സാൻബെർനാർഡിനോ: ശക്തമായ കാട്ടുതീയെ തുടർന്ന് ഒഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെ തിരികെയെത്തിച്ച് അധികൃതർ. സതേൺ കാലിഫോർണിയയിൽ ശക്തമായ തോതിൽ കാട്ടുതീ ഉണ്ടായതിനെ തുടർന്ന് 82,000-ത്തോളം പേരെയാണ് വീടുകളിൽ നിന്ന് ഒഴിപ്പിച്ചിരുന്നത്. തങ്ങളുടെ വീടും വസ്തുവകകളും ഉപേക്ഷിച്ച് ജീവനുവേണ്ടി പാഞ്ഞവരെ ഞായറാഴ്ച തിരികെയെത്താൻ അധികൃതർ അനുവദിക്കുകയായിരുന്നു.

ലോസ് ആഞ്ചലസിന് 60 മൈൽ കിഴക്കു മാറിയാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. അതേസമയം ഉപേക്ഷിക്കപ്പെട്ട വീടുകളിൽ 105 എണ്ണത്തിന് അഗ്നിബാധയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ 216 കെട്ടിടങ്ങളും തീപിടുത്തത്തിൽ നശിച്ചു. ജനങ്ങൾ തിങ്ങിപ്പാർത്ത മേഖലകളിലേക്ക് തീപിടുത്തം ഉണ്ടായില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ആളുകളെ ഈ മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്. കൂടാതെ അഗ്നിബാധയെ തുടർന്നുള്ള പുകപടലങ്ങളും മറ്റും ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്നതിനാലും ആൾക്കാരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.

അഗ്നിബാധ ശക്തമായ സമയത്ത് ഇവിടെ ഗവർണർ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. 58 സ്‌ക്വയർ മൈൽ ചുറ്റളവിൽ തീ താണ്ഡവമാടി. വീടിനൊപ്പം ഉപേക്ഷിക്കപ്പെട്ട പട്ടികൾ, പൂച്ചകൾ, ഹാംസ്റ്റർ എന്നീ വളർത്തു മൃഗങ്ങളെ പലർക്കും തിരിച്ചെത്തിയപ്പോൾ കണ്ടെത്താനായിട്ടില്ല. ചിലർക്ക് വിലപ്പെട്ട രേഖകളും നഷ്ടമായിട്ടുണ്ട്. കാലിഫോർണിയയിൽ ഉണ്ടായ ശക്തമായ വരൾച്ച പിന്നീട് കാട്ടുതീ ഉണ്ടാകുന്നതിലേക്ക് നീങ്ങുകയായിരുന്നു.