ക്വാലലംപുർ: മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വസതികളിൽ നിന്നും കണ്ടെത്തിയ സ്വർണാഭരണങ്ങളും പണവും ആഡംബര വസ്തുക്കളും കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥർ. അഴിമതിയിലൂടെ സ്വരുക്കൂട്ടിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അമൂല്യ ശേഖരങ്ങളാണ് മുൻ പ്രധാനമന്ത്രിയുടെ വസയിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവ ഇനിയും എണ്ണിത്തിട്ടപ്പെടുത്താനായിട്ടില്ല.

72 സഞ്ചികളിലാണ് പിടിച്ചെടുത്ത ആഭരണങ്ങളും വിവിധ കറൻസികളിലുള്ള പണവും കൊണ്ടുപോയത്. 284 പെട്ടികളിൽ ഡിസൈനർ ബാഗുകളും. വിലകൂടിയ വാച്ചുകളടക്കം മറ്റ് ആഡംബര വസ്തുക്കളും പിടിച്ചെടുത്തവയിൽപ്പെടുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വിവിധ വസതികളിലും അപ്പാർട്ട്‌മെന്റുകളിലും നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും അടക്കമുള്ളവ കണ്ടെത്തിയത്. 18 മണിക്കൂറിലേറെ റെയ്ഡ് നീണ്ടു. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ വാണിജ്യ കുറ്റകൃത്യ അന്വേഷണ വിഭാഗം ഡയറക്ടർ അമർ സിങ് പറഞ്ഞു.

നജീബും ഭാര്യ റോസ്മയും രാജ്യം വിട്ടുപോകുന്നതിനു വിലക്കുണ്ട്. മുൻ പ്രധാനമന്ത്രിയുടേയും ഭാര്യയുടേയും ധൂർത്തിന്റേയും ആഡംബരത്തിന്റേയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അപൂർവമായ 22 കാരറ്റ് പിങ്ക് ഡയമണ്ട് നെക്ലേസ് ഉൾപ്പെടെ ആഭരണങ്ങളുടെ വൻ ശേഖരമാണ് റോസ്മയ്ക്കുണ്ടായിരുന്നതത്രേ. ഡിസൈനർ ബാഗുകൾ റോസ്മയുടെ ദൗർബല്യമായിരുന്നുവെന്നു പറയുന്നു. 70,000 ഡോളർ വാർഷിക ശമ്പളമുള്ള പ്രധാനമന്ത്രിയുടെ ഭാര്യ സ്വന്തമാക്കിയ ചില ബ്രാൻഡഡ് ഹാൻഡ് ബാഗുകളുടെ വില മൂന്നുലക്ഷം ഡോളർ വരെ ആയിരുന്നു.

രാജ്യത്തിന്റെ, പ്രത്യേകിച്ചു ക്വാലലംപുരിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് 2009ൽ നജീബ് റസാഖ് തുടക്കമിട്ട വൺ മലേഷ്യ ഡവലപ്‌മെന്റ് ബെർഹാദ് (1എംഡിബി) എന്ന നിക്ഷേപ പദ്ധതിയിൽനിന്നു കോടിക്കണക്കിനു ഡോളർ തട്ടിച്ചുവെന്നതാണ് റസാഖിനെതിരായ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ മുൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, ഓഫിസ്, മറ്റു നാലു വീടുകൾ എന്നിവിടങ്ങളിലെ റെയ്ഡിൽ പിടിച്ചെടുത്തതായാണു സൂചന.

1എംഡിബിയിൽ നിന്നു തട്ടിയെടുത്ത പണം റോസ്മയുടെ ആഡംബര ജീവിതത്തിനായും ചെലവിട്ടിട്ടുണ്ട്. നജീബ് റസാഖ് കുടുംബത്തിന്റെ ആഡംബര ജീവിതം ഏറെക്കാലമായി മലേഷ്യയിൽ വലിയ വാർത്തയും വിവാദവുമായിരുന്നു.