ന്യൂഡൽഹി: മനുഷ്യന്റെ ജീവനേക്കാൾ പ്രാധാന്യമുള്ളതായി മറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകന്റെ ജീവിതത്തേക്കാൾ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധ റാലിക്കിടെ രാജസ്ഥാൻ സ്വദേശിയായ കർഷകൻ ആത്മഹത്യ ചെയ്ത വിഷയത്തെപ്പറ്റി ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി കർഷക ആത്മഹത്യ എല്ലാ ഗവൺമെന്റിന്റേയും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ തനിക്ക് വേദനയുണ്ട്. പ്രശ്‌നം പഴയതും ആഴമേറിയതുമാണ്. നമുക്ക് ഒരു ഉപായമാണ് കണ്ടെത്തേണ്ടത്. അതിനായി കൂട്ടായി ചിന്തിച്ച് ഒരു പരിഹാരം കാണേണ്ടത് ആവശ്യമാണെന്ന് മോദി പറഞ്ഞു. കർഷകരെ നമുക്ക് ഒറ്റക്ക് വിടാനാകകില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ തുറന്ന മനസോടെ ഏതൊരു നിർദ്ദേശവും അംഗീകരിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തന്റേയും പ്രധാനമന്ത്രിയുടേയും രാജ്യത്തിന്റേയും പേരിൽ ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സഭയിൽ അനുശോചനം രേഖപ്പെടുത്തി.

അതിനിടെ ഭൂമിയേറ്റെടുക്കൽ നിയമത്തിലെ ഭേദഗതിക്കെതിരേ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിംഗിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. സംഭവത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ജുഡീഷൽ അന്വേഷണം വേണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കർഷകൻ ഗജേന്ദ്ര സിങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആം ആദ്മി പാർട്ടി വോളന്റിയർമാരാണ് ആത്മഹത്യക്ക് പ്രേരണ നൽകിയെന്നും മരത്തിന് മുകളിൽ കയറിയ കർഷകനെ രക്ഷപെടുത്താൻ അവർ പൊലീസിനെ അനുവദിച്ചില്ലെന്നുമാണ് എഫ്. ഐ.ആറിൽ ആരോപിച്ചിരിക്കുന്നത്. സംഭവസമയത്ത് എ.എ.പി നേതാക്കൾ പ്രസംഗിക്കുകയും ജനങ്ങൾ ഉത്സാഹത്തോടെ കൈകൊട്ടുകയുമായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പലരും മരത്തിൽ നോക്കി നിൽക്കുകയായിരുന്നു. സ്ഥലത്തെത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. കർഷകന്റെ കൈയിൽ ഒരു ചൂലുണ്ടായിരുന്നു. വയർലസ് മുഖേന കൺട്രോൾ റൂമിലേക്ക് സന്ദേശം അയക്കുകയും ഗജേന്ദ്ര സിംഗിനെ പ്രകോപിപ്പിക്കാതെ അയാളെ സുരക്ഷിതനായി താഴെയെത്തിക്കണമെന്നും പൊലീസ് ജനങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ വേദിയിലുണ്ടായിരുന്ന എ.എ.പി നേതാക്കളോ പ്രവർത്തകരോ അനുയായികളോ പൊലീസിനെ സഹായിച്ചില്ല. തുടർന്ന് വയർലസിലൂടെ പൊതുജനങ്ങളോട് പ്രദേശത്ത് നിന്ന് മാറാനും അടിയന്തര സഹായത്തിനുള്ള വാഹനം അകത്തേക്ക് കടത്തിവിടാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. എന്നാൽ ജനക്കൂട്ടം സഹായിച്ചില്ലെന്ന് മാത്രമല്ല പൊലീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയാണ് ചെയ്തത്. പൊലീസ് എ.എ.പിക്ക് എതിരാണെന്നും അവരെ പ്രതിഷേധിക്കാൻ അനുവദിക്കുന്നില്ലെന്നും ജനക്കൂട്ടം ആരോപിക്കുകയായിരുന്നു. കർഷകൻ ആത്മഹത്യക്ക് മുതിരുന്നത് കണ്ട് അഗ്‌നിശമന സേനയ്ക്കും ഫോൺ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗജേന്ദർ തന്റെ കഴുത്തിൽ കുരുക്ക് ഇട്ടപ്പോഴും ജനങ്ങളിലാരും തന്നെ ഇടപെട്ടില്ലെന്നും പകരം എ.എ.പി പ്രവർത്തകരും നേതാക്കളും കൈകൊട്ടി അയാളെ പ്രേരിപ്പിക്കുകയാണ് ചെയ്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഗജേന്ദറിന്റെ പകുതി ശരീരം മരക്കൊന്പിൽ തങ്ങിയ നിലയിലായിരുന്നു. ചില ആളുകൾ അയാളെ താഴെയിറക്കാൻ ശ്രമിച്ചപ്പോൾ ഫയർഫോഴ്‌സ് വരുന്നത് വരെ കാത്ത് നിൽക്കണമെന്നും ജനങ്ങൾ മരത്തിൽ കയറരുതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പൊലീസിന്റെ അപേക്ഷ മാനിക്കാതെ കുറച്ച് പേർ ചേർന്ന് ഗജേന്ദറിനെ താഴെയിറക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരം താഴെ വീഴുകയായിരുന്നു.

ഗജേന്ദറിനെ പൊലീസ് വാഹനത്തിലാണ് കിടത്തിയതെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. എന്നാൽ വാഹനത്തിന് പോകാൻ വഴി നൽകുന്നതിന് പകരം കർഷകൻ തങ്ങളുടെ പാർട്ടി പ്രവർത്തകനാണെന്നും അവരുടെ വാഹനത്തിൽ ആശുപത്രിയിലെത്തിക്കാമെന്നും പറഞ്ഞ് എ.എ.പി പ്രവർത്തകർ വഴി തടയുകയിരുന്നു. അവസാനം കൂടുതൽ ഫോഴ്‌സിനെ ഉപയോഗിച്ചാണ് പൊലീസ് കർഷകന്റെ മൃതദേഹം ആർ.എം.എൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെയെത്തുന്‌പോഴേക്കും ഗജേന്ദർ മരിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ഈ എഫ്‌ഐആറിനെതിരെ ആംആദ്മിയും രംഗത്ത് വന്നു. ഡൽഹി പൊലീസിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ കള്ളക്കളി നടത്തുന്നുവെന്നാണ് അവരുടെ ആക്ഷേപം.

ബിജെപിയെയും ആം ആദ്മിയെയും ഒരേപോലെ ഒതുക്കാനുള്ള ആയുധമായി സംഭവത്തെ കണ്ട കോൺഗ്രസ് ഈ വിഷയം മുൻനിർത്തി കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിക്കാൻ തുടങ്ങി. ഈ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വിശദീകരണം. പാർലെന്റിലും ഡൽഹിയിലെ തെരുവിലും ഒരുപോലെ പ്രതിഷേധം ഉയർത്തിയാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഈ വിഷയം ഉയർത്തി പാർലമെന്റിൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയപ്പോൾ പ്രതിരോധം തീർക്കാൻ ബിജെപി നേതാക്കൾ പാടുപെട്ടു.

രാജസ്ഥാൻ സ്വദേശിയായ ഗജേന്ദ്ര സിംഗാണ് ആം ആദ്മിയുടെ റാലിക്കിടെ മരത്തിൽ കയറി കഴുത്തിൽ കയറിട്ട് ആത്മഹത്യ ചെയ്തത്. സംഭവം നടക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ അടക്കം വേദിയിലുണ്ടായിരുന്നു. രാഷ്ട്രീയക്കാരും പൊലീസും സംഭവം കണ്ടു കൊണ്ട് നിൽക്കുകയായിരുന്നെന്ന് വിഷയം പാർലമെന്റിൽ ഉന്നയിച്ച കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ സഭയിൽ പറഞ്ഞു. ചോദ്യോത്തര വേള ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സംഭവത്തെപ്പറ്റി 12 മണിക്ക് ശേഷം സഭയിൽ വിശദമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ അറിയിച്ചു. അപ്പോഴേക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സഭയിലെത്തുമെന്നും സ്പീക്കർ അറിയിച്ചു. എന്നാൽ സ്പീക്കറുടെ പ്രസ്താവനയിൽ സംതൃപ്തരാകാത്ത പ്രതിപക്ഷം വീണ്ടും ബഹളം തുടർന്നു.

സഭാനടപടികൾ നടത്താൻ അനുവദിക്കണമെന്ന് പാർലമെന്ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡു കൂപ്പുകൈകളോടെ പ്രതിപക്ഷത്തോടെ അപേക്ഷിച്ചു. കർഷകന്റെ ആത്മഹത്യ വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും നായിഡു പറഞ്ഞു. ബഹളം അധികരിച്ചതോടെ സഭ 12 മണിവരെ നിർത്തി വയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. ഇതേ വിഷയത്തിൽ രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന് സഭ 15 മിനിറ്റ് നിർത്തി വച്ചു.

വിഷയം രാജ്യസഭയെയും പ്രക്ഷുബ്ധമാക്കി. കർഷകൻ മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. സംഭവം നിർഭാഗ്യകരമാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ 12 മണിവരെ നിർത്തിവച്ചു. സംഭവം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർഷകന്റെ ആത്മഹത്യ വിഷയം ചർച്ച ചെയ്തിരുന്നു. കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് രാജ്‌നാഥ് സിങ് കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കർഷകന്റെ ആത്മഹത്യ വിഷയം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കർഷകന്റെ മരണത്തിന് കാരണം കേജ്‌രിവാളും എ.എ.പിയുമാണെന്ന് ആരോപിച്ച അവർ മുഖ്യമന്ത്രി നാടിന് അപമാനമാണെന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധിച്ചത്.

സംഭവത്തെക്കുറിച്ച് ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്.ബാസി ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നല്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മീഷണർ വ്യക്തമാക്കി.