ദമ്മാം: 500, 1000 രൂപ നോട്ടുകൾ അസാധുവാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രവാസികളുടെ കൈയിലിരിക്കുന്ന ഇന്ത്യൻ പണം വെറും കടലാസ് ആയി മാറിയ അവസ്ഥയാണിപ്പോൾ. നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ തുടർന്ന് തങ്ങളുടെ കൈയിലുള്ള ഇന്ത്യൻ കറൻസികൾ മാറാൻ നെട്ടോട്ടം ഓടുകയാണ് പ്രവാസികൾ ഇപ്പോൾ. എന്നാൽ എക്‌സ്‌ചേഞ്ചുകളൊന്നും ഇന്ത്യൻ കറൻസികളൊന്നും സ്വീകരിക്കാത്ത അവസ്ഥയിലാണിപ്പോൾ.

ദമ്മാം, അൽഖോബാർ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ആരും തന്നെ ഇന്ത്യൻ കറൻസികൾ മാറ്റി നൽകുന്നില്ല. തങ്ങളുടെ കൈയിലിരിക്കുന്ന കറൻസിക്ക് ഇപ്പോൾ കടലാസിന്റെ വിലയേയുള്ളൂ എന്നു വിലപിക്കുകയാണ് ആയിരക്കണക്കിന് ഇന്ത്യക്കാർ ഇവിടെ. നാട്ടിലെത്തിയപ്പോൾ ചെലവാക്കിയതിന്റെ മിച്ചം പണം കൈയിൽ കരുതിയ മിക്ക പ്രവാസികളും രൂപ മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കാത്ത അവസ്ഥയിലാണ്. മൂന്നാഴ്ച മുമ്പ് ഇന്ത്യൻ കറൻസി വില ഇടിഞ്ഞപ്പോൾ രൂപയാക്കി ശമ്പളം മാറ്റിയെടുത്ത പ്രവാസികൾക്കും ഇപ്പോൾ പണം നഷ്ടപ്പെട്ട അവസ്ഥയാണ്.

അതേസമയം ഇന്ത്യൻ പണം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഇവർ മനസിലാക്കുന്നില്ല എന്നതാണ് ഇതിൽ നിന്നു മനസിലാകുന്നതെന്നും വിലയിരുത്തപ്പെടുന്നു. ജയിൽ ശിക്ഷയും പിഴയും കിട്ടുന്ന കുറ്റമാണിതെന്ന് ഇക്കൂട്ടർ മനസിലാക്കുന്നില്ലെന്നും പറയപ്പെടുന്നു.