- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആൾ ഇന്ത്യാ റേഡിയോയുടെ ചിറകരിഞ്ഞു പ്രസാർ ഭാരതി; എഐആറിന്റെ ഒരു ദേശീയ ചാനലും അഞ്ച് പ്രാദേശിക പരിശീലന കേന്ദ്രങ്ങളും അടച്ചു പൂട്ടി ഡയറക്ടർ ജനറലുടെ ഉത്തരവ് ഇറങ്ങി; അടച്ചുപൂട്ടുന്നതിൽ തിരുവനന്തപുരത്തെ പ്രാദേശിക പരിശീലന കേന്ദ്രവും; എഐആറിനെ തകർക്കുന്നത് പ്രസാർഭാരതിയുടെ കില്ലർ സ്ക്വാഡുകൾ എന്ന് ആക്ഷേപം; ചാനലുകളുടെ യുഗം തുടങ്ങിയതോടെ എഐആർ അമരുന്നത് രക്ഷയില്ലാത്ത കത്രികപ്പൂട്ടിൽ
തിരുവനന്തപുരം: ആൾ ഇന്ത്യാ റേഡിയോയെ തകർക്കാൻ പ്രസാർഭാരതിയുടെ തന്നെ ശ്രമം. പ്രസാർ ഭാരതിക്ക് കീഴിലുള്ള രണ്ടു ഡിവിഷനുകളിൽ ഒന്നായ എഐആറിന്റെ ചിറകുകൾ അരിഞ്ഞുവീഴ്ത്തി എഐആറിനെ നിർവീര്യമാക്കാനാണ് പ്രസാർഭാരതി ശ്രമിക്കുന്നത്. രണ്ടാമത്തെ വിഭാഗം ദൂരദർശനാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ദൂരദർശൻ ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കെയാണ് മറുവശത്ത് എഐആറിന്റെ തകർച്ച ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ഇറങ്ങിയ പ്രസാർ ഭാരതി ഡയറക്ടർ ജനറലിന്റെ ഉത്തരവ്.
എഐആറിന്റെ ഒരു ദേശീയ ചാനലും അഞ്ച് പ്രാദേശിക പരിശീലന കേന്ദ്രങ്ങളും അടച്ചു പൂട്ടാനാണു ഇന്നലെ ഉത്തരവ് പുറത്തു വന്നത്. അടച്ചുപൂട്ടുന്ന പ്രാദേശിക പരിശീലന കേന്ദ്രങ്ങളിൽ തിരുവനന്തപുരം കേന്ദ്രം കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ഡയറക്ടർ ജനറലിന്റെ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചെലവ് ചുരുക്കൽ തീരുമാനത്തിന്റെ ഭാഗമായാണ് ഈ ഉത്തരവെന്നും വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തിനൊപ്പം ഹൈദരാബാദ്, അഹമ്മദാബാദ്, ലക്നൗ, ഷില്ലോങ് എന്നീ കേന്ദ്രങ്ങൾ ആണ് അടച്ചുപൂട്ടിയിട്ടുള്ളത്. ഈ വിഭാഗത്തിലെ ജീവനക്കാരെ ഇന്ത്യയിലെ മറ്റു എഐആർ നിലയങ്ങളിലേക്ക് മാറ്റുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
1992-ൽ സ്ഥാപിച്ച പ്രാദേശിക പരിശീലന കേന്ദ്രമാണ് തിരുവനന്തപുരത്തേത്. ഒരു ഡയറക്ടറുടെ കീഴിലുള്ള പ്രാദേശിക പരിശീലന കേന്ദ്രമാണ് തിരുവനന്തപുരത്തേത്. പ്രോഗ്രാം എക്സിക്യൂട്ടീവും ക്ലെറിക്കൽ സ്റ്റാഫും ഈ നിലയത്തിനുണ്ട്. ഡയറക്ടർ ജനറലിന്റെ പേരിൽ ഉത്തരവ് ഇറങ്ങിയെങ്കിലും അടച്ചുപൂട്ടൽ കാര്യത്തിൽ തിരുവനന്തപുരം അടക്കമുള്ള പ്രാദേശിക പരിശീലന കേന്ദ്രങ്ങൾക്ക് വേറെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഉത്തരവ് ഇറങ്ങി എന്ന് നിലയങ്ങളിൽ ഉള്ളവർ അറിഞ്ഞിട്ടുണ്ട്. പക്ഷെ ബാക്കി കാര്യങ്ങൾ ഒന്നും ജീവനക്കാരുടെ മുന്നിലോ നിലയങ്ങളുടെ തലവന്മാരുടെ മുന്നിലോ വിശദമാക്കിയിട്ടില്ല.
ദൃശ്യമാധ്യമരംഗം വാർത്താ രംഗത്ത് വിസ്ഫോടനം സൃഷ്ടിച്ച് കടന്നുവന്നതോടെ അടിത്തറയിളകിയത് എഐആറിന്റെതായിരുന്നു. അതുവരെ മാധ്യമ രംഗത്ത് ഉയർന്നുനിന്നിരുന്ന എഐആറിന്റെ ആധിപത്യമാണ് ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ തകർന്നത്. എല്ലാം വാർത്തകളും ശബ്ദങ്ങളിലൂടെ അറിഞ്ഞ പ്രേക്ഷകർ പിന്നീട് ദൃശ്യങ്ങളിലൂടെ അറിയാൻ തുടങ്ങി. ഇത് എഐആറിന്റെ തകർച്ചയ്ക്കു തന്നെയാണ് വകവെച്ചത്. ടെലിവിഷൻ പ്രചുര പ്രചാരം നേടിയതോടെ റേഡിയോകൾ വീട്ടിൽ നിന്ന് പതുക്കെ പതുക്കെ അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. ഇതും ഐആറിന്റെ തകർച്ചയുടെ ഗതിവേഗം കൂട്ടുന്നതായി.
പല എഐആർ നിലയങ്ങളും അടച്ചുപൂട്ടപ്പെട്ടപ്പോൾ പല നിലയങ്ങളിലെയും പല വിഭാഗങ്ങളും ഘട്ടം ഘട്ടമായി അടച്ചു പൂട്ടപ്പെടുകയും ചെയ്തു. ഇപ്പോൾ കടുത്ത ചെലവ് ചുരുക്കൽ നടപടികളുമായാണ് എഐആർ മുന്നോട്ടു പോകുന്നത്. ഇപ്പോഴും ഘട്ടം ഘട്ടമായി ഇന്ത്യയിലെ പല നിലയങ്ങളിലെയും വിവിധ വിഭാഗങ്ങൾ പ്രസാർഭാരതി അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ അടച്ചു പൂട്ടിയതിൽ പ്രാദേശിക നിലയങ്ങൾ മാത്രമല്ല ഒരു ദേശീയ ചാനൽ കൂടിയുണ്ട്. അതിൽ നിന്ന് തന്നെ പ്രസാർഭാരതി നൽകുന്ന സന്ദേശങ്ങൾ വ്യക്തമാണ്. ഇപ്പോൾ ഇന്ത്യയെങ്ങുമുള്ള നിലയങ്ങളിലെ ജീവനക്കാരെ പ്രസാർഭാരതി കുറച്ചുകൊണ്ടിരിക്കുകയാണ്.
വിവിധ എഐആർ നിലയങ്ങൾ അടച്ചുപൂട്ടുകയും ന്യൂസ് ഡിവിഷനുകൾ എഐആർ ഒഴിവാക്കുകയും ചെയ്യുകയും ഇതിനിടയിൽ നടക്കുന്നുമുണ്ട്. ജീവനക്കാരുടെ എണ്ണത്തിലാണ് എഐആർ ആദ്യം കത്രിക വെച്ചുതുടങ്ങിയത്. അതിനായി ഐടി രംഗം ആശ്രയിക്കുന്ന പ്രൊഫഷണൽ 'കില്ലർ സ്ക്വാഡുകകളെയാണ് എഐആറും ആശ്രയിക്കുന്നത്. ജീവനക്കാരുടെ ഡിവിഷനുകളുടെയും മേൽ ഈ 'കില്ലർ സ്ക്വാഡു 'കൾ ആണ് കത്രിക വയ്ക്കുന്നത്. ജീവനക്കാരെ ദയാരഹിതമായി ഇല്ലാതാക്കുന്ന കില്ലർ സ്ക്വഡുകൾ വഴി എഐആറിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുൻപ് തന്നെ ശക്തമായ പ്രതിഷേധങ്ങൾ എഐആറിൽ അരങ്ങേറിയിരുന്നു.
അതൊന്നും ഫലം കണ്ടിരുന്നില്ല. എഐആർ യുഗം അവസാനിക്കുകയാണ് എന്ന രീതിയിലാണ് പ്രസാർ ഭാരതി ഉന്നതർ തുടർന്നും പെരുമാറിക്കൊണ്ടിരുന്നത്. അതിനായാണ് കില്ലർ സ്ക്വാഡുകളെ ആകാശവാണി ഉപയോഗപ്പെടുത്തികൊണ്ടിരുന്നത്. ഇപ്പോൾ അഞ്ചു പ്രാദേശിക നിലയങ്ങളും ഒരു ദേശീയ ചാനലും അടച്ചു പൂട്ടപ്പെട്ടതിനു പിന്നിലും ഈ 'കില്ലർ സ്ക്വാഡു 'കളുടെ സ്വാധീനം തന്നെയാണ് ആരോപിക്കപ്പെടുന്നത്. എഐആറിന് വരുമാനം വരുന്ന മാർക്കറ്റിങ് ഡിവിഷൻ കൂടി അടച്ചുപൂട്ടിയ ചരിത്രവും എഐആറിനുണ്ട്. രണ്ടു വർഷം മുൻപാണ് തിരുവനന്തപുരം അടക്കമുള്ള നിലയങ്ങളിലെ മാർക്കറ്റിങ് വിങ് അടച്ചുപൂട്ടിയത്. വാണിജ്യ പ്രക്ഷേപണ കേന്ദ്രങ്ങൾ നിലനിൽക്കുന്നതിനാൽ മാർക്കറ്റിങ് ഡിവിഷനുകൾ ആവശ്യമില്ല എന്ന കാരണം പറഞ്ഞാണ് മാർക്കറ്റിങ് ഡിവിഷനുകൾ അടച്ചുപൂട്ടിയത്. ഇങ്ങിനെ പൂട്ടിപ്പൂട്ടി ഡൽഹിയിലെ മുഖ്യ നിലയം കൂടി അടച്ചുപൂട്ടപ്പെടുമോ എന്നാണ് ഇപ്പോൾ ജീവനക്കാരിൽ നിന്നും ഉയരുന്ന ചോദ്യം.