പിൻവലിച്ചിരിക്കുന്ന 500 രൂപയുടെയും 1000 രൂപയുടെയും പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള സമയം നോൺ-റെസിഡന്റ് ഇന്ത്യക്കാർക്ക് (എൻആർഐ) 2017 ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ സൗകര്യം ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ ലഭ്യമാകുന്നുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് പേഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ(ഒസിഐ) സ്റ്റാറ്റസിലുള്ള പ്രവാസികൾ നാട്ടിലെത്തി പഴയ നോട്ട് മാറ്റാൻ ബാങ്കിലെത്തുമ്പോൾ അത് സ്വീകരിക്കുന്നില്ലെന്നറിഞ്ഞ് കടുത്ത നിരാശയിലായിരിക്കുകയാണ്. ഈ അവസരത്തിൽ ഇന്ത്യൻ പൗരത്വമുള്ളവരിൽ നിന്നു മാത്രമേ ഇത്തരം നോട്ടുകൾ സ്വീകരിക്കൂ എന്ന കടുത്ത നിലപാടാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മിക്ക പ്രവാസികളുടെയും കൈയിലുള്ള പഴയ രൂപയ്ക്ക് കടലാസ് വിലമാത്രമായിരിക്കുകയാണ്.

നോട്ടുകൾ നിരോധിച്ച തിയതിയായ നവംബർ എട്ടിനും ഡിസംബർ31നും ഇടയിൽ ഇന്ത്യയിലില്ലാത്ത പിഐഒക്കാരും ഒസിഐക്കാരും പിന്നീട് നാട്ടിലെത്തി നോട്ട്മാറാൻ ചെല്ലുമ്പോഴാണ് ഇന്ത്യൻ പൗരത്വമില്ലെന്ന കാരണം പറഞ്ഞ് അവരുടെ നോട്ടുകൾ സ്വീകരിക്കാൻ ബാങ്ക് വിസമ്മതിക്കുന്നത്. ഈ സ്‌കീമിൽ നിന്നും പിഐഒ, ഒസിഐക്കാരെ ഒഴിവാക്കിയിരിക്കുന്നുവെന്നാണ് ആർബിഐ വിശദീകരണം നൽകിയിരിക്കുന്നത്. ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇന്ത്യയിലില്ലാത്ത പ്രവാസികൾക്കെല്ലാം പഴയ നോട്ടുകൾ മാറ്റാൻ 2017 മാർച്ച് വരെ സമയം അനുവദിക്കുമെന്നായിരുന്നു നോട്ടുകൾ പിൻവലിച്ച സമയത്ത് ഗവൺമെന്റും ആർബിഐയും വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അവസാനം പുറത്തിറക്കിയ ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഈ പ്രൊവിഷൻ ഇല്ല. ഇതനുസരിച്ച് ഗവൺമെന്റ് പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം 2016 നവംബർ 9 മുതൽ ഡിസംബർ 30 വരെയുള്ള കാലത്തിനിടെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണീ സൗകര്യം പ്രദാനം ചെയ്യുന്നതെന്ന അറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

ഈ സർക്കാർ നോട്ടിഫിക്കേഷനെ തുടർന്ന് ആർബിഐയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതനുസരിച്ച് റെസിഡന്റ് ഇന്ത്യൻ സിറ്റിസൺസിന് ഇതിലൂടെ 2017 മാർച്ച് 31 വരെ ആർബിഐയിലൂടെ നോട്ടുകൾ മാറ്റിയെടുക്കാം. എന്നാൽ നോൺ റെസിഡന്റ് ഇന്ത്യൻ സിറ്റിസൺസിന് 2017 ജൂൺ 30 വരെ ആർബിഐയിലൂടെ നോട്ടുകൾ മാറ്റിയെടുക്കാം. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ ഈ സ്‌കീമിലൂടെ നോട്ട് മാറ്റാൻ സാധിക്കുകയുള്ളുവെന്ന് സാരം. വിദേശ ഇന്ത്യൻ സമൂഹം ഇരട്ടപൗരത്വത്തിനായുള്ള ആവശ്യത്തിനോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) സ്‌കീം സർക്കാർ ആവിഷ്‌കരിച്ചിരുന്നത്.

2005ലെ സിറ്റിസൺഷിപ്പ് (അമെൻഡ്മെന്റ്) ആക്ടനുസരിച്ചായിരുന്നു ഈ സ്‌കീം 2005 ഓഗസറ്റിൽ നടപ്പിലാക്കിയിരുന്നത്. ഇത് പ്രകാരം ഒസിഐ കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യൻ പാസ്പോർട്ടില്ലാതെ ഇന്ത്യ സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജരായ വിദേശികൾക്ക് ഇതിന് മുമ്പ് നൽകിയിരുന്ന കാർഡായിരുന്ന പിഐഒ കാർഡ്. ഈ സ്‌കീമിനെ പിന്നീട് ഒസിഐ സ്‌കീമിൽ ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നോട്ടുകൾ മാറ്റാൻ വിദേശ ഇന്ത്യക്കാർക്കുള്ള ഗ്രേസ് പിരിയഡ് നീട്ടിയതിനാൽ എൻഫോഴ്സ്മെന്റ് അധികൃതർക്ക് ഇത് വേണ്ട വിധത്തിൽ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് ബാങ്കർമാർ പറയുന്നത്. അതായത് ഇത്തരത്തിലുള്ള വിദേശ ഇന്ത്യക്കാർ ഇതിന് മുമ്പ് ഇന്ത്യ സന്ദർശിക്കുകയും നോട്ടുകൾ മാറ്റിയിരിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഒരു ബാങ്കർ പറയുന്നത്. അതായത് ഇതിലൂടെ അനുവദിച്ച പരിധിയിലധികമുള്ള തുകകൾ വിദേശ ഇന്ത്യക്കാരിൽ ആരെങ്കിലും മാറ്റിയാൽ കണ്ടുപിടിക്കാനാവില്ലെന്നും ബാങ്കുകൾ പറയുന്നു.

കൈയിൽ കൂടുതൽ പഴയ നോട്ടുകളുള്ള പ്രവാസികൾ അത് മാറ്റി വാങ്ങാൻ പാടുപെടുമെന്നുള്ള ആശങ്ക നേരത്തെ തന്നെ ഉയർന്ന കാര്യമാണ്. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരിൽ മിക്കവരും മോശമല്ലാത്ത ഇന്ത്യൻ കറൻസി കൈയിൽ സൂക്ഷിക്കാറുണ്ട്. ഇവ മിക്കവാറും 500, 1000 നോട്ടുകളുമാണ്. നാട്ടിൽ തിരിച്ചെത്തിയ ഉടൻ നിർവഹിക്കേണ്ട ആവശ്യങ്ങൾക്ക് വേണ്ടിയാണിത് സൂക്ഷിക്കുന്നത്. അത്തരക്കാരാണ് അക്ഷരാർത്ഥത്തിൽ ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ഡിസംബർ 31 ന് മുമ്പ് നാട്ടിലെത്താത്തവർക്ക് ഇവ എംബസികളിലൂടെ മാറ്റി വാങ്ങാനാവുമെന്ന നിർദ്ദേശം നവംബറിൽ തന്നെ ഉയർന്ന് വന്നിരുന്നു. എന്നാൽ എംബസികളിലൂടെ വെറും 10,000 രൂപ വരെ മാറ്റി വാങ്ങാനെ സൗകര്യമുള്ളുവെന്നതിനാൽ ബാക്കിയുള്ള പണം എന്ത് ചെയ്യണമെന്നറിയാതെ യുകെയിലെ നിരവധി പ്രവാസിമലയാളികൾ വട്ടം കറങ്ങുന്നുണ്ട്. 

ലണ്ടനിലെ ഇന്ത്യൻ ഓഫീസിൽ അടക്കം നോട്ട് മാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പരിധിയുള്ളതിനാൽ കൈയിലുള്ള പഴയ നോട്ടുകൾ മുഴുവൻ മാറ്റി വാങ്ങാൻ മിക്കവർക്കും സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പിന്നീട് മറ്റൊരു വഴിയായ മണി എക്സേഞ്ചുകളിലൂടെ ഇവ മാറ്റാൻ നിരവധി പേർ ശ്രമിച്ചിരുന്നുവെങ്കിലും പഴയ നോട്ടുകൾ സ്വീകരിക്കാൻ അവർ വഴങ്ങിയില്ലെന്നും റിപ്പോർട്ടുണ്ട്. നിർദേശിക്കപ്പെട്ട സമയപരിധിക്ക് മുമ്പ് ഇന്ത്യയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിലേക്ക് വരുന്ന മറ്റ് പ്രവാസികളുടെ കൈയിൽ പണം കൊടുത്ത് വിട്ട് മാറ്റാനുള്ള സൗകര്യം ബാങ്കുകൾ ഒരുക്കിയിരുന്നു. ഇതിനായി ഓതറൈസേഷൻ ലെറ്ററും ഐഡന്റിറ്റി പ്രൂഫുമായിരുന്നു നൽകേണ്ടിയിരുന്നത്. ഇതല്ലാതെ നോൺ റെസിഡന്റ് ഓർഡിനറി റുപ്പീ അക്കൗണ്ട് അഥവാ എൻആർഒ അക്കൗണ്ടിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് പഴയ നോട്ടുകൾ മാറ്റാനുള്ള വഴിയും സർക്കാർ തുറന്നിരുന്നു. എന്നാൽ നിരവധി വർഷങ്ങളായി വിദേശത്ത് കഴിയുന്നവരാണെങ്കിലും നിരവധി ഇന്ത്യക്കാർ ഇത്തരം അക്കൗണ്ട് എടുത്തില്ലെന്നത് അവർക്ക് ഈ അവസരത്തിൽ വിനയായിത്തീർന്നിട്ടുണ്ട്. അത്തരക്കാരും ഇപ്പോൾ കൈയിലുള്ള നോട്ടുകൾ മാറ്റാൻ പാടുപെടുയാണ്.