ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോളിനെ പ്രതിക്കൂട്ടിലാക്കി വനിതാ ഫുട്‌ബോൾ ടീം മുൻ നായിക സോനാ ചൗധരിയുടെ ആരോപണങ്ങൾ. സംഘാടകർക്കും ഭാരവാഹികൾക്കും എതിരെ ലൈംഗിക ആരോപണവുമായി ചൗദരി രംഗത്ത് എത്തിയത്. വനിതാ ഫുട്‌ബോൾ ടീ അംഗങ്ങൾ പരിശീലകന്റെയും മറ്റും ലൈംഗിക പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സോനയുടെ വിവാദ വെളിപ്പെടുത്തൽ.

1998ലെ ഏഷ്യാ കപ്പിനിടെ പരുക്കേറ്റതിനേത്തുടർന്ന് രാജ്യാന്ത ഫുട്‌ബോളിൽ നിന്നു വിരമിച്ച സോനയുടെ ആരോപണങ്ങൾ സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി സർബാനന്ദ സൊനോവാൾ പറഞ്ഞു. അതേസമയം ഫുട്‌ബോൾ ഫെഡറേഷൻ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ ആരോപണങ്ങൾക്ക് പുതിയ തലത്തിലുമെത്തി. ഇന്ത്യൻ ഫുട്‌ബോളിന്റെ ശുദ്ധീകരണത്തിന് ഈ വെളിപ്പെടുത്തുകളെ ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നാണ് സൂചന.

'ഗെയിം ഇൻ ഗെയിം' എന്ന പേരിൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിലാണ് സോന എല്ലാം തുറന്നു പറയുന്നത്. ഫുട്‌ബോളിൽ സജീവമായിരുന്ന സമയത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൽ. ടീമിൽ സ്ഥാനം ലഭിക്കാൻ താരങ്ങൾക്ക് പലകുറി വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. താരങ്ങളെ പരിശീലകനും സെക്രട്ടറിയും നിരന്തരം പീഡനങ്ങൾക്ക് ഇരയാക്കുയായിരുന്നു അവർ വെളിപ്പെടുത്തി.

ടീം മാനേജ്‌മെന്റിലെ പല അംഗങ്ങളും താരങ്ങളെ വഴിവിട്ട ബന്ധങ്ങൾക്ക് പ്രേരിപ്പിക്കുമായിരുന്നെന്നും അവരിൽ നിന്ന് രക്ഷ നേടാൻ പലർക്കും സ്വവർഗാനുരാഗികളായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും സോന പറയുന്നു. അവരുമായി സഹകരിക്കാൻ വിസമ്മതിച്ച താരങ്ങളെ അവഗണിക്കുകയും പലരേയും മാനസികപീഡനങ്ങൾക്കിരയാക്കുകയും ചെയ്‌തെന്നും ആരോപണത്തിൽ പറയുന്നു. സംസ്ഥാനദേശീയ തലങ്ങളിലുള്ള ടീം അംഗങ്ങൾക്കും ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്.

ടൂര്ണമെന്റുകൾക്കായി ദൂരയാത്രകൾ വേണ്ടിവരുമ്പോൾ കോച്ചും ടീം മാനേജ്‌മെന്റ് അംഗങ്ങളും താരങ്ങളുടെ മുറികളിൽ തന്നെയാണ് ഉറങ്ങാറുള്ളതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും സോന നടത്തി. ഇതു സംബന്ധിച്ച് അധികാരികളോട് പരാതിപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലെന്നും അവർ പുസ്തകത്തിൽ ആരോപിക്കുന്നു.