ലണ്ടൻ: വിമാനയാത്ര സൗകര്യവും വേഗതയുമുള്ളതാണെങ്കിലും നിനച്ചിരിക്കാതെ വിമാനം റദ്ദാക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ വിമാനം പൊടുന്നനെ റദ്ദാക്കുന്നതിനെ തുടർന്ന് യാത്രക്കാർക്കുണ്ടാകുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിൽ നിരവധി വിമാനക്കമ്പനികൾ നിരുത്തരവാദിത്വം കാണിക്കുന്നതാണ് ഇത്തരത്തിൽ യാത്രക്കാരെ വലയ്ക്കാൻ പ്രധാന കാരണം. എന്നാൽ ഇത്തരത്തിലുള്ള അലംഭാവം വിമാനം റദ്ദാക്കുന്ന അവസരത്തിൽ കാണിക്കാൻ പാടില്ലെന്നാണ് യൂറോപ്യൻ യൂണിയൻ വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന പുതിയ കർക്കശ നിർദ്ദേശം.

അതായത് വിമാനം റദ്ദാക്കിയാൽ എത്രയും വേഗം യാത്രക്കാരെ ആ റൂട്ടിലുള്ള മറ്റൊരു വിമാന കമ്പനിയുടെ ഫ്ലൈറ്റിൽ കയറ്റി അയക്കണമെന്ന കർശന നിർദേശമാണ് യൂറോപ്യൻ യൂണിയൻ എയർലൈൻ കമ്പനികൾക്ക് നൽകിയിരിക്കുന്നത്. തങ്ങളുടെ വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കേണ്ടി വരുന്നതിനെ തുടർന്ന് അതിലെ യാത്രക്കാർക്ക് അന്നേ ദിവസം തങ്ങളുടെ മറ്റ് വിമാനങ്ങളിൽ സീറ്റ് നൽകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ എതിരാളികളായ കാരിയർമാരുടെ വിമാനങ്ങളില്ലെങ്കിലും യാത്രക്കാരെ കയറ്റി വിടാൻ സൗകര്യമൊരുക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി പ്രാബല്യത്തിലുള്ള ഇത് സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമം റെഗുലേഷൻ ഇയു261 എന്നാണ് അറിയപ്പെടുന്നത്. ഇത് പ്രകാരം വിമാനം റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാരെ സാധ്യമായ ഏറ്റവും നേരത്തെയുള്ള അവസരത്തിൽ അവരുടെ ലക്ഷ്യത്തിലെത്തുന്നതിനുള്ള മാർഗം ഏർപ്പെടുത്തിക്കൊടുക്കണമെന്നാണ് ഈ നിയമം എയർലൈൻ കമ്പനികളോട് നിഷ്‌കർഷിക്കുന്നത്. എന്നാൽ 30 മുൻനിര യൂറോപ്യൻ എയർലൈനുകളുടെ റീ-റൂട്ടിങ് പോളിസികളെ പറ്റി സിവിൽ ഏവിയേഷൻ അഥോറിറ്റി പഠിച്ചിരുന്നു. വിമാനം റദ്ദാക്കപ്പെടുന്നതിനെ തുടർന്ന് അതിൽ പോകേണ്ടിയിരുന്ന യാത്രക്കാർക്ക് മറ്റൊരു എയർലൈനിൽ പറക്കാൻ സാധിക്കുമെന്ന് ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ഈ കമ്പനികളൊന്നും സുതാര്യമായ നയങ്ങൾ പാലിക്കുന്നില്ലെന്നാണ് ഈ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ഇത്തരത്തിൽ വിമാനം റദ്ദാക്കപ്പെടുന്നതിനെ തുടർന്ന് പകരം അതേ കമ്പനിയുടെ വിമാനം ലഭിക്കുന്നതിനായി ഒരാഴ്ച വരെ കാത്തിരിക്കേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി യാത്രക്കാർ മുന്നോട്ട് വന്നിരുവെന്ന് ദി ഇന്റിപെന്റന്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അതേ സമയം പ്രസ്തുത റൂട്ടുകളിൽ മറ്റ് വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ സീററുകൾ സുലഭമായിട്ടും തങ്ങളെ അതിൽ കയറ്റി വിട്ടിരുന്നില്ലെന്നും നിരവധി യാത്രക്കാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സാധാരണയായി ഇത്തരത്തിൽ വിമാനം റദ്ദാക്കുന്നതിനെ തുടർന്ന് യാത്രക്കാർ സ്വന്തം നിലയിൽ മറ്റൊരു വിമാനക്കമ്പനിയുടെ വിമാനത്തിൽ കയറിപ്പോയാൽ ഉയർന്ന ചാർജ് നൽകേണ്ടി വരുന്നുണ്ട്.

ഇത് നേരത്തെയുള്ള കമ്പനിയിൽ നിന്നും ഈടാക്കുന്നതിനും ഏറെ കടമ്പകൾ താണ്ടേണ്ടിയും വരുന്നുണ്ട്. വിമാനം മുടങ്ങിയാൽ അതേ റൂട്ടിലുള്ള തൊട്ടടുത്ത വിമാനത്തിൽ സീറ്റുണ്ടെങ്കിൽ അതേ ക്ലാസിൽ യാത്ര ചെയ്യാൻ അവകാശമുണ്ടെന്നും അതിന് വിമാനക്കമ്പനികൾ സൗകര്യം ചെയ്തുകൊടുക്കണമെന്നുമാണ് സിഎഎ നിഷ്‌കർഷിക്കുന്നത്. റദ്ദാക്കലിന്റെ കാരണം, എത്രമാത്രം സമയം വൈകി തുടങ്ങിയവയെ അടിസ്ഥാനമാക്കി യാത്രക്കാർക്ക് 525 പൗണ്ട് വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഓർത്താൽ നന്നായിരിക്കും.