- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിലെ ഉന്നതർ അഴിക്കുള്ളിലാകും; ചാനലിലെ പ്രമുഖർക്കെതിരായ മീ ടു വെളിപ്പെടുത്തലിൽ ഇരയുടെ മൊഴിയെടുത്ത് അന്വേഷണത്തിന് തുടക്കമിട്ട് പൊലീസ്; തൈക്കാട് വനിതാ സെല്ലിലെ മൊഴി രേഖപ്പെടുത്തൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം; മുൻ പ്രോഗ്രാം പ്രൊഡ്യൂസറുടെ തുറന്നു പറച്ചിൽ കുടുക്കുക ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആർ.രാജൻ അടക്കം മൂന്ന് പേരെ; ബെഹ്റയുടെ കണ്ണു തുറപ്പിച്ചത് മറുനാടന്റെ അന്വേഷണ പരമ്പര
തിരുവനന്തപുരം: ഏഷ്യാനെറ്റിലെ മുൻ വനിതാ പ്രോഗ്രാം പ്രൊഡ്യൂസറിന്റെ മീ ടൂ വെളിപ്പെടുത്തലിന്റെ പേരിൽ ആരോപണ വിധേയരായ ഏഷ്യാനെറ്റ് ഉന്നതർ കുരുങ്ങും. മുൻ പ്രൊഡ്യൂസർ പുറത്തുവിട്ട ലൈംഗികാരോപണ വിവാദത്തിൽ അകപ്പെട്ട ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റുമാരായ എം.ആർ.രാജൻ, ദിലീപ്, ടെക്നിക്കൽ മാനേജർ പത്മകുമാർ എന്നിവരാണ് കുരുങ്ങുക. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ഡിവൈഎസ്പി നേരിട്ട് വിളിച്ചു വരുത്തിയാണ് മുൻ പ്രൊഡ്യൂസറുടെ മൊഴി രേഖപ്പെടുത്തിയത്.
തൈക്കാട് വനിതാ സെല്ലിൽ വിളിച്ചു വരുത്തി മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് ഇന്നലെ മൊഴി രേഖപ്പെടുത്തിയത്. 17 വർഷത്തോളം ഏഷ്യാനെറ്റിൽ ജോലി ചെയ്ത ഈ പ്രൊഡ്യൂസർ ആ വേളകളിൽ അനുഭവിച്ച ലൈംഗിക ആക്രമണങ്ങളുടെയും മാനസിക പീഡനങ്ങളുടെയും മുഴുവൻ വിശദാംശങ്ങളും പൊലീസ് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിൽ നടന്ന സംഭവ പരമ്പരകൾ അറിയാൻ ആ കാലത്ത് ഏഷ്യാനെറ്റിൽ ജോലി ചെയ്ത പ്രമുഖരിൽ നിന്ന് ഈ കേസിൽ പൊലീസ് വിവരങ്ങൾ തേടും എന്നാണ് സൂചന. പ്രൊഡ്യൂസറുടെ മീ ടൂ വെളിപ്പെടുത്തൽ വന്ന ശേഷം നടപടികൾ സ്വീകരിക്കാതെ മരവിപ്പിലായിരുന്ന പൊലീസ് പൊടുന്നനെയാണ് ഈ കേസിൽ നടപടികൾക്ക് ഇപ്പോൾ മുതിർന്നിരുന്നത്. പ്രൊഡ്യൂസറെ അങ്ങോട്ട് വിളിച്ചു വരുത്തിയാണ് മൊഴി എടുപ്പിച്ചത് എന്നത് തന്നെ ശക്തമായ പൊലീസ് നടപടികളുടെ സാധ്യത ഉയർത്തുന്നു.
അവർ പരാതി നൽകട്ടെ, അന്വേഷിക്കട്ടെ, വാസ്തവം ബോധ്യമാകട്ടെ, ബ്ളാക് മെയിലിങ് ഉണ്ടോ എന്ന് അന്വേഷിക്കട്ടെ. 2000 ത്തോളം കേസുകൾ അന്വേഷിക്കാനുണ്ട് എന്ന പതിവ് ന്യായങ്ങളൊന്നും പൊലീസ് ഈ കേസിൽ സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാകുന്നു. ഈ കേസിൽ പതിവില്ലാതെ പൊലീസ് ഉണർന്നു പ്രവർത്തിക്കുന്നു എന്ന സൂചനകൾ തന്നെയാണ് മറുനാടനും ലഭിച്ചത്. ഏഷ്യാനെറ്റിൽ ജോലി ചെയ്ത വേളയിൽ ഇവരുടെ നേർക്ക് നടന്ന ലൈംഗിക പീഡനങ്ങളുടെയും മാനസിക പീഡനങ്ങളുടെയും മുഴുവൻ വിശദാംശങ്ങൾ നിരത്തി മറുനാടൻ മലയാളി നാല് ഭാഗങ്ങളുള്ള പരമ്പര തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ പരമ്പരയുടെയും അതിനെ തുടർന്ന് വന്ന മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റ ഇവരെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയത്. പ്രൊഡ്യൂസറുടെ മൊഴി രേഖപ്പെടുത്തിയ കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് സ്ഥിരീകരിച്ചു. ഈ മൊഴി വിശദമായി പരിശോധിച്ചശേഷം ശക്തമായ തുടർ നടപടികൾ ഈ കാര്യത്തിൽ വരൂമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.
മൊഴിയിൽ ആരോപണ വിധേയരായ ഏഷ്യാനെറ്റിലെ ഉന്നതരെ നേരിട്ട് വിളിച്ചു ചോദ്യം ചെയ്യാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.വനിതാ പ്രൊഡ്യൂസറുടെ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ പൊലീസിനെതിരെ ശക്തമായ ആരോപണം ഉയർന്നിരുന്നു. ഏഷ്യാനെറ്റ് ആയതിനാൽ പൊലീസ് ഒതുക്കുന്നു എന്നായിരുന്നു ഉയർന്നുവന്ന ആരോപണം.ഈ ആരോപണങ്ങളുടെ മുനയൊടിക്കൽ തന്നെയാണ് ഇപ്പോഴുള്ള പൊലീസ് നടപടികളുടെ ലക്ഷ്യമെന്ന സൂചനകളും മറുനാടന് ലഭിച്ചിട്ടുണ്ട്. മലയാള മാധ്യമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ഏറ്റവും മുകൾ തട്ടിൽ ഉള്ള ഒരു കൂട്ടം ഉന്നതർ ഒരുമിച്ച് ലൈംഗികാപവാദക്കേസിൽ കുരുങ്ങുന്നത്. ലോകമാകെ പടർന്ന മീ ടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വന്ന ആരോപണമായതിനാൽ ഇത് മലയാള മാധ്യമരംഗത്തിനു തന്നെ നാണക്കേട് ഉണ്ടാക്കിയിരുന്നു.
മീ ടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശക്തമായ പൊലീസ് നടപടികൾ വരുകയും ഏഷ്യാനെറ്റ് ഉന്നതർ കുരുങ്ങുകയും ചെയ്യുന്ന അവസ്ഥ വന്നാൽ മലയാള ടെലിവിഷൻ രംഗം നിയന്ത്രിക്കുന്ന ഏഷ്യാനെറ്റിന് അത് വൻ തിരിച്ചടി തന്നെയാകും. ഡിജിപിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വന്ന കേസ് ആയതിനാൽ വലിയ പ്രാധാന്യമാണ് വനിതാ പൊലീസ് സെൽ ഈ പരാതിക്ക് നൽകിയിട്ടുള്ളത്. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റുമാരായ എം.ആർ.രാജൻ, ദിലീപ്, ടെക്നിക്കൽ മാനേജർ പത്മകുമാർ എന്നിവരല്ല തന്റെ ലക്ഷ്യമെന്നും ഇപ്പോൾ ജോലി ചെയ്യുന്ന വനിതകൾക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കുക മാത്രമാണെന്നും ഇവർ മൊഴിയിൽ പറഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. നാല് ഭാഗങ്ങളുള്ള ഇവരുടെ ഏഷ്യാനെറ്റ് അനുഭവങ്ങൾ പരമ്പരയായി മറുനാടൻ പ്രസിദ്ധീകരിച്ചപ്പോഴും തൊഴിലിടങ്ങളിൽ വനിതകൾക്ക് ആത്മവിശ്വാസവും സുരക്ഷയും നൽകാൻ വേണ്ടിയാണ് ഈ മീ ടൂ വെളിപ്പെടുത്തൽ നടത്തുന്നതെന്നും മറുനാടനോടും അന്ന് പ്രൊഡ്യൂസർ പറഞ്ഞിരുന്നു.
ഭർത്താവിന്റെ സുഹൃത്തുക്കൾ, സ്വന്തം സഹപ്രവർത്തകർ, ജോലി സ്ഥലത്ത്, അതും എഷ്യാനെറ്റ് പോലുള്ള ഒരു പ്രോഗ്രാം ചാനലിൽ പെൺവേട്ടക്കാരായി മാറുമ്പോൾ അബലയായ ഒരു പെൺകുട്ടിക്ക്, ഒരു സ്ത്രീയ്ക്ക് എത്ര കാലം പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് തന്റെ രാജിയെക്കുറിച്ച് ഇവർ മറുനാടനോട് പറഞ്ഞത്. നീണ്ട പതിനാലു വർഷം ഈ ലൈംഗിക വേട്ടയെ അതിജീവിച്ച്. വെല്ലുവിളികൾ തരണം ചെയ്ത് മുന്നോട്ട് പോയി. ഒടുവിൽ പ്രതികാര നടപടികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ജോലി രാജിവെച്ച് പുറത്തിറങ്ങി. പ്രൊഡ്യൂസർ അന്ന് മറുനാടനോട് പറഞ്ഞു. നീണ്ട പതിനേഴ് വർഷമാണ് ഏഷ്യാനെറ്റിൽ ചിലവഴിച്ചത്. അത് ഒരു ചെറിയ കാലഘട്ടമല്ല. എന്റെ യൗവനകാലം മുഴുവൻ ഏഷ്യാനെറ്റിൽ കണ്ണീരോടെ കൂടി കുഴിച്ചിട്ട വ്യക്തിയാണ് ഞാൻ. എന്റെ സ്കൂൾ പഠനകാലമല്ല ഇത്. മലയാളികളുടെ ഒരു കൺസെപ്റ്റ് ഉണ്ടല്ലോ. കല്യാണം കഴിച്ച്, ഭാര്യമായി, കുട്ടികളുമായി കഴിയുന്ന ഒരു യൗവനഘട്ടം. ആ ഘട്ടമാണ് പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങി ഹോമിക്കപ്പെട്ടത്- വെളിപ്പെടുത്തലിൽ ഞങ്ങളോടെ പറഞ്ഞു.
ഏഷ്യാനെറ്റിലെ മേലാളന്മാരുടെ ഇഷ്ടക്കാരിയായി മാറാത്തതുകൊണ്ട് നീണ്ടു നിന്ന പീഡനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. പ്രോഗ്രാമുകളിൽ നിന്ന് ഒഴിവാക്കി. ശമ്പള വർദ്ധനവ് നൽകിയില്ല. റിപ്പോർട്ട് ചെയ്യാൻ വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങൾ അനവധി. അങ്ങിനെ ഒരു ഘട്ടത്തിലാണ് ഇനി എനിക്ക് ഏഷ്യാനെറ്റ് കാശ് വേണ്ട എന്ന് പറഞ്ഞു കണ്ണീരോടെ ഇവർ ഏഷ്യാനെറ്റിൽ നിന്നും മടങ്ങുന്നത്. ഏഷ്യാനെറ്റിലെ ചീഫ് പ്രൊഡ്യൂസർ ആയിരുന്ന, ഭർത്താവിന്റെ മരണം മുതലെടുത്ത് അദ്ദേഹത്തിന്റെ ഏഷ്യാനെറ്റിലെ സുഹൃത്തുക്കൾ തന്നെയാണ് ഇവർക്ക് നേരെ വേട്ടയ്ക്ക് ഇറങ്ങിയത്. ഇപ്പോൾ രാജിവെച്ച് നാലുവർഷങ്ങൾക്ക് ശേഷം മീ ടൂ വഴി ഇവർ വെളിപ്പെടുത്തിയ ലൈംഗികാപവാദ ആരോപണങ്ങളുടെ പേരിൽ ഏഷ്യാനെറ്റിലെ ഉന്നതർ കുരുങ്ങുകയാണ്. ആരോപണ വിധേയർ ചോദ്യം ചെയ്യപ്പെടാനും ഒരുപക്ഷേ അറസ്റ്റിലേക്ക് തന്നെ നീങ്ങാനുമുള്ള സാഹചര്യങ്ങൾ ആണ് ഇപ്പോൾ ഉരുത്തിരിയുന്നത്.