പൊതു ഗതാഗതത്തിന് അൺലിമിറ്റഡ് ടിക്കറ്റുമായി ജർമനി വീണ്ടും രംഗത്തെത്തി. ട്രെയ്‌നുകളും ട്രാമുകളും ബസുകളും അടങ്ങുന്ന പൊതു ഗതാഗത സംവിധാനം കൂടുതൽ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ ജർമനി 49 യൂറോയുടെ ടിക്കറ്റ് ലോഞ്ച് ചെയ്തു. ഇതുപയോഗിച്ച് പ്രതിദിനം 1.60 യൂറോ മാത്രം ചെലവിൽ എത്ര വേണമെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ആഭ്യന്തര യാത്രകൾ നടത്താം.

ഒമ്പത് യൂറോ ടിക്കറ്റ് പദ്ധതിയുടെ വൻ വിജയമാണ് ഇതു വിപുലീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പെർമനന്റ് സീസൺ ടിക്കറ്റ് സബ്‌സ്‌ക്രിപ്ഷൻ എന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവർത്തനം.

ഔപചാരികമായി ലോഞ്ച് ചെയ്‌തെങ്കിലും പുതിയ പദ്ധതി പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ല. എത്രയും വേഗം ഇതു ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്നിന് ഇതു രാജ്യവ്യാപകമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജർമൻ പൗരന്മാരെ കൂടാതെ വിദേശികൾക്കും ഇതു വാങ്ങാനാവും. മുൻകൂർ ബുക്കിങ് ആവശ്യമില്ല.