പുതിയ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം അനുവദിക്കുന്ന എക്സിറ്റ് പെർമിറ്റ് രീതികളിൽ അടിമുടി മാറ്റം. വിദേശികൾ രാജ്യത്തു നിന്ന് പുറത്തു പോകുമ്പോൾ എക്സിറ്റ് പെർമിറ്റുകൾ 

അനുവദിക്കുന്നത് തികച്ചും സൗജന്യമാക്കുന്നതാണ് പ്രധാന മാറ്റം. കൂടാതെ നേരത്തേയു ണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമായി പെർമിറ്റിന്റെ കാലാവധി 10, 20, 30 ദിവസത്തേക്കും ഒരു വർഷത്തേക്കും ഇഷ്ടാനുസരണം എടുക്കാം. എല്ലാ പെർമിറ്റുകളും കാലാവധിക്കുള്ളിൽ പല തവണ (മൾട്ടി) ഉപയോഗിക്കാൻ സാധിക്കും.

ഒരു വർഷത്തെ എക്സിറ്റ് പെർമിറ്റിനുൾപ്പെടെ അധികൃതർ പ്രത്യേക നിരക്കുകൾ ഈടാക്കുന്നില്ല. എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ തന്നെ ആവശ്യമായ കാലാവധി ആവശ്യപ്പെടും. ഇതനുസരിച്ചാണ് മൾട്ടി എക്സിറ്റ് പെർമിറ്റ് അനുവദിക്കുക.നേരത്തേ ഏഴു ദിവസം മാത്രം കാലാവധിയുള്ള ഒറ്റത്തവണ മാത്രം (സിംഗിൾ എക്സിറ്റ്) ഉപയോഗിക്കാവുന്നതും ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടി എക്സിറ്റ് പെർമിറ്റുമാണ് അനുവദിച്ചിരുന്നത്. സിംഗിൾ എക്സിറ്റിന് പത്തു റിയാലും മൾട്ടി എക്സിറ്റിന് 500 റിയാലുമായിരുന്നു നിരക്ക്.