വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കിയ ക്രിസ്മസ് പുതുവൽസരാഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഡിസംബർ 30ന് വൈകീട്ട് നാലുമണിയോടെ, ഇന്ത്യൻ സമയം രാത്രി 8.30ന്, വെർച്ചൽ പ്ലാറ്റ് ഫോമിലൂടെ നടന്ന ക്രിസ്മസ് പുതുവൽസരാഘോഷം ഷീജ ഷിൽഡ്കാമ്പിന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയുടെ അടുത്ത സമ്മേളനം ജനുവരി 27 നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പോസ്റ്റോളിക് വിസിറ്റേറ്ററായ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തും പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ആത്മീയ ഗുരുവും ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയുമായ സ്വാമി ഗുരുരത്‌ന ജ്ഞാനതപസിയും ചേർന്നു ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. നിസ്സഹായരായ സഹജീവികളുടെ ജീവിതത്തിലേക്ക് കാരുണ്യ പ്രവർത്തനങ്ങളിലൂടെ കടന്നു വരണമെന്നും വേൾഡ് മലയാളി കൗൺസിൽ അത് നന്നായി ചെയ്യുന്നുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും, സ്വാമി ഗുരുരത്‌ന ജ്ഞാനതപസി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിച്ചു കൊണ്ടുവരുവാൻ വേൾഡ് മലയാളി കൗൺസിൽ പോലെയുള്ള സംഘടനകൾക്കേ കഴിയുവെന്നും ജ്ഞാനതപസി പറഞ്ഞു. വേൾഡ് മലയാളി കൗൺസിലിന്റെ സജീവ പ്രവർത്തകനും, NRK പ്രസിഡന്റുമായ അബ്ദുൾ ഹാക്കിയുമായുള്ള ദീർഘകാലമായ സൗഹൃദമാണ് തനിക്ക് വേൾഡ് മലയാളി കൗൺസിലിനെപ്പറ്റി കൂടുതൽ അറിയുവാൻ കഴിഞ്ഞതെന്നു അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.

ആകാശത്തു കൂടി പോകുന്ന വിമാനത്തെ നോക്കി ഒരു കൊച്ചുകുട്ടി ഇത് ചെറുതാണെന്നു പറയുകയും, എന്നാൽ വിമാനം അടുത്തു കണ്ടപ്പോൾ ഇത്രയും വലിപ്പമുള്ള വിമാനമാണോ ആകാശത്തു കൂടി പോയതെന്നു അദ്ഭുതത്തോടെ തന്റെ പിതാവിനോടു പറയുന്നതുപോലെയാണ് നാം ദൈവത്തിൽ നിന്ന് അകലുമ്പോൾ ഈശ്വരനെ കാണുന്നതെന്നും എന്നാൽ ദൈവത്തോടു കൂടുതൽ അടുത്തു നിൽക്കുമ്പോൾ അതിന്റെ യഥാർത്ഥ ശക്തി നമുക്കു മനസിലാകുമെന്നും ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.