ബെർലിൻ: ലുഫ്താൻസയുടെ ബജറ്റ് എയർലൈൻ ആയ യൂറോ വിങ്സ് കാബിൻ ക്രൂ യൂണിയൻ പണിമുടക്കിന്. വ്യാഴാഴ്ച പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതോടെ നാല്പതിനായിരത്തോളം യാത്രക്കാർ വലയുമെന്നാണ് കരുതുന്നത്. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ജർമനിക്കുള്ളിൽ തന്നെ സർവീസ് നടത്തുന്ന ഒട്ടുമിക്ക വിമാനങ്ങളും യൂറോ വിങ്സ് റദ്ദാക്കിയിട്ടുണ്ട്.

യൂറോ വിങ്സിനൊപ്പം തന്നെ ജർമൻ വിങ്സ് കാബിൻ ക്രൂവും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. 550 വിമാനങ്ങളുള്ളതിൽ നാനൂറോളം തന്നെ റദ്ദാക്കിയിരിക്കുകയാണ്. അതേസമയം പണിമുടക്ക് ഇന്റർനാഷണൽ സർവീസുകളെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകാനും മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വെക്കേഷൻ കഴിഞ്ഞ് നാട്ടിലേക്ക് തിരികെ പോകുന്നവരുടെ യാത്ര മുടങ്ങാതിരിക്കാൻ മറ്റു എയർലൈനുകളിൽ നിന്ന് യൂറോ വിങ്സ് ജീവനക്കാരെ താത്ക്കാലികാടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നുമുണ്ട്.

വേതന വ്യവസ്ഥകളെ ചൊല്ലിയാണ് കാബിൻ ക്രൂ ജീവനക്കാർ പണിമുടക്കിന് ആഹ്വാനം നടത്തിയത്. തങ്ങളുടെ ആവശ്യം നടപ്പാക്കിക്കിട്ടുന്നില്ലെങ്കിൽ ഉടൻ തന്നെ മറ്റൊരു പണിമുടക്കു കൂടി കമ്പനി നേരിടേണ്ടി വരുമെന്ന് യൂറോവിങ്സ് മാനേജ്മെന്റിനെ ജീവനക്കാർ അറിയിച്ചിട്ടുണ്ട്.