ദുബായ്: തിരുവനന്തപുരത്തു നിന്നും ദുബായിൽ എത്തിയ എമിറേറ്റ്‌സ് വിമാനം അപകടത്തിൽപ്പെട്ടപ്പോൾ വിമാനത്തിന് അകത്ത് എന്താണ് സംഭവിച്ചതെന്ന വീഡിയോ പുറത്തുവന്നിരുന്നു. വിമാന ജീവനക്കാർ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയുമുണ്ടായി. എന്നാൽ ലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ലാപ്‌ടോപ്പ് തിരയുന്നതിന്റെ ശബ്ദവും വീഡിയോയുമൊക്കെ ഈ വീഡിയോയിലൂടെ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും ട്രോളുകളും ഉയർന്നുവന്നു. അന്തർദേശീയ മാദ്ധ്യമങ്ങൾ പോലും മലയാളികളെ വിമർശിച്ച് വാർത്തകളെഴുതി. അതിനിടെ ആ സുരക്ഷാ വീഡിയോയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപവും പെരുകുകയാണ്.

ബാഗുകളും മറ്റും തിരയുന്ന മലയാളി യാത്രക്കാർ എന്ന വിധത്തിൽ വീഡിയോ പുറത്തുവന്നതോടെ എമിറേറ്റികളുടെ തന്നെ വംശീയ വെറി പുറത്തുവന്നു. ഇതിന് മറുപടിയുമായി ഇന്ത്യക്കാരും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ വംശീയ യുദ്ധം മുറുകുകയായിരുന്നു. എമിറേറ്റിലെ തന്നെ മുൻ ജീവനക്കാരനാണ് ഇന്ത്യക്കാർക്കെതിരെ വംശീയ വെറിയോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഇന്ത്യക്കാർ മെരുങ്ങാത്ത പന്നിയെലികളെന്ന്  അധിക്ഷേപിച്ചാണ് മുൻ വിമാന ജീവനക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫ.. റാറ്റ്‌സ്.. എന്ന് പറഞ്ഞായിരുന്നു അധിക്ഷേപ പോസ്റ്റ്. എന്ത് അപകടമാണ് അവരെ കാത്തിരിക്കുന്നതെന്ന് അവർക്ക് അറഇയില്ല. ഇന്ത്യൻ സെക്ടറിൽ കാണിക്കുന്നത് പോലെ വിഡ്ഡിത്തമാണ് അവർ കാണിച്ചത്. എല്ലാവരും  മുക്രയിട്ടതോടെ ജീവനക്കാർ പോലും ഭയന്നു പോയെന്നും വിമാനത്തിന്റെ മുൻ ജീവനക്കാരൻ അധിക്ഷേപിക്കുന്നു. തങ്ങളുടെ മുൻ സഹപ്രവർത്തകരുടെ ഉചിതമായ ഇടപെടലിൽ അഭിമാനമുണ്ടെന്നും ഇയാൾ ഫേസ്‌ബുക്കിൽ കുറിച്ചു.

വിമാന ജീവനക്കാരന്റെ വിമർശനത്തിന് കടുത്ത ഭാഷയിലാണ് ഇന്ത്യക്കാരും പ്രതികരിച്ചത്. ഈ പോസ്റ്റ് ശ്രദ്ധയിപ്പെട്ട ഇന്ത്യക്കാർ മറുപടിയുമായി രംഗത്തെത്തി. ഭയന്നപ്പോൾ സംഭവിച്ചത് മാത്രമാണെന്ന് ഇന്ത്യക്കാർ പറഞ്ഞെങ്കിലും വിമാന യാത്രക്കാരുടെ പ്രതികരണം വളരെ മോശമായിരുന്നു എന്ന് ഇയാൾ വീണ്ടും പറഞ്ഞു അധിക്ഷേപം തുടർന്നു. എന്നാൽ ഈയൊരു അവസ്ഥയിൽ മറ്റാരായാലും ഭയന്നു പോകുമെന്ന് ഇന്ത്യക്കാർ പറഞ്ഞു. അതേസമയം വിമർശനം കടുത്തതോടെ ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റ് ഡീലീറ്റ് ചെയ്തു. എന്നാൽ അപ്പോഴേക്കും ദുബായിലെ ഇന്ത്യക്കാരനായ റേഡിയോ ജോക്കിയും ചാനൽ അവതാരകനും സ്റ്റാറ്റസ്റ്റിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് വിമർശനം ഉന്നയിച്ചു.

ഇതോടെ എമിറ്റേറ്റിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. എന്നാൽ, വിമാനജീവനക്കാരന്റേത് വംശീയ അധിക്ഷേപമാണെന്ന് ഇന്ത്യക്കാർ പരാതിപ്പെട്ടു. ചുരുക്കത്തിൽ ദുരന്തമുഖത്തിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോയുടെ പേരിൽ വംശീയ അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. ഇതോടെ എമിറ്റേസ് വിമാനത്തിലെ ജീവനക്കാരിൽ പലരും ചിരിക്കുന്ന മുഖവുമായി രംഗത്തെത്തുമെങ്കിലും അതിൽ മയങ്ങരുതെന്നാണ് പാഠമെന്നാണ് ഇന്ത്യക്കാർ വിമർശിക്കുന്നത്.