നടന്ന ജനപങ്കാളിത്തം വിളിച്ചുപറയുന്നതായിരു്ന്നു.
കേരളത്തിന്റെ പൂരത്തിന്റെ പൂരമായ തൃശ്ശൂർ പൂരം യുകെയിലെ തൃശ്ശൂർകാർക്ക് ഒരു ലഹരിയാണ്. ബ്രിട്ടനിലെ വ്യാവസായിക വി്പ്ലവത്തിന് തുടക്കം കുറിച്ച യുകെയിലെ തന്നെ പ്രമുഖ സിറ്റിയിൽ ഒന്നായ ബെൽഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന ജില്ലാസംഗമം ഒരു വൻവിജയമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ജോസഫ്, സനീഷ്, മേജോ, എബിൻ, റീജൺ, സ ലിൽ എന്നിവരുടെ പ്രവർത്തനങ്ങളെ ജില്ലാനിവാസികൾ നന്ദിയോടെ സ്മരിച്ചു.
ബ്രിട്ടന്റെ കടൽ കടന്ന് തൊട്ടടുത്ത രാജ്യമായ അയർലന്റുമായി തൊട്ടുരുമ്മിക്കിടക്കുന്ന നോർത്തേൺ അയർലന്റിൽ എത്തിയ തൃശ്ശൂർ ജില്ലാ കുടുംബസംഗമത്തെ രണ്ടും കൈയുംനീട്ടി സ്വീകരിച്ച ബെൽഫാസ്റ്റിലെ ജില്ലാ നിവാസികൾക്ക് ദേശീയ നേതൃത്വം നന്ദി രേഖപ്പെടുത്തി.
പ്രതികൂലമായ കാലാവസ്ഥയിലും തങ്ങളുടെ ജില്ലാസംഗമത്തിന് അകമഴിഞ്ഞ പിന്തുണ നൽകി തങ്ങളുടെ സ്നേഹ അഭിവാദ്യങ്ങൾ കുടമാറ്റം പോലെ നൽകിക്കൊണ്ട് പരസ്പരം വിടചൊല്ലിയാണ് ശക്തന്റെ നാട്ടുകാർ അരങ്ങൊഴിഞ്ഞത്.