ബ്രസൽസ്: കടക്കെണിയിലായിരിക്കുന്ന ഗ്രീസിനെ രക്ഷിക്കുന്നതിന് രൂപം നൽകിയിട്ടുള്ള സാമ്പത്തിക രക്ഷാ പാക്കേജ് നാലു മാസത്തേക്കൂ കൂടി ദീർഘിപ്പിക്കാൻ യൂറോ സോൺ അനുമതിയായി. ഫെബ്രുവരി 28ന് ഇപ്പോഴത്തെ പാക്കേജിന്റെ കാലവധി അവസാനിക്കുന്നതോടെ നാലു മാസം കൂടി പദ്ധതി ദീർഘിപ്പിക്കാനുള്ള അനുമതി തേടി ഗ്രീസ് യൂറോ സോണിനെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യൂറോസോൺ ധനമന്ത്രിമാർ ചേർന്ന് പദ്ധതി ദീർഘിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

പാക്കേജ് അവസാനിപ്പിച്ച് അതിനു പകരം കൂടുതൽ വായ്പയെടുത്ത് കടക്കെണിയിൽ നിന്നു രക്ഷപ്പെടുക എന്ന ഗ്രീസിന്റെ നിർദ്ദേശം യൂറോസോൺ തള്ളിയതിനെതുടർന്നാണ് രക്ഷാ പാക്കേജ് ദീർഘിപ്പിക്കാൻ യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുടെ അനുമതി തേടിയത്. നികുതി പിരിച്ചെടുക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുക, സർക്കാർ ചെലവുകൾ വെട്ടിച്ചുരുക്കുക, ഗ്രീക്ക് സമ്പദ് വ്യവസ്ഥയുടെ നിശ്ചിത മേഖലകൾ സ്വകാര്യവത്ക്കരിക്കുക തുടങ്ങിയ നടപടികളാണ് ഗ്രീസ് മുന്നോട്ടു വച്ചിട്ടുള്ളത്.

രക്ഷാപക്കേജ് നാലു മാസത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള യൂറോ സോൺ അനുമതി വന്നതോടെ പ്രധാന സ്റ്റോക്ക് മാർക്കറ്റായ ഏഥൻസ് ചൊവ്വാഴ്ച പത്തു ശതമാനം കൂടി ഉയർന്ന് മൂന്നു മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.