- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിമിക്രി മഹാമേളയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കിന് പരിഹസിച്ച് സുരാജ് വെഞ്ഞാറമൂടും അവതാരകരും; ഹൈക്കോടതി നിർദ്ദേശ പ്രകാരം ചാനൽ മേധാവികളെ വിളിച്ചു വരുത്തി കേന്ദ്ര സെൻസർ ബോർഡ്; സൂര്യ ടിവി ഒഴികെയുള്ള ചാനലുകൾ ഹാജരായി സാവകാശം ആവശ്യപ്പെട്ടു; മഴവില്ല് മനോരമയിലെ അപമാനിക്കൽ പരിപാടി കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നു പോലും പിന്മാറേണ്ടി വന്നുവെന്നും സിനിമാ നടൻ; എല്ലാവരും അവഗണിച്ച പണ്ഡിറ്റിന്റെ പരാതിയിൽ നിന്ന് പോകുമോ എന്ന് ഭയന്ന് ചാനലിലെ ഹാസ്യ പരിപാടികൾ
തിരുവനന്തപുരം. ടി വി ചാനലുകളിലെ ആക്ഷേപ ഹാസ്യ പരിപാടികൾക്ക് നിയന്ത്രണം വരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ പരാതിയിൽ ചാനൽ മേധാവികളെ വിളിച്ചു വരുത്തി കേന്ദ്ര സെൻസർ ബോർഡ് വിശദീകരണം തേടി. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന ഹർജിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സെൻസർ ബോർഡ് നടപടി തുടങ്ങിയത്. സുരാജ് വെഞ്ഞാറമൂടും കൂട്ടരും ചേർന്നാണ് തന്നെ അപഹസിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് ആരോപിച്ചിരിക്കുന്നത്. ഇതോടെ സൂര്യ ടി വി ഒഴികെയുള്ള ചാനലുകൾ സെൻസർ ബോർഡിന് മുന്നിൽ ഹാജരായി സാവകാശം ആവിശ്യപ്പെട്ടു.
എന്റർടൈന്റ്‌മെന്റ് ചാനലുകളിൽ ഇന്ന് സൂപ്പർ ഹിറ്റ് ഹാസ്യ പരിപാടികളാണ്. മമിക്രിയുടെ വഴിയേയുള്ള ചെറു സ്‌കിറ്റുകൾക്ക് റേറ്റിംഗും കൂടുതലാണ്. വാർത്താ ചാനലുകൾക്കും ഒഴിവാക്കാനാകാത്തതാണ് ഹാസ്യ പരിപാടികൾ. ഇതിനെയൊക്കെ ബാധിക്കുന്നതാണ് സന്തോഷ് പണ്ഡിറ്റിന്റെ ഇടപെടൽ. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന തന്നെ അപമാനിച്ച് മഴവില്ല് മനോരമയിൽ പരിപാടി വന്നതു കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നു പോലും പിന്മാറേണ്ടി വന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നു. ആക്ഷേപ ഹാസ്യ പരിപാടികളിലൂടെ തന്നെ അപമാനിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവിശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് നല്കിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് വിഷയത്തിൽ ഇടപെടാൻ കേന്ദ്ര സെൻസർ ബോർഡിനോടു നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് മഴവിൽ മനോരമ അടക്കമുള്ള പ്രമുഖ എട്ട് മലയാളം ചാനലുകളുടെ എം ഡി മാർക്ക് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് സെന്ററൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷന്റെ തിരുവനന്തപുരം റീജണൽ ഓഫീസർ വി പാർവ്വതി നോട്ടീസ് അയച്ചത്.
ഹൈക്കോടതി ജഡ്ജ്മെന്റിന്റെ കോപ്പി സഹിതം അയച്ച നോട്ടീസിൽ എം ഡി മാർക്ക് അസൗക്യമാണെങ്കിൽ ബന്ധപ്പെട്ട ചുമതലക്കാർ ആരെങ്കിലും ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം എട്ടിൽ എഴു ചാനലുകളിലെയും ജി എം , ലീഗൽ ഓഫീസർമാർ തുടങ്ങിയ തസ്തികകളിൽ ഉള്ളവർ നേരിട്ടു ഹാജരാവുകയും ചില ചാനലുകൾ വിശദീകരണത്തിന് കൂടുതൽ സാവകാശം ആവിശ്യപ്പെടുകയും ചെയ്തു. മഴവിൽ മനോരമ,എഷ്യാനെറ്റ്, കൗമുദി ടി വി,ജീവൻ ടിവി, അമൃത ടി വി, കൈരളി ടിവി തുടങ്ങിയ ചാനലുകളിലെ പ്രതിനിധികളാണ് സെൻസർ ബോർഡിന്റെ റീജണൽ ഓഫീസിൽ ഹാജരായത്. എന്നാൽ സൂര്യ ടി വി പ്രതിനിധി എത്തിയില്ല.
സന്തോഷ് പണ്ഡിറ്റിന്റെ പരാതി പരിശോധിച്ചശേഷം ചാനലുകളുടെ വിശദീകരണം രേഖാ മൂലം തന്നെ പരിഗണിക്കും. ഇതിന് ശേഷമാകും സെൻസർ ബോർഡ് തുടർ നടപടി സ്വീകരിക്കുക. കേരളത്തിന് മാത്രമായി ഇക്കാര്യത്തിൽ ഒരു ഇടപെടൽ പ്രയാസകരമാണ് അതിനാൽ ഹൈക്കോടി നിർദ്ദേശത്തിന്റെ ചുവടു പിടിച്ച് കൈകൊണ്ട നടപടികൾ സഹിതം കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് സെന്ററൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷന്റെ റീജണൽ ഓഫീസിൽ നിന്നും റിപ്പോർട്ട് അയക്കും. പ്രമുഖരായ പല വ്യക്തിത്വങ്ങളെയും അപഹസിക്കുന്ന പലപരിപാടികളും ചില ചാനലുകൾ സംപ്രേഷണം ചെയ്യുന്നതായി നേരത്തെയും സെൻസർ ബോർഡിന് പരാതി ലഭിച്ചിട്ടുണ്ട്..
പ്രധാനമന്ത്രി., മുഖ്യമന്ത്രി, എന്നിവരടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ അപകീർത്തിപ്പെടുത്തുന്നത് ഇനിയും വെച്ചു പൊറുപ്പിക്കാനാവില്ലന്നാണ് സെൻസർ ബോർഡിന്റെ നിലപാട്.മലയാളത്തിൽ ചില ചാനലുകൾ ഇപ്പോഴും ഈ അപമാനിക്കൽ തുടരുന്നുവെന്നാണ് സെൻസർ ബോർഡ് വിലയിരുത്തുന്നത്. ചില ഉത്തരേന്ത്യൻ ചാനലുകളും ആക്ഷേപ ഹാസ്യമെന്ന രീതിയിൽ വിശിഷ്ട വ്യക്തിത്വങ്ങളെ അപമാനിക്കുന്നതായി സെൻസർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അഭിപ്രായം ഉണ്ട്. അതു കൊണ്ട് തന്നെ ഇത്തരം പരിപാടികൾക്ക് സെൻസർഷിപ്പിന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ആലോചനയുണ്ടെന്നാണ് വിവരം. സന്തോഷ് പണ്ഡിറ്റിന്റെ കേസിൽ ഹൈക്കോടതി നല്കിയ നിർദ്ദേശത്തിന്റെ ചുവടു പിടിച്ചാവും നടപടികൾ എന്നാണ് സൂചന.
സന്തോഷ് പണ്ഡിറ്റിന്റെ പരാതിയുടെ ഉള്ളടക്കം.
കഴിഞ്ഞ കുറെ കാലമായി ചില ചാനലുകൾ എന്നെ അപകീർത്തിപ്പെടുത്തുകയും ഞാൻ പറഞ്ഞ കാര്യങ്ങൾ, എന്റെ പേരും ചിത്രവും പാട്ട് രംഗങ്ങളും ഉപയോഗിച്ച് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുകയും അതിൽക്കൂടി പരസ്യ ലാഭവും മറ്റു സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കുന്നത് ഒരു പതിവായി തീർന്നിരിക്കുകയുമാണ്.എന്നെ പോലെ സമൂഹത്തിലെ പല പ്രമുഖ വ്യക്തികളെയും മിമിക്രി എന്ന കലാപരിപാടികളിൽ കൂടി ചിലർ രൂപ കല്പന നടത്തി എതിർ കക്ഷികൾക്ക് നല്കുകയും അവർ ഇത് പ്രതിഫലം വാങ്ങി കോടിക്കണക്കിന് വരുന്ന പൊതുജന സമക്ഷം പ്രദർശിപ്പിക്കുകയുമാണ് ചെയ്യുന്നത്.
30/8/2018 ൽ മഴവിൽ മനോരമയിൽ മിമിക്രി മഹാമേള എന്ന പേരിൽ ഉണ്ടായിരുന്ന പരിപാടിയുടെ ആറാം അദ്ധ്യായത്തിൽ എന്റെ വ്യക്തിപരമാകുന്ന ചില അഭിപ്രായങ്ങളെ ഉൾപ്പെടുത്തുകയും ചില പ്രമുഖ വ്യക്തികളെ എന്റെ രൂപ സാദൃശ്യമുള്ള ഒരാളെ മേക്കപ്പിൽ കൂടി രൂപ മാറ്റം വരുത്തി ഇയാളിൽക്കൂടി സുരാജ് വെഞ്ഞാറ മൂട് എന്ന സിനിമ നടൻ ഉൾപ്പെടെയുള്ളവർ ചേർന്നിരുന്ന് ചില സിനിമകളെയും പ്രമുഖ വ്യക്തികളെയും ആറ്റുകാൽ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധാനാലയങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിൽ പറയിപ്പിക്കുകയും എന്റെ അഭിപ്രായം എന്ന നിലയിൽ എന്റെ വ്യാജനെ ഉപയോഗപ്പെടുത്തി ടി പരിപാടിയുടെ മികവ് പറയിപ്പിക്കുകയും ചെയ്തിരുന്നതും ഇതിനൊന്നും എന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നതുമില്ല.
ഇതിന്റെയൊക്കെ ലക്ഷ്യം എന്റെ സിനിമ മേഖലയെ തടയുകയും കൂടാതെ മുഖ്യധാര ചിത്രങ്ങളിലേക്കുള്ള എന്റെ വരവിനെ തടസപ്പെടുത്തുന്നതിനും വേണ്ടി ചെയ്തിട്ടുള്ള ബോധപൂർവ്വമായ കാര്യമാകുന്നു. മുമ്പും പല ചാനലുകളും ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്ത് എന്നെ ദ്രോഹിച്ചിട്ടുണ്ട്. മഴവില്ല് മനോരമയുടെ പ്രക്ഷേപണം കാരണം മാനസിക ബുദ്ധിമുട്ടും ഉറക്ക നഷ്ടവും മറ്റു ക്ലേശങ്ങളും ഉണ്ടായി.കൂടാതെ പ്രളയ ബാധിത പ്രദേശമായ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രളയകെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികളുമായി ബന്ധപ്പെട്ട് സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഈ ചാനൽ മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ എന്നെ അപഹസിച്ചത്.
തുടർന്ന് മാനസിക ബുദ്ധിമുട്ട് ഉണ്ടായ കാരണത്താൽ താൽക്കാലികമായി എന്റെ ദുരിതാശ്വാസ പരിപാടികൾ നിർത്തി വെയ്ക്കേണ്ടി വന്നു.ഇങ്ങനെയുള്ള പരിപാടികൾ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നതിനാൽ എന്റെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ്, വീഡിയോ റൈറ്റ്, എന്നിവയുടെ കൈമാറ്റത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.ഇത് എനിക്ക വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഇത്തരം അനുകരണ കലകളിലൂടെ ഞാൻ ഉൾപ്പെടുന്ന വ്യക്തികളെ തേജോ വധം ചെയ്യുന്നതിനാലും മറ്റു സാമ്പത്തിക നഷ്ടങ്ങൾക്ക് ഇടവരുത്തുന്നതിനാലും ഇത്തരം പരിപാടികൾ നിർമ്മിക്കുന്ന ആൾക്കാർ മുൻ കൂട്ടി ഒരു പകർപ്പ് സെൻസർ ബോർഡിന് മുമ്പാകെ ഹാജരാക്കി പരിശോധന നടത്തിക്കേണ്ടതും വ്യക്തി ഹത്യ പ്രകടമാകുന്ന പക്ഷം അത്തരം ഭാഗങ്ങൾ നീക്കം ചെയ്തശേഷമേ ചാനലുകൾക്ക് നല്കാവുവെന്നും ഇതിന് ചാനലുകൾക്ക് നിർദ്ദേശം നല്കണമെന്നും അപേക്ഷിക്കുന്നു.....ഈ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതും സെൻസ്ബോർഡ് നടപടി തുടങ്ങിയതും.