സാവോപോളോ: ഒരു ഫുട്‌ബോൾ താരത്തിന്റെ കായിക ജീവിതതത്തിലെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ചോദിച്ചാൽ ഉത്തരം ലോകകപ്പ് മെഡൽ തന്നെയാകും. കാൽപന്തുകളിക്കാരനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത നേട്ടം തന്നെയാണിത്. എന്നാൽ, ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ ഒരംഗം തന്റെ തീവിതത്തിലെ അമൂല്യ നേട്ടം ലഹരിക്ക് വേണ്ടി വിറ്റുതുലച്ചു. 1970ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായ പൗളോ സെസാർ ലിമ ആണ് തനിക്ക് സമ്മാനമായി ലഭിച്ച സ്വർണമെഡൽ വിറ്റതായി വെളിപ്പെടുത്തിയത്. ലഹരി മരുന്ന് വാങ്ങാൻ പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ബ്രസീലിന്റെ മുൻ ലോകകപ്പ് താരം സ്വർണ മെഡൽ വിറ്റത്.

സ്വർണമെഡൽ വിറ്റതിൽ തനിക്ക് ഇപ്പോൾ പശ്ചാത്താപമുണ്ടെന്നും 65കാരനായ സെസാർ പറഞ്ഞു. ബ്രസീലിലെ ബൊട്ടാഫൊഗൊ, ഫ്‌ളെമിംഗോ, ഫ്‌ളെമിനെൻസ്, ഗ്രമിയോ, വാസ്‌കോ ഡ ഗാമ, കോറിന്ത്യൻസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള സെസാർ തന്റെ കളിയിലെ മികവുകൊണ്ടും ഫിനിഷിങ്ങിലെ ക്രിതൃതകൊണ്ടും രാജ്യന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ 1970ൽ ഫ്രാൻസിലെ മാഴ്‌സയ്ക്ക് വേണ്ടി കളിക്കുമ്പോളാണ് ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീട് ലഹരി ഒരു ശീലമാക്കിയതോടെയാണ് കായിക രംഗത്തുനിന്നും വിരമിച്ചതിന് ശേഷം പണം കണ്ടെത്താനായി ഇത്തരം വഴികൾ നോക്കാൻ സെസാർ നിർബന്ധിതനായത്. 1970, 1974 ലോകകപ്പുകളിൽ ബ്രസിൽ ടീമിന്റെ മിഡ്ഫീൽഡറായ ഗ്രൗണ്ടിലിറങ്ങിയ സെസാർ ബ്രസീലിനായി പത്ത് ഗോളുകളും അടിച്ചുകൂട്ടിയിരുന്നു.

ഫുട്‌ബോൾ ഇതിഹാസം മാറഡോണയും കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകൾക്ക് അടിമയായിരുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗം മാറഡോണയെ സാമ്പത്തികമായും ശാരീരികമായും ഏറെ ക്ഷീണിപ്പിച്ചിരുന്നു.