ദോഹ: പാതിവഴിയിൽ സ്‌കൂൾ പഠനം നിർത്തിയ സ്വദേശികളും വിദേശികളുമായവർക്ക് തുടർപഠനത്തിന് അവസരമൊരുക്കി വൈകുന്നേരങ്ങളിൽ ക്‌ളാസ് നടത്താൻ പദ്ധതി ആവിഷ്‌കരിച്ചതായി സുപ്രീം എജ്യൂക്കേഷൻ കൗൺസിൽ അറിയിച്ചു. ഏഴ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള ക്‌ളാസുകളിലെ പഠനത്തിന് സെപ്റ്റംബർ 30ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുത്ത ഇൻഡിപെൻഡൻറ് സ്‌കൂളുകളിൽ നടക്കുന്ന ക്‌ളാസുകളിൽ പ്രായഭേദമന്യേ ഖത്തറിൽ സ്ഥിര താമസത്തിന് അവകാശമുള്ള എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാം.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒറിജിനൽ പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ്, ഇവയുടെ രണ്ട് വീതം പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, കഹ്‌റമാ രശീതി എന്നിവ രജിസ്‌ട്രേഷനായി സമർപ്പിക്കണം. മാതൃരാജ്യത്തെ ഖത്തർ എംബസി അറ്റസ്റ്റ് ചെയ്ത സ്‌കൂൾ സർട്ടിഫിക്കറ്റും ആവശ്യമാണ്. സ്‌കൂൾ ഫീസ് അടച്ചുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത സ്‌കൂളിൽ നിന്ന് തന്നെ പഠിതാക്കൾക്ക് പുസ്തകം ലഭിക്കും.