സ്ട്രാസ്ബർഗ് (ഫ്രാൻസ്): സമൂഹ മാധ്യമത്തിന്റെ പ്രചാരം വർധിക്കും തോറും അതു വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളും വർധിച്ച് വരികയാണ്. ഈ അവസരത്തിലാണ് ഇത്തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം. സന്ദേശങ്ങൾ സംബന്ധിച്ച് പരാതി ലഭിച്ചാൽ ഒരു മണിക്കൂറിനകം നീക്കം ചെയ്യണം.

ട്വിറ്റർ, ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾക്കാണ് ഈ നിർദ്ദേശം നൽകിയത്. ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു സംഘടനയിലേക്കു ഭീകരർ ആളെക്കൂട്ടുകയും നഗരങ്ങളിൽ ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു തീരുമാനം. കമ്പനികൾ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനാലാണു നിലപാടു കടുപ്പിക്കുന്നതെന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലൗഡ് യങ്കർ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ട 7000 ഓൺലൈൻ പ്രചാരണങ്ങളാണു യൂണിയൻ ഇടപെട്ടു നീക്കിയത്. വിധ്വംസക ഉള്ളടക്കം സ്വന്തം നിലയ്‌ക്കോ റിപ്പോർട്ട് ചെയ്ത് ഒരു മണിക്കൂറിനകമോ നീക്കം ചെയ്യണമെന്നാണു പുതിയ നിയമം. ഇല്ലെങ്കിൽ, കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനം പിഴയായി അടയ്‌ക്കേണ്ടി വരും.