പനാജി: ആർഎസ്എസ് നേതാവ് മോഹൻ ഭഗവത് ഹിന്ദുസ്ഥാനികളെല്ലാം ഹിന്ദുക്കളാണെന്ന് പറഞ്ഞതോടെ ബിജെപി നേതാക്കൾ ഇതിനെ പിന്തുണക്കുന്ന നിലപാട് ആവർത്തിച്ച് രംഗത്തെത്തിയിരിക്കയാണ്. ബിജെപി എംപി യോഗി ആദ്യത്‌നാഥ് അഭിപ്രായപ്പെട്ടതിന് പിന്നാലെ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കറും ആർഎസ്എസ് മേധാവിയെ പിന്തുണച്ച് രംഗത്തെത്തി. ഗൾഫ് നാടുകളിൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസി മുസ്ലിങ്ങളെ പോലും വിളിക്കുന്നത് ഹിന്ദുവെന്നാണ് ഗോവ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച ഗോവ നിയമസഭയിലാണ് മനോഹർ പരിക്കർ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യക്കാർ എന്ന അർഥത്തിലാണ് അറബികൾ ഇന്ത്യൻ ജനങ്ങളെ മുഖം ഹിന്ദ് എന്ന് വിളിക്കുന്നത്. ഇതിൽ തെറ്റുണ്ടെന്ന് പറയാനാകില്ലെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തു പഠനത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, വേദങ്ങളിൽ ഹിന്ദു എന്ന വാക്ക് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പ്രതാപസിങ് റാണെ പറഞ്ഞു.

അതിനിടെ ബിജെപിയുടെ എംപിമാർക്കായി ആർഎസ്എസ് ഇന്ന് പരിശീലന ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം പാർലമെന്ററി കാര്യ മന്ത്രി വെങ്കയ്യനായിഡുവിന്റെ ഔദ്യോഗിക വസതിയിലാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. ആർഎസ്എസിന്റെ ഔദ്യോഗിക വേഷത്തിലെത്തുന്ന എംപിമാരെ സംഘടനയുടെ രണ്ടാമനായ സുരേഷ് ഭയ്യാജി അതിസംബോധന ചെയ്യും. പാർട്ടി എംപിമാരുമായി ആർഎസ്എസ് നേതാക്കൾ ഇത്തരത്തിൽ കൂടിക്കാഴ്ച നടത്താറുണ്ട്. ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രഭാഷണത്തിനു ശേഷം ആന്ധ്രപ്രദേശിൽ നിന്നുള്ള സസ്യവിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

ആർഎസ്എസിനുള്ള പാർട്ടി എംപിമാരുടെ സംഭാവന സ്വീകരിക്കുന്നതിനായി ഒരു ഉന്നത നേതാവ് എല്ലാ വർഷവും എംപിമാരെ നേരിൽ കാണാറുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയത് ഒരു വ്യക്തിയുടെ മികവു കൊണ്ടല്ലെന്നും കൂട്ടായ്മയുടെ വിജയമാണെന്നും ആർഎസ്എസ് പ്രമുഖൻ മോഹൻ ഭഗവത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷം നൽകി അധികാരത്തിലെത്തിച്ച ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് എങ്ങനെ ഉയരണമെന്നതു സംബന്ധിച്ചാകും സുരേഷ് ഭയ്യാജി എംപിമാരോട് സംസാരിക്കുക എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.