തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകക്കു സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) അര മണിക്കൂറാക്കാൻ ധാരണ. കഴിഞ്ഞ വർഷം 15 മിനിറ്റായിരുന്നു അനുവദിച്ചിരുന്നത്. ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതിനാലാണ് മാറ്റം.

മാർച്ച് 17 മുതൽ 30 വരെയാണു പരീക്ഷകൾ. മന്ത്രി സി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണു പൊതുമാനദണ്ഡങ്ങളെക്കുറിച്ചു തീരുമാനം എടുത്തത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്സിആർടി ഡയറക്ടർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജനുവരി ഒന്നു മുതൽ മാർച്ച് 16 വരെ ക്ലാസ് റൂം പഠനവും നടക്കും.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇത്തവണ തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ അനുവദിക്കാനാണ് തീരുമാനം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധമാണിത്. ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാൻ കൂടുതൽസമയം വേണ്ടിവരുന്നതിനാലാണ് സമാശ്വാസ സമയം കൂട്ടുന്നത്.

മാതൃകാചോദ്യങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു നൽകേണ്ട പ്രത്യേക പിന്തുണയെക്കുറിച്ച് പിന്നീട് മാർഗനിർദേശങ്ങൾ നൽകും. കോവിഡ് കാലത്തെ സ്‌കൂൾപ്രവർത്തനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കു ധാരണയുണ്ടാക്കാൻ ക്ലാസ് അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ യോഗം വിളിക്കും.

എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ എഴുത്തു പരീക്ഷയ്ക്കു ശേഷമേ പ്രായോഗിക പരീക്ഷ നടത്താവൂ. എഴുത്തു പരീക്ഷയ്ക്കുശേഷം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കാൻ ചുരുങ്ങിയത് ഒരാഴ്ച സമയം അനുവദിക്കണം. ജനുവരി ഒന്നുമുതൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ക്ലാസിലെത്താം. ആവശ്യമായ ക്രമീകരണം അതത് സ്‌കൂളിന്റെ സാഹചര്യത്തിനനുസരിച്ചു തയ്യാറാക്കും.

ജനുവരി ഒന്നുമുതൽ മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം. ഇക്കാലത്ത് ഏതെല്ലാം പാഠങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31-നു മുമ്പ് അറിയിക്കും. വീഡിയോ ക്ലാസുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ ജനുവരി 31-നു മുമ്പ് പൂർത്തിയാക്കണം. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, നോട്ടെഴുത്ത് തുടങ്ങിയവ നിരന്തര വിലയിരുത്തലുകളുടെ ഭാഗമായി സ്‌കോർ നൽകാൻ പരിഗണിക്കും.

രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണു കുട്ടികളെ ക്ലാസിൽ പങ്കെടുപ്പിക്കേണ്ടത്. ക്ലാസ് റൂമുകളിൽ പഠിപ്പിക്കുമ്പോൾ ഏതൊക്കെ പാഠഭാഗങ്ങൾക്കാണു കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നു 31നകം സ്‌കൂൾ അധികൃതരെ അറിയിക്കും. ഈ പാഠഭാഗങ്ങൾ അദ്ധ്യാപകർ പൂർണമായും റിവിഷൻ നടത്തണം. മോഡൽ പരീക്ഷ നടത്തും. ഒപ്പം, മാതൃക ചോദ്യപേപ്പറുകൾ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. രക്ഷിതാക്കളുടെ യോഗത്തിൽ മന്ത്രി രവീന്ദ്രനാഥിന്റെ സന്ദേശം രക്ഷിതാക്കൾക്കു കേൾക്കാനുള്ള സൗകര്യം സ്‌കൂൾ അധികൃതർ ഒരുക്കണം.

വിഡിയോ ക്ലാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ പങ്കാളിത്തം, അതിന്റെ ഭാഗമായുള്ള പഠനത്തെളിവുകൾ (ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകൾ, ഉൽപന്നങ്ങൾ, മറ്റു പ്രകടനങ്ങൾ), യൂണിറ്റ് വിലയിരുത്തലുകൾ (2 എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തര വിലയിരുത്തലിന്റെ ഭാഗമായ സ്‌കോറുകൾ നൽകുന്നതിനു പരിഗണിക്കും.