ന്യൂഡൽഹി: മോദിയോ അതോ കെജ്രിവാളോ? ഡൽഹിയിലെ ജനങ്ങൾ അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എഴുപത് ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. പുറത്തുവരുന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആംആദ്മി പാർട്ടിക്ക് നേരിയ ഭൂരിപക്ഷം നൽകുന്നുണ്ട്. എന്നാൽ ശക്തമായ വെല്ലുവിളിയുമായി ബിജെപിയും രംഗത്തുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി എല്ലാ സീറ്റിലും ജയിച്ചിരുന്നു. അതിൽ നിന്ന് ജനപിന്തുണയിൽ വലിയ കുറവ് മോദിക്കും ബിജെപിക്കുമുണ്ടായെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങളിലുള്ളത്. കിരൺ ബേദിയുടെ സ്ഥാനാർത്ഥിത്വവും ഫലം കണ്ടില്ല.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ നിശ്ചയിച്ചെങ്കിലും ഇവിടെ മോദിയുടെ ജനസ്വീകാര്യയതും ആം ആദ്മിയുടെ രാഷ്ട്രീയവും തമ്മിലാണ് പോരാട്ടം. കോൺഗ്രസ് ഏറെ പിന്നിൽ പോയത് ആംആദ്മിക്ക് തുണയാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും ആംആദ്മിക്കും അരവിന്ദ് കെജ്രിവാളിനും മുൻതൂക്കം നൽകുന്നുണ്ട്. മോദി മാജിക്ക് ഡൽഹി തെരഞ്ഞെടുപ്പിൽ ഒരിടത്തും ഫലം കണ്ടില്ല. ഇതിനൊപ്പം സാധാരണക്കാരിലും ചേരി നിവാസികളിലും കെജ്രിവാളിന് പ്രതീക്ഷയാകാനും കഴിഞ്ഞവെന്നാണ് വിലയിരുത്തലുകൾ. കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റ് മാത്രമേ മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും നൽകുന്നുള്ളൂ. 

സർവേ ഫലങ്ങൾ ചുവടെ
ടൈംസ് നൗസീവോട്ടർ: എ.എ.പി: 31 -39, ബിജെപി: 27-35, കോൺഗ്രസ്: 2-4
എ.ബി.പിനീൽസൺ: എ.എ.പി: 39, ബിജെപി: 28, കോൺഗ്രസ്: 3
ഇന്ത്യാ ടുഡെസിസറോ: എ.എ.പി: 35-43, ബിജെപി: 23 -29, കോൺഗ്രസ്: 3-5
ന്യൂസ് നേഷൻ: എ.എ.പി: 39- 43, ബിജെപി: 25 -29, കോൺഗ്രസ്: 1-3 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ചു മണിവരെ 63 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. എന്നാൽ ന്യൂനപക്ഷങ്ങൾ സ്വാധീനമുള്ള മേഖലകളിൽ വോട്ടിങ് ശതമാനം കുറഞ്ഞു. രാവിലെ മന്ദഗതിയിലാണ് വോട്ടെടുപ്പ് ആരംഭിച്ചതെങ്കിലും 11 മണിയോടെ ബൂത്തുകൾ സജീവമായി. ഒരു മണിക്ക് മുമ്പ് തന്നെ 36 ശതമാനം പേർ വോട്ടുചെയ്തു. മൂന്ന് മണിയോടെ പോളിങ് ശതമാനം 51ന് മുകളിലേക്ക് ഉയർന്നു. വടക്കു കിഴക്കൻ ഡൽഹിയിലും കിഴക്കൻ ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.

കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന സെൻട്രൽ ഡൽഹിയിൽ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. ന്യൂനപക്ഷ സ്വാധീനമുള്ള ചില മണ്ഡലങ്ങളിലും പോളിങ് ശതമാനം താരതമ്യേന കുറവായിരുന്നു. കഴിഞ്ഞ വർഷം വർഗീയ സംഘർമുണ്ടായ തൃലോക്പുരിയിൽ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തി. ഉത്തർപ്രദേശിനോട് അതിർത്തി പങ്കിടുന്ന ഡൽഹിയിലെ മണ്ഡലങ്ങളിലും കൂടുതൽ പേർ വോട്ടുചെയ്തു. വോട്ടെടുപ്പ് പൂർത്തിയായതോടെ വോട്ടിങ് യന്ത്രങ്ങൾ 70 മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. പത്താം തിയതിയാണ് വോട്ടെണ്ണൽ.

പോളിങ് ശതമാനം ഉയർന്നത് അനുകൂലമാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ അവകാശപ്പെട്ടു. അതേസമയം മാറ്റത്തിന്റെ സൂചനയാണ് ഇതെന്ന് ആം ആദ്മി പ്രതികരിച്ചു. അമ്പത് മണ്ഡലങ്ങളിലെങ്കിലും ശക്തമായ മത്സരം കാഴ്ചവച്ചുവെന്ന് കോൺഗ്രസും അവകാശപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണവും മദ്യവും നൽകിയെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ ആരോപിച്ചു. വോട്ടെടുപ്പിനിടെ പദയാത്ര നടത്തി കിരൺ ബേദി പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയും ഉയർന്നു.

അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ ചേരികൾ ബോംബ് വച്ച് തകർക്കുമെന്ന് പറഞ്ഞ് ആം ആദ്മി പാർട്ടി ജനങ്ങളെ ഭയപ്പെടുത്തിയെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ഭേദി കുറ്റപ്പെടുത്തി. ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് വോട്ടെടുപ്പ് അൽപ നേരം വൈകിച്ചു. ആം ആദ്മി പാർട്ടി പ്രവർത്തകർ അപമാനിച്ചെന്ന ആരോപണവുമായി ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നൂപുർ ശർമ്മ രംഗത്തെത്തി. ഇന്ത്യാഗേറ്റിൽ വച്ച് തന്നെ അപമാനിച്ചുവെന്നാണ് നൂപുർ ശർമ്മയുടെ പരാതി.

ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്കും 673 സ്ഥാനാർത്ഥികൾ മത്സരത്തിനുള്ളത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കിരൺ ബേദി കൃഷ്ണനഗർ മണ്ഡലത്തിലും ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. സദർ ബസാർ മണ്ഡലത്തിലാണ് കോൺഗ്രസിന്റെ പോരാളിയായ അജയ് മാക്കൻ മത്സരിക്കുന്നത്. ഡൽഹി പിടിക്കാൻ മോദി പ്രഭാവം കൊണ്ട് സാധിച്ചേക്കില്ലെന്ന തിരിച്ചറിവിലാണ് കിരൺ ബേദിയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഗോഥയിൽ കെജ്രിവാളിന്റെ തന്ത്രങ്ങളോട് പടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ലെന്ന വിലയിരുത്തലുകളാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്.

അഭിപ്രായ വോട്ടെടുപ്പുകൾ ബിജെപിക്ക് തിരിച്ചടിയായതിനെത്തുടർന്ന് ഡൽഹി തിരഞ്ഞെടുപ്പ് കേന്ദ്ര സർക്കാരിന്റെ ഭരണവിലയിരുത്തലായിരിക്കുമെന്ന വാദം പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, അരുൺ ജെയ്റ്റ്‌ലി എന്നിവർ തള്ളിക്കളഞ്ഞിട്ടുണ്ട്. 16 വർഷമായി ഡൽഹിയിൽ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി സകല ശക്തിയുമെടുത്താണ് പ്രചാരണത്തിനിറങ്ങിയത്. അതുകൊണ്ടാണ് കേജ്‌രിവാളിനെ നേരിടാൻ ബിജെപി അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തക കിരൺ ബേദിയെത്തന്നെ രംഗത്തിറിക്കിയത്. പക്ഷേ ഇത് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസത്തിനിടയാക്കിയിട്ടുണ്ട്. ആർഎസ്എസും പാർട്ടിക്കെതിരെ തിരിഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയശേഷം അധികാരം വിട്ടൊഴിഞ്ഞതിന്റെ പേരുദോഷം കേൾക്കുന്ന കേജ്‌രിവാളിനും ഇത് ജീവൻ മരണ പോരാട്ടമാണ്. മമതയുടെ തൃണമൂൽ കോൺഗ്രസ്, സിപിഐ(എം), ഐക്യ ജനതാദൾ ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണ ആം ആദ്മിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. 15 വർഷം ഡൽഹി ഭരിച്ചശേഷം തകർന്ന് തരിപ്പണമായി ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസും നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. അധികാരം കിട്ടുമെന്ന പ്രതീക്ഷ കോൺഗ്രസിന് ഇപ്പോഴില്ല. രാഹുൽ ഗാന്ധിയെ മുൻനിറുത്തി ശക്തമായ പ്രചാരണമാണ് കോൺഗ്രസും അഴിച്ചുവിട്ടത്.