- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഴവിൽ മനോരമ ഷോയിൽ എന്റെ അപരനെ സൃഷ്ടിച്ച് എന്നെ അവഹേളിച്ചു; ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കി വേഷം കെട്ടിച്ച് അഞ്ചിൽ അഞ്ചുമാർക്കും കൊടുത്ത് സിനിമയിൽ ഓഫറും; സുരാജ് വെഞ്ഞാറമൂട് തന്റെ കരിയർ തകർക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്; 'മിമിക്രി മഹാമേള'യിലെ അവഹേളനത്തിന് ചാനലിനെതിരെ പരാതി നൽകി; സിനിമയിലെ പോലെ ചാനൽ പരിപാടികൾക്കും സെൻസറിങ് വേണമെന്നും സന്തോഷ് പണ്ഡിറ്റ് മറുനാടൻ ടിവിയോട്
തിരുവനന്തപുരം: തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് സുരാജ് വെഞ്ഞാറമൂട് നടത്തുന്നത് എന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ തന്നെ അപഹസിച്ച് തരം താഴ്ത്താൻ ശ്രമിച്ചത് അതിന്റെ ഭാഗമാണെന്നും പണ്ഡിറ്റ് മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ അപരനെ സൃഷ്ടിച്ച് അയാൾക്ക് സിനിമയിൽ ഓഫർ നൽകാമെന്നൊക്കെ പറഞ്ഞത് വേദനിപ്പിച്ചതായും ആക്ഷേപഹാസ്യ പരിപാടികളികൾ താനടക്കമുള്ള നടന്മാരെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. മഴവിൽ മനോരമ ചാനലിലെ കോമഡി പരിപാടിയായ മിമിക്രി മഹാമേളക്കും പരിപാടിയിലെ ജഡ്ജിയായ സുരാജ് വെഞ്ഞാറുമൂടിനുമെതിരെ പരാതിയുമായി സംവിധായകനും നടനുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചാനൽ മേധാവികളെ വിളിച്ചു വരുത്തി കേന്ദ്ര സെൻസർ ബോർഡ് വിശദീകരണം തേടി. തുടർന്ന് മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പരാതിയിൽ സെൻസർ ബോർഡ് ചെയർമാൻ മൊഴിയെടുത്തെന്നും, ഇതിൽ നടപടി കണ്ടില്ലെങ്കിൽ സിനിമ സെൻസറിങ് തന്നെ വേണ്ടെന്ന വെക്കണമെന്ന ആവശ്യമായിരിക്കും അടുത്തതായി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർക്കും ആരെയും കരിവാരി തേക്കാനുള്ള ലൈസൻസ് നൽകി അവസാനം ആർക്കും കാണാത്ത രീതിയിൽ എഴുതികാണിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ പേരിൽ ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കുകയും തിരക്കുള്ള നടനും സംവിധായകനുമാണെന്ന് പറഞ്ഞു കൊണ്ട് തന്റെ പാട്ട് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പണ്ഡിറ്റിന്റെ പരാതി. രാധികമാരുടെ കള്ളക്കണ്ണൻ എന്ന പാട്ടിന്റെ അകമ്പടിയോടെ എത്തുന്ന സന്തോഷ് പണ്ഡിറ്റിനെ പോലുള്ള ആൾ തുടർന്നങ്ങോട്ട് തന്നെ അവഹേളിക്കുകയാണെന്നാണ് പണ്ഡിറ്റ് പറയുന്നത്. തന്നെ മോശക്കാരനാക്കാൻ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് ഇതെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇതേ തുടർന്നാണ് നിയമ പോരാട്ടം തുടങ്ങിയത്. ചേർത്തല കോടതിയിലും ഹൈക്കോടതിയിലും നിയമപോരാട്ടമെത്തി.
സുരാജ് വെഞ്ഞാറമൂട് തന്നെ അവഹേളിക്കാൻവേണ്ടി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പണ്ഡിറ്റ് പരാതിപ്പെടുന്നത്. തന്റെ പേര് എടുത്തു പറഞ്ഞു കൊണ്ട് അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്. ഷോയിൽ തന്നെ അനുകരിച്ച കിരൺ ക്രിസ്റ്റിഫറിനെ താൻ കണ്ടു പഠിക്കണമെന്ന് ജഡ്ജിയായ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അത് തന്നെ അവഹേളിക്കലാണ്. കൂടാതെ അഞ്ചിൽ അഞ്ച് മാർക്ക് കൊടുത്തു. മൂന്ന് സിനിമകളിൽ അവസരം കൊടുക്കുമെന്നും പറഞ്ഞു. ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത സുരാജ് വെഞ്ഞാറമൂടാണ് അവസരം നൽകിയത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ് ആദ്യം മഴവിൽ മനോരമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചാനലും സുരാജ് വെഞ്ഞാറംമൂടും ഇക്കാര്യത്തിൽ മറുപടി നൽകിയില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. എന്റെ പാട്ടും കോസ്റ്റ്യൂമും അടക്കം ഉപയോഗിച്ചുവെന്നു പണ്ഡിറ്റ് പറഞ്ഞു. ഷോയിൽ ഇന്ത്യൻ കറൻസി ചൂതാട്ടത്തിന് ഉപയോഗിച്ചുവെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ഇത് തെറ്റാണെന്ന് ഇക്കാര്യത്തിലും ഇടപെടൽ നടത്തുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു.
അത് പോലെ തന്നെ സിനിമയ്ക്ക് നൽകുന്ന സെൻസറിങ് ടിവി ചാനൽ പ്രോഗ്രാമുകൾക്കും നൽകണം എന്ന് പണ്ഡിറ്റ് ആവശ്യപ്പെട്ടു. നിലവിൽ സെൻസറിഗ് ഇല്ലാതെയാണ് ചാനൽ പരിപാടികൾ ടെലികാസ്റ്റ് ചെയ്യുന്നത്. സ്ഥിരമായി ടെലികാസ്റ്റ് ചെയ്യുകയും യൂട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്നതോടെ ഒരു സിനിമയെക്കാൾ കൂടുതൽ ടിവിയിൽ ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികൾക്കില്ലേയെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ നീതി കിട്ടിയില്ലെങ്കിൽ സിനിമാ സെൻസറിങ്ങിനെതിരെ ഹർജി കോടതിയിൽ ഫയൽചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സെൻസറിങ്ങ് മാറ്റി കിട്ടിയാൽ താനടക്കമുള്ള നിരവധി സിനിമാ നിർമ്മാതാക്കൾക്ക് അനുഗ്രഹമാകുമെന്നും പണ്ഡിറ്റ് കൂട്ടി ച്ചേർത്തു.