കുവൈറ്റ് സിറ്റി: ജോലിയുടെ സ്വഭാവം പരിഗണിക്കാതെ തന്നെ രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോടു കൂടി വർഷം 30 ദിവസത്തെ അവധിക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 2003- മുതൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തി നൽകിയ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2010 ഫെബ്രുവരി 20ന് നിലവിൽ വന്ന കുവൈറ്റ് ലേബർ നിയമം അനുസരിച്ച് ജോലിയുടെ സ്വഭാവം പരിഗണിക്കാതെ എല്ലാ തൊഴിലാളികൾക്കും 30 ദിവസത്തെ പെയ്ഡ് ലീവിന് അർഹരാണ്. മുമ്പ് ഇത് 14 ദിവസം, 21 ദിവസം, 30 ദിവസം എന്നിങ്ങനെയായിരുന്നു. ഇത് സർവീസ് കാലാവധിയുടെ അടിസ്ഥാനത്തിലുമായിരുന്നു കണക്കാക്കിയിരുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് ഒരു മാസത്തെ കമ്പനി തരുന്ന ലീവും 30 ദിവസത്തെ പെയ്ഡ് ലീവും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇപ്പോഴുള്ള 30 ദിവസത്തെ പെയ്ഡ് ലീവിൽ വീക്ക്‌ലി ഓഫും പബ്ലിക് ഹോളിഡേകളും ഉൾപ്പെടില്ലെന്നും കോടതി വെളിപ്പെടുത്തി.  നിയമങ്ങൾ തെറ്റിക്കുന്ന കമ്പനികൾക്കെതിരെ നിങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്.