ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യ ബിഷപ്പായി റവ ലിബി ലെയ്ൻ ചുമതലേൽക്കുന്ന ചടങ്ങിൽ മുദ്രാവാക്യ വിളികളുമായി വൈദികൻ. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മുഹൂർത്തത്തിലാണ് മുദ്രാവാക്യവിളികളുമായി വൈദികൻ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായത്.

നാല്പത്തെട്ടുകാരിയായ ലിബി ലെയ്ൻ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഡിസംബർ മാസത്തിലാണ് റവ ലിബി ലെയ്‌നിലെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യ വനിതാ ബിഷപ്പായി തെരഞ്ഞെടുക്കുന്നത്. ശേഷം ഇന്നലെ യോർക്ക് മിൻസ്റ്ററിലെ പള്ളിയിൽ ആർച്ച് ബിഷപ് ഓഫ് യോർക്ക് ജോൺ സെന്റന്റെ മുഖ്യ കാർമികത്വത്തിൽ ബിഷപ്പായി വാഴിക്കുന്ന ചടങ്ങിലാണ് വൈദികനായ റവ പോൾ വില്യംസൺ മുദ്രാവാക്യവിളിയുമായി രംഗത്തെത്തിയത്.


സ്‌റ്റോക്ക്‌പോർട്ട് ബിഷപ്പായിട്ടാണ് റവ. ലിബി ലെയ്‌നിനെ തെരഞ്ഞെടുത്തിട്ടുള്ളത്. വനിതകളെ ബിഷപ്പായി വാഴിക്കുന്നതിനെ ശക്തമായി എതിർക്കുന്ന വൈദികനാണ് റവ പോൾ വില്യംസൺ. അതേസമയം മുമ്പും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൽ നടത്തി ശ്രദ്ധ നേടിയിട്ടുള്ളയാളാണ് റവ. വില്യംസൺ. പരമ്പരാഗത വിശ്വാസങ്ങളിൽ മുറുകെ പിടിക്കുന്ന റവ വില്യംസൺ വനിതകളെ സഭയുടെ ഔദ്യോഗിക പദവികളിൽ നിയമിക്കുന്നതിനെ മുമ്പും ശക്തമായി എതിർത്തിരുന്നു. ലണ്ടൻ ഹാൻവെൽ സെന്റ് ജോർജ് ചർച്ചിലെ പ്രീസ്റ്റ് ഇൻ ചാർജാണ് നിലവിൽ റവ വില്യംസൺ.

നൂറ്റാണ്ടുകളോളമായി സഭയിൽ നിലനിന്നിരുന്ന കീഴ് വഴക്കത്തെ മാറ്റിമറിച്ചുകൊണ്ടാണ് റവ ലിബി ലെയ്ൻ ബിഷപ്പായി ചുമതലയേൽക്കുന്നത്. വനിതകളെ ബിഷപ്പായി നിയമിക്കുന്നതു സംബന്ധിച്ച് ആഴ്ചകളോളം സിനഡിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് റവ. ലിബിയെ ആദ്യത്തെ വനിതാ ബിഷപ്പായി തെരഞ്ഞെടുത്തത്.

പുതിയ ബിഷപ്പിനെ വാഴിക്കുന്ന ചടങ്ങിൽ ബിഷപ്പ് ഡോ.സെന്റമു സഭാ അധികാരികളോട് അനുമതി ചോദിക്കുന്ന വേളയിലാണ് റവ. വില്യംസൺ അൽത്താരയ്ക്കു മുന്നിലേക്ക് വന്ന് ഉച്ചത്തിൽ ആക്രോശിക്കുന്നത്. ഇല്ല, ഇല്ല, ഇത് ബൈബിൾ അനുവദിക്കുന്നതല്ല എന്ന് അലറിവിളിച്ച റവ. വില്യംസൺ തനിക്ക് സഭാ അധികാരികളോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ റവ. വില്യംസണിന്റെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് ഡോ. സെന്റാമു റവ ലിബിയെ ബിഷപ്പാക്കിക്കൊണ്ടുള്ള സഭാ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

നാല്പത്തെട്ടുകാരിയായ ബിഷപ് ലിബി ലെയ്‌നിന്റെ ഭർത്താവ് ജോർജും വൈദികൻ തന്നെയാണ്. ഇരുപതും പതിനെട്ടും വയസുള്ള രണ്ടു മക്കളുണ്ട് ഈ ദമ്പതികൾക്ക്. 1994ൽ വൈദിക പട്ടം നേടിയ ഓക്‌സ്‌ഫോർഡ് സെന്റ് പീറ്റേഴ്‌സ് കോളേജിലാണ് ദൈവശാസ്ത്രം പഠിച്ചത്.