ന്യൂഡൽഹി: മഹാരാഷ്ട്രാ-ഹരിയാനാ നിയമസഭാ തെരഞ്ഞെുടുപ്പുകളിൽ ബിജെപി മുൻതൂക്കം നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ തൂക്ക് മന്ത്രിസഭയാണ് പ്രവചിക്കുന്നത്. ഹരിയാനയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന് രണ്ട് സർവ്വെ ഫലങ്ങൾ പറയുന്നു. ബാക്കി സർവ്വേകൾ ഹരിയാനയിലും ആർക്കും ഭൂരിപക്ഷം നൽകുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേനാ സഖ്യത്തിനും ഹരിയാനയിൽ ബിജെപിക്കുമായിരുന്നു മുൻതൂക്കം. മഹായുതി സഖ്യം പൊളിഞ്ഞതാണ് മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് കാരണമെന്ന് വേണം വിലയിരുത്താൻ. ബിജെപിയും ശിവസേനയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുമെന്ന പ്രവചനം ഇതാണ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾ മഹാരാഷ്ട്രയിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം നൽകി. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ വിഭജിച്ചതിനാൽ കേവല ഭൂരിപക്ഷം മിക്കവാറും സർവ്വേകൾ ബിജെപിക്ക് നൽകുന്നില്ല.

ഹരിയാനയിൽ ഒറ്റയ്ക്ക് ഭരണത്തിലേറാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടി മുൻതൂക്കം ആവർത്തിക്കുമെന്നും കരുതി. എന്നാൽ കോൺഗ്രസിനെതിരായ ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ ഐഎൻഎൽഡിക്കുമാകുന്നുവെന്നാണ് എക്‌സിറ്റ്‌പോൾ ഫലം. അതുകൊണ്ട് തന്നെ അവിടേയും ആർക്കും ഒറ്റയ്ക്ക് ഭരണത്തിലെത്താനാകുമെന്ന് ഭൂരിപക്ഷം സർവ്വേകളും കരുതുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തെ മോദി തരംഗം ഇത്തവണ ഹരിയാനയിൽ കാണുന്നില്ലെന്നാണ് എക്‌സിറ്റ് പോൾ വിലയിരുത്തൽ.

മഹാരാഷ്ട്രയിൽ ബിജെപിക്കു 127 സീറ്റ് ലഭിക്കുമെന്ന് എബിപി  നീൽസൺ സർവെയിൽ പറയുന്നു. ഇവിടെ ശിവസേനയ്ക്ക് 77 സീറ്റ് ലഭിക്കും. കോൺഗ്രസിനു 40 സീറ്റുമായി മൂന്നാം സ്ഥാനത്താകും. എൻസിപിക്കു 34ഉം എംഎൻഎസിന് അഞ്ചും മറ്റുള്ളവർക്ക് അഞ്ചും സീറ്റുകൾ ലഭിക്കും. ഹരിയാനയിലും ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് എബിപി  നീൽസൺ സർവെയിൽ പറയുന്നു. 46 സീറ്റ് ഇവിടെ ബിജെപിക്കു ലഭിക്കും. കോൺഗ്രസിനു പത്തും ഐൻഎൽഡിക്ക് 29ഉം മറ്റുള്ളവർക്ക് അഞ്ചും സീറ്റുകൾ ലഭിക്കും.

ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് ടൈംസ് നൗ  സീ വോട്ടർ സർവെ ഫലം പറയുന്നു. കോൺഗ്രസ് ഇരു സംസ്ഥാനങ്ങളിലും മൂന്നാം സ്ഥാനത്താകും. മഹാരാഷ്ട്രയിൽ ബിജെപിക്കു 129 സീറ്റ് ലഭിക്കും. ആകെ 228 സീറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ ശിവസേനയ്ക്ക് 56ഉം കോൺഗ്രസ്  43, എൻസിപി  36, എംഎൻഎസ്  12 വീതം സീറ്റുകളും ലഭിക്കും.

ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ ബിജെപിക്കു 37 എണ്ണം ലഭിക്കും. ഐഎൻഎൽഡിക്ക് 28ഉം കോൺഗ്രസിന് 15ഉം ഹരിയാന ജനഹിത് കോൺഗ്രസിന് ആറും സീറ്റ് ലഭിക്കുമെന്ന് ടൈംസ് നൗ പറയുന്നു. ഹരിയാനയിൽ ബിജെപിക്കു കേവല ഭൂരിപക്ഷമെന്നു ടുഡെയ്‌സ് ചാണക്യ സർവെ ഫലം കാണിക്കുന്നു. 52 സീറ്റാകും ഇവിടെ ബിജെപിക്കെന്നാണു സർവെ ഫലം. ഐഎൻഎൽഡിക്ക് 23ഉം കോൺഗ്രസിന് പത്തും മറ്റുള്ളവർക്ക് മൂന്നും സീറ്റുകൾ ലഭിക്കും. 

മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്നായിരുന്നു വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 60 ശതമാനം പേരും ഹരിയാനയിൽ 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. പൊതുവേ സമാധാനപരമായിരുന്നു മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്. എന്നാൽ ഹരിയാനയിൽ വോട്ടെടുപ്പ് ചൂട് ആക്രമങ്ങളും ഉണ്ടാക്കി. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.

മഹാരാഷ്ട്രയിൽ വിദർഭ, മറാത്ത്‌വാഡ, ഉത്തര മഹാരാഷ്ട്ര തുടങ്ങിയ മേഖലകളിൽ രാവിലെ മുതൽ തന്നെ മികച്ച പോളിങ്ങായിരുന്നു. എന്നാൽ മുംബൈ, പുണെ തുടങ്ങിയ നഗരപ്രദേശങ്ങളിൽ ഉച്ച കഴിഞ്ഞതോടെയാണ് പോളിങ് വേഗത്തിലായത്. ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് പോളിങ് വൈകിയതൊഴിച്ചാൽ സംസ്ഥാനത്ത് വോട്ടെടുപ്പ് സുഗമമായിരുന്നു.

ഹരിയാനയിലെ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഉണ്ടായി. സിർസയിൽ ബിജെപി, ഐഎൻഎൽഡി പ്രവർത്തകർ ഏറ്റുമുട്ടി. വെടിവയ്പിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഹിസാറിൽ ഹരിയാന ലോക്ഹിത് പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗോപാൽ കന്ദയുടെ വാഹനം അക്രമികൾ തകർത്തു.